ശിക്ഷാകാലാവധി അവസാനിച്ചു; റഹീം ഉടൻ ജയിൽമോചിതനാകും

ഫറോക്ക്: സൗദി പൗരന്റെ മകൻ കൊല്ലപ്പെട്ട കേസിൽ റിയാദ് ജയിലിൽ തടവിലായിരുന്ന രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ ശിക്ഷാ കാലാവധി അവസാനിച്ചു. വധശിക്ഷ റദ്ദാക്കപ്പെട്ടശേഷം വിധിച്ച 20 വർഷത്തെ തടവ് അവസാനിച്ചതിനൊപ്പം റഹീം ജയിൽമോചിതനാകുമെന്ന് കരുതിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ ബുധനാഴ്ച ജയിൽ മോചന ഉത്തരവിൽ ഒപ്പ് വയ്ക്കാനായില്ല.
ജയിൽമോചന ഉത്തരവ് വന്നയുടൻ താൽകാലിക എക്സിറ്റ് വിസ നേടി റഹീമിനെ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. വ്യാഴാഴ്‌ച മോചന ഉത്തരവും മടക്കവും പ്രതീക്ഷിക്കുന്നുണ്ട്. വ്യാഴാഴ്‌ചയും നടപടിക്രമങ്ങൾ പൂർത്തിയാക്കാനായില്ലെങ്കിൽ, സൗദിയിലെ ബലി പെരുന്നാൾ അവധി കഴിഞ്ഞേ ജയിൽമോചനവും തുടർ നടപടികളുമുണ്ടാകൂ.
2006 നവംബറിൽ 28നാണ് റഹീം റിയാദിലെത്തിയത്. ഒരുമാസം പിന്നിടുംമുന്പ് ഡിസംബർ 24നാണ് കേസിലകപ്പെട്ട് ജയിലിലായത്. 2012ൽ വധശിക്ഷ വിധിച്ചു. ക്രൗഡ് ഫണ്ടിങ്ങിലൂടെ 38 കോടി രൂപ ശേഖരിക്കുകയും കൊല്ലപ്പെട്ട കുട്ടിയുടെ പിതാവായ സൗദി പൗരന് 34 കോടി രൂപ ദിയാധനം (മോചനദ്രവ്യം) നൽകിയതിനാലും 2024 ജൂലൈ രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കി. 2025 മെയ് 26ന് 20 വർഷം തടവുശിക്ഷയും വിധിച്ചു.











0 comments