യൂറോപ്പിൽ അതിരൂക്ഷമായ ഉഷ്ണതരംഗം തുടരുന്നു; ഫ്രാൻസിൽ മരണസംഖ്യ ആയിരം കടന്നു

അതിരൂക്ഷമായ ഉഷ്ണതരംഗം തുടരുന്ന യൂറോപ്പിലെ ദൃശ്യങ്ങൾ |Photo:Reuters
പാരീസ് : യൂറോപ്പിൽ അതിരൂക്ഷമായ ഉഷ്ണതരംഗം തുടരുന്നതിനിടയിൽ, ഫ്രാൻസിൽ മാത്രം 1,000ത്തിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി പൊതുജനാരോഗ്യ ഏജൻസി അറിയിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് സാൻ്റെ പബ്ലിക് മുന്നറിയിപ്പ് നൽകി. റെസിഡൻഷ്യൽ കെയർ സെന്ററുകളിലും വീടുകളിലും നടന്ന മരണങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതോടെ മരണനിരക്ക് വർധിക്കുമെന്നാണ് കണക്കാക്കുന്നത്.
ജൂൺ 20ന് ആരംഭിച്ച ഈ ഉഷ്ണതരംഗം യൂറോപ്പിൽ രേഖപ്പെടുത്തിയതിൽ ഏറ്റവും രൂക്ഷമായ ഒന്നാണെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. കനത്ത ചൂട് മൂലം വൈദ്യുതി ഉൽപ്പാദനം തടസ്സപ്പെടുകയും അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ആഗോള ശരാശരിയേക്കാൾ വേഗത്തിൽ കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്ന യൂറോപ്പിൽ ഇത്തവണത്തെ ഉഷ്ണതരംഗം അതീവ ഗൗരവകരമാണ്.
ഫ്രാൻസിലെ ഭൂരിഭാഗം സ്ഥലങ്ങളിലും അതികഠിനമായ ചൂട് കുറഞ്ഞതായി കാലാവസ്ഥാ ഏജൻസി അറിയിച്ചെങ്കിലും, വടക്കുകിഴക്കൻ മേഖലകളിൽ ഇപ്പോഴും ഹീറ്റ് വേവ് അഡ്വൈസറി തുടരുകയാണ്. ഉഷ്ണതരംഗം ശമിച്ച് പത്ത് ദിവസങ്ങൾക്ക് ശേഷവും ഇതിന്റെ ആഘാതം തുടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. മരിച്ചവരിൽ ഭൂരിഭാഗവും 65 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. എങ്കിലും അതികഠിനമായ ചൂടിന്റെ ആരോഗ്യപ്രത്യാഘാതങ്ങൾ എല്ലാ പ്രായത്തിലുള്ളവരെയും ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.











0 comments