ദുബായിൽ പുതിയ 4 ബസ് റൂട്ട്

ദുബായ് : വെള്ളിയാഴ്‌ച മുതൽ നാല് പുതിയ പൊതുബസ് റൂട്ട് ആരംഭിക്കുമെന്നും നിരവധി ബസ്, മെട്രോ ലിങ്ക് സർവീസുകളിൽ മാറ്റംവരുത്തുമെന്നും ദുബായ് ആർടിഎ. പൊതുഗതാഗത ശൃംഖല കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. താമസ, വാണിജ്യ, സേവന കേന്ദ്രങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും യാത്രാസമയം കുറയ-്‌ക്കാനും ലക്ഷ്യമിട്ടാണ് ക്രമീകരണങ്ങളെന്നും അധികൃതർ വ്യക്തമാക്കി. പുതിയ ക്രമീകരണങ്ങൾ പ്രാബല്യത്തിൽ വരുന്നതിനാൽ യാത്രയ-്‌ക്കുമുമ്പ് പുതുക്കിയ റൂട്ടുകൾ പരിശോധിക്കണമെന്ന് ആർടിഎ യാത്രക്കാരോട് അറിയിച്ചു.
35, 85, 37 എ, 37 ബി എന്നിവയാണ് പുതിയ റൂട്ടുകൾ. ഇന്റർനാഷണൽ സിറ്റിയെയും ദുബായ് സിലിക്കൺ ഒയാസിസിനെയും ബന്ധിപ്പിച്ചാണ് റൂട്ട് 35. തിരക്കേറിയ സമയങ്ങളിൽ 30 മിനിറ്റ് ഇടവേളയിൽ സർവീസ് നടത്തും. റൂട്ട് 85 അൽ ഖൂസുമുതൽ ദുബായ് ഇന്റർനെറ്റ് സിറ്റി മെട്രോ സ്റ്റേഷൻവരെയാണ്. തിരക്കേറിയ സമയം 20 മിനിറ്റ് ഇടവേളയിൽ സർവീസ്. റൂട്ട് 37എ ഇന്റർനാഷണൽ സിറ്റിയിൽനിന്ന് ദുബായ് സിലിക്കൺ ഒയാസിസിലേക്കാണ്. സിലിക്കൺ ഒയാസിസിൽനിന്ന് ഇന്റർനാഷണൽ സിറ്റിയിലേക്കാണ് 37 ബി.
റൂട്ട് 27 ഇനി അൽ സുകൂക്ക് സ്ട്രീറ്റിന് പകരം അൽ മുസ്തഖ്ബൽ സ്ട്രീറ്റ് വഴിയായിരിക്കും സർവീസ് നടത്തുക. മാറ്റം ബാധിക്കുന്നവർക്ക് റൂട്ട് 29 ഉപയോഗിക്കാം. 36എ, 36 ബി എന്നിവ ഇന്റർനാഷണൽ സിറ്റി–ദുബായ് സിലിക്കൺ ഒയാസിസ് ഭാഗത്തെ സർവീസ് അവസാനിപ്പിക്കും. അക്കാദമിക് സിറ്റിയിലേക്കും ദുബായ് സിലിക്കൺ ഒയാസിസിലേക്കും പോകുന്നവർക്ക് പുതിയ 37 എ, 37 ബി റൂട്ടുകൾ ഉപയോഗിക്കാം. മെട്രോയുമായുള്ള ഏകോപനം ശക്തമാക്കുന്നതിന്റെ ഭാഗമായി റൂട്ട് 67 ഇനി അൽ ഗുബൈബ ബസ് സ്റ്റേഷനുപകരം ഔദ് മേഥ ബസ് സ്റ്റേഷനുമായി ബന്ധിപ്പിക്കും. ബർ ദുബായിലേക്കുള്ള യാത്രക്കാർക്ക് ഗ്രീൻ ലൈൻ മെട്രോ ഉപയോഗിക്കാം.
റൂട്ട് 84 മാൾ ഓഫ് ദ എമിറേറ്റ്സിന് പകരം ഇൻഷുറൻസ് മാർക്കറ്റ് ബസ് സ്റ്റോപ്പിൽ അവസാനിക്കും. ദുബായ് മറീന–അൽ ഖൂസ് യാത്രക്കാർക്ക് പുതിയ റൂട്ട് 85 ഉപയോഗിക്കാം. റൂട്ട് 88 ഉം അൽ ഷെയ്ഫ് സ്ട്രീറ്റിന് പകരം ഓൺപാസീവ് മെട്രോ ബസ് സ്റ്റോപ്പിൽ അവസാനിക്കും. ദുബായ് ഇന്റർനെറ്റ് സിറ്റിയിലേക്കുള്ളവർക്ക് റൂട്ട് 8 ഉപയോഗിക്കാം. റൂട്ട് 96, എക്സ് 94 എന്നിവ അൽ ഖൂസിലേക്കുള്ള യാത്രയിൽ എക-്‌സ്‌പോ റോഡിന് പകരം അൽ യലായിസ് സ്ട്രീറ്റ്–ജബൽ അലി വഴിയാകും സർവീസ് നടത്തുക.
മെട്രോ ലിങ്ക് സർവീസിലും മാറ്റം
റൂട്ട് എഫ് 6 നാദ് ഷമ്മയിലേക്ക് നീട്ടും. റൂട്ട് എഫ് 29 ഇനി ഉം സുഖൈം മൂന്നിനുപകരം ഉം അൽ ഷെയ്ഫിലേക്ക് സർവീസ് നടത്തും. റൂട്ട് എഫ് 36 അൽ ബർഷ സൗത്ത് രണ്ടുവരെ നീട്ടും. റൂട്ട് എഫ് 47 ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയയിലെ ജീവനക്കാരുടെ താമസകേന്ദ്രങ്ങളിലേക്കും വ്യാപിപ്പിച്ചു.
റൂട്ട് എഫ് 49 ഡാന്യൂബ് മെട്രോ സ്റ്റേഷനിൽനിന്ന് പോകുന്ന സർവീസിൽ പാർക്കോ ഹൈപ്പർമാർക്കറ്റ് മേഖലയിലേക്കുള്ള സ്റ്റോപ്പ് ഒഴിവാക്കും. പകരം 56, 95 എ, എഫ് 47, എഫ് 53 എന്നീ സർവീസുകൾ ഉപയോഗിക്കാം. വൈകിട്ടുള്ള തിരക്കേറിയ സമയങ്ങളിൽ റൂട്ട് സി ഒന്നിലും റൂട്ട് എക്സ് 22-ലും യാത്രാസമയം റൂട്ടുമാറ്റം നടപ്പാക്കും.










0 comments