ad
Deshabhimani

ജനകീയ പ്രക്ഷോഭം, ഭരണവിരുദ്ധത; ഒടുവിൽ രാജി പ്രഖ്യാപിച്ച് സെർബിയൻ പ്രസിഡന്റ്

Aleksandar Vucic

സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വൂചിച് (REUTERS/Djordje Kojadinovic)

വെബ് ഡെസ്ക്

Published on Jun 28, 2026, 04:32 PM | 2 min read

ബെൽ​ഗ്രേഡ് : സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെത്തുടർന്ന് താൻ ആഴ്ചകൾക്കുള്ളിൽ രാജിവെക്കുമെന്ന് സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വൂചിച്. കാലാവധിക്കു മുൻപ് തന്നെ പ്രസിഡന്റ്, പാർലമെന്റ് തെരഞ്ഞെടുപ്പുകളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പന്ത്രണ്ട് വർഷമായി ഭരണാധികാരിയായി തുടരുകയാണ് വൂചിച്. കഴിഞ്ഞ 18 മാസമായി രാജ്യത്ത് വിദ്യാർഥികളുടെ നേതൃത്വത്തിൽ അഴിമതിവിരുദ്ധ പ്രക്ഷോഭം തുടരുകയാണ്. ഇതിനിടെയുള്ള ഈ രാജി പ്രഖ്യാപനം ഏറെ രാഷ്ട്രീയ പ്രധാന്യമുള്ളതാണ്.


"ഞാൻ ഏതാനും ആഴ്ചകൾ കൂടി മാത്രമേ പ്രസിഡന്റ് പദവിയിൽ തുടരുകയുള്ളൂ, അതിനുശേഷം രാജിവെക്കും." തലസ്ഥാന ന​ഗരമായ ബെൽഗ്രേഡിൽ നടന്ന ജനകീയറാലിക്കിടെയാണ് വൂചിചിന്റെ ഈ പ്രഖ്യാപനം. വൂചിചിന്റെ രണ്ടാമത്തെയും അവസാനത്തെയും ഔദ്യോഗിക കാലാവധി 2027 പകുതിയോടെ അവസാനിക്കേണ്ടതായിരുന്നു. സെർബിയൻ പ്രോഗ്രസീവ് പാർട്ടിക്ക് (എസ്എൻഎസ്) വരാനിരിക്കുന്ന പ്രസിഡന്റ് - പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ മികച്ച വിജയം ഉറപ്പാക്കാൻ സഹായിക്കുമെന്നും വൂചിച് കൂട്ടിച്ചേർത്തു.


2024 നവംബറിൽ സെർബിയയുടെ വടക്കൻ നഗരമായ നോവി സാഡിലെ ഒരു റെയിൽവേ സ്റ്റേഷനിൽ മേൽക്കൂര തകർന്ന് വീണ് 16 പേർ മരിച്ച ദാരുണമായ സംഭവമാണ് ജനകീയ പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത്. സർക്കാരിന്റെ അനാസ്ഥയുടെയും അഴിമതിയുടെയും തെളിവാണിതെന്ന് പ്രതിഷേധക്കാരും പ്രതിപക്ഷവും മനുഷ്യാവകാശ സംഘടനകളും ആരോപിച്ചു.


എന്നാൽ എപ്പോൾ രാജിവെക്കുമെന്നോ, അല്ലെങ്കിൽ മുൻകൂട്ടിയുള്ള പാർലമെന്റ് തിരഞ്ഞെടുപ്പിന് വഴിയൊരുക്കിക്കൊണ്ട് പാർലമെന്റ് എപ്പോൾ പിരിച്ചുവിടുമെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല.


വൂചിച് വീണ്ടും പ്രധാനമന്ത്രിയാകുമോ?


വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ 'യുണൈറ്റഡ് സെർബിയ' ‌എന്ന പേരിൽ വിജയം ഉറപ്പിക്കാനാണ് വൂചിച് ലക്ഷ്യമിടുന്നത്. തന്റെ പാർട്ടി പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ വൂചിചിന് പ്രധാനമന്ത്രി പദത്തിലേക്ക് തിരിച്ചെത്താൻ ഈ രാജി വഴിയൊരുക്കിയേക്കാം. അതിനാൽ സെർബിയൻ രാഷ്ട്രീയത്തിൽ നിന്ന് പൂർണമായി പിൻവാങ്ങാൻ സാധ്യതയില്ല. ഇനി അഥവാ ഔദ്യോഗിക പദവികൾ ഇല്ലെങ്കിലും സെർബിയയുടെ അധികാരം എപ്പോഴും കൈകളിൽ നിലനിർത്തുന്നതിന് വിശ്വസ്തനായ ഒരാളെ പിൻഗാമിയായി കൊണ്ടുവരാനും വൂചിച് ശ്രമിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.


എന്നിരുന്നാലും ഈ അപ്രതീക്ഷിത പ്രഖ്യാപനം സൂചിപ്പിക്കുന്നത് ഒന്നര വർഷമായി തുടരുന്ന പ്രക്ഷോഭങ്ങൾ രാഷ്ട്രീയ തലത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് തന്നെയാണ്. ജനകീയ പ്രക്ഷോഭങ്ങളും ജനപിന്തുണയുള്ള വിദ്യാർഥി പ്രസ്ഥാനങ്ങളും വൂചിചിനെ അത്രത്തോളം പ്രതിരോധത്തിലാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.


വൂചിചിന്റെ പ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് മുമ്പ് നോവി സാഡ് നഗരത്തിൽ ഒത്തുകൂടിയ വിദ്യാർഥികൾ ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ഉടനടി പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 2000ൽ മുൻ ഭരണാധികാരിയായിരുന്ന സ്ലൊബോദാൻ മിലോസെവിച്ചിന്റെ ഭരണകൂടത്തെ താഴെയിറക്കിയതിന് ശേഷം സെർബിയ കണ്ട ഏറ്റവും വലിയ ജനകീയ പ്രതിഷേധ പരമ്പരയാണ് വൂചിച് ഭരണകൂടത്തിനെതിരെ തുടരുന്നത്.


യൂറോപ്യൻ യൂണിയനിൽ അംഗത്വം നേടാൻ ശ്രമിക്കുന്ന രാജ്യമാണ് സെർബിയ. എങ്കിലും റഷ്യയും ചൈനയുമായി ശക്തമായ ബന്ധവും പുലർത്തുന്നുണ്ട്. ഭരണകാലത്തുടനീളം ഇരുവിഭാ​ഗങ്ങൾക്കുമിടയിൽ കൃത്യമായ പിന്തുണ നിലനിർത്താൻ വൂചിചിന് കഠിനമായി പരിശ്രമിക്കേണ്ടി വന്നിട്ടുണ്ട്. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാതെ സെർബിയയിൽ ഭരണത്തുടർച്ച സാധ്യമല്ലെന്ന് ചുരുക്കം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home