ad
Deshabhimani

കുവൈത്തിൽ 18.3 ലക്ഷം പ്രവാസി തൊഴിലാളികൾ; മുമ്പിൽ ഇന്ത്യക്കാർ

kuwait flag
avatar
കെ ശ്രീജിത്ത്‌

Published on Jun 28, 2026, 01:54 PM | 1 min read

കുവൈത്ത് സിറ്റി : കഴിഞ്ഞ വർഷം അവസാനത്തോടെ കുവൈത്തിലെ ആകെ പ്രവാസി തൊഴിലാളികളുടെ എണ്ണം 18.3 ലക്ഷമായി വർധിച്ചതായി റിപ്പോർട്ട്‌. രാജ്യത്തെ ഏറ്റവും വലിയ പ്രവാസി തൊഴിലാളി സമൂഹം ഇന്ത്യക്കാരാണെന്നും റിപ്പോർട്ടിലുണ്ട്‌. ഗാർഹിക തൊഴിലാളികളെ ഒഴിവാക്കിയുള്ള കണക്കുകൾപ്രകാരം രാജ്യത്ത് വിവിധ മേഖലകളിലായി 5,78,900 ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. ഇത് ആകെ പ്രവാസി തൊഴിലാളികളുടെ 25.5 ശതമാനമാണെന്നും തൊഴിൽ വിപണി വിവര സംവിധാനത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


ഡിസംബർ അവസാനത്തോടെ കുവൈത്തിലെ ആകെ തൊഴിൽശക്തി 30.4 ലക്ഷത്തിലെത്തി. 2024-ലെ 29.5 ലക്ഷവുമായി താരതമ്യം ചെയ്യുമ്പോൾ 3.3 ശതമാനത്തിന്റെ വാർഷിക വളർച്ച രേഖപ്പെടുത്തി. തൊഴിലാളികളുടെ എണ്ണത്തിൽ 4,67,900 പേരുള്ള ഈജിപ്താണ് രണ്ടാംസ്ഥാനത്ത്. തൊഴിൽ ശക്തിയിൽ, 4,41,200 പേരുള്ള സ്വദേശികൾ മൂന്നാംസ്ഥാനത്താണെന്നും റിപ്പോർട്ടിലുണ്ട്‌. ബംഗ്ലാദേശ്, നേപ്പാൾ, സിറിയ, പാകിസ്ഥാൻ, ഫിലിപ്പീൻസ്‌, ശ്രീലങ്ക, ജോർദാൻ എന്നിവയാണ് മറ്റ് പ്രധാന രാജ്യങ്ങൾ.


ആകെ പ്രവാസി തൊഴിലാളികളുടെ എണ്ണം വർധിച്ചെങ്കിലും സ്വകാര്യ മേഖലയിലെ വിഹിതം 2024-ലെ 66.7 ശതമാനത്തിൽനിന്ന് 65.9 ആയി കുറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദാതാവായി സ്വകാര്യ മേഖല തുടരുന്നു. ആകെ തൊഴിലവസരങ്ങളുടെ 58.8 ശതമാനവും മേഖലയിലാണ്. മൊത്ത, -ചില്ലറ വ്യാപാര മേഖലയിൽ 21.4 ശതമാനം പ്രവാസി തൊഴിലാളികളുണ്ട്‌. നിർമാണ മേഖല (14.3), താമസ–-ഭക്ഷണ സേവന മേഖല (12.7) എന്നിങ്ങനെ പ്രവാസികളാണ്. സർക്കാർ മേഖലയിലും പ്രവാസികളുടെ പങ്ക് ശ്രദ്ധേയമാണ്. ആരോഗ്യ മന്ത്രാലയത്തിൽ 46,700 പ്രവാസികളും വിദ്യാഭ്യാസ മന്ത്രാലയത്തിൽ 33,100 പ്രവാസികളും സേവനമനുഷ്ഠിക്കുന്നു.


രാജ്യത്തെ ഗാർഹിക തൊഴിലാളി മേഖലയിലും ഇന്ത്യക്കാർക്കാണ് ആധിപത്യം. 7,73,200 ഗാർഹിക തൊഴിലാളികളിൽ 3,10,600 പേരും ഇന്ത്യക്കാരാണ്. ഇത് ആകെ ഗാർഹിക തൊഴിലാളികളുടെ 40.2 ശതമാനമാണിത്‌. ശ്രീലങ്ക 1,37,500, ഫിലിപീൻസ് 1,34,100 എന്നിവരാണ്‌ തൊട്ടുപിറകിൽ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home