ad
Deshabhimani

സുധീരൻ്റെ 'ഈമാൻ' എങ്കിലും വേണ്ടേ?, പിഎം ശ്രീ, പിഎംഎവൈ ഭവന പദ്ധതി ലീ​ഗിന്റെ നിലപാടിനെതിരെ കെ ടി ജലീൽ

KT Jaleel
വെബ് ഡെസ്ക്

Published on Jun 28, 2026, 05:11 PM | 3 min read

തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻ്റെ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലെയും (പിഎംഎവൈ ഭവന പദ്ധതി) പി എം ശ്രീയിലെയും മുസ്ലീംലീ​ഗിന്റെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി ഡോ. കെ ടി ജലീൽ. ലീഗ് മന്ത്രിമാരായ കെ എം ഷാജിയും ഷംസുദ്ദീനും നടത്തിയ പ്രസ്താവനകൾ അഭിമാന ബോധമുള്ളവരെയും മതേതരവാദികളെയും വല്ലാതെ വേദനിപ്പിച്ചെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.


വീര്യം കുറഞ്ഞ മദ്യത്തിനും മോദിയുടെ ചിത്രം വീടിനു മുന്നിൽ തൂക്കുന്നതിനും പിഎം ശ്രീക്കും 'ഹലാൽ' സർട്ടിഫിക്കറ്റ് നൽകാനാണ് ലീഗിൻ്റെ പുറപ്പാടെങ്കിൽ ബഹുജനങ്ങളെ തെരുവിൽ അണിനിരത്തി പ്രതിപക്ഷം ആ സാക്ഷ്യപത്രങ്ങൾ കീറിയെറിയും. ഖാഇദെമില്ലത്തിൻ്റെ 'ഈമാൻ' (വിശ്വാസം) വേണമെന്ന് ലീഗ് നേതാക്കളോട് പറയുന്നത് അതിരുകടന്ന കയ്യാണെന്ന് അറിയാം. എന്നാൽ വി എം സുധീരൻ്റെ 'ഈമാനെങ്കിലും' സമുദായത്തിൻ്റെ അട്ടിപ്പേറവകാശം സ്വന്തം കീശയിലാണെന്ന് ഉറച്ചു കരുതുന്ന ലീഗു നേതാക്കളേ നിങ്ങൾക്കു വേണ്ടെ?


ഇ ഡി പേടിയാണ് ലീഗിനെ ഇത് പറയിപ്പിക്കുന്നതെങ്കിൽ 'ചന്ദ്രിക' പത്രത്തിൻ്റെ ബോർഡിനു മുകളിലും കള്ളപ്പണ ഇടപാടിൽ അന്വേഷണം നേരിടുന്ന ലീഗ് നേതാക്കളുടെ വീടിനു മുന്നിലും മോദിയുടെ ഫോട്ടോ പതിച്ച് സായൂജ്യമടഞ്ഞാൽ പോരെ? എന്തിന് പാവപ്പെട്ടവൻ്റെ മുഖത്ത് ചാണകം വാരി എറിയണമെന്നും അദ്ദേഹം കുറിച്ചു.


ഫെയ്സ്ബുക്ക് കുറിപ്പ്


കേന്ദ്ര സർക്കാരിൻ്റെ പിഎംഎവൈ ഭവന പദ്ധതിയിൽ മന്ത്രി ഷാജിയും പി എം ശ്രീയിൽ മന്ത്രി ഷംസുദ്ദീനും നടത്തിയ പ്രസ്താവനകൾ അഭിമാന ബോധമുള്ളവരെയും മതേതരവാദികളെയും വല്ലാതെ വേദനിപ്പിച്ചു. ഇരുവരും എൻ്റെ പഴയ സഹപ്രവർത്തകരാണ്. അവർക്കെന്താണ് പറ്റിയത്? യുവതുർക്കികൾ ശവതുർക്കികളാവുകയാണോ? ഡോ. മുനീർ പ്രസിഡണ്ടും ഞാൻ ജനറൽ സെക്രട്ടറിയുമായ മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റിയിൽ ഷാജി ട്രഷററും, ഷംസുദ്ദീൻ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയും സംസ്ഥാന വർക്കിംഗ് കമ്മിറ്റി മെമ്പറുമായിരുന്നു. ഞങ്ങളുടെ കമ്മിറ്റിയിൽ ആദ്യം മുനീറും രണ്ടാമത് ഞാനും മൂന്നാമത് ഷാജിയും ഷംസുവും സംസ്ഥാന മന്ത്രിസഭയിൽ അംഗങ്ങളായി. ഏറെ അഭിമാനം തോന്നിയ നിമിഷങ്ങൾ.


കേന്ദ്ര സർക്കാർ 2 ലക്ഷം രൂപയും തദ്ദേശ സ്ഥാപനങ്ങൾ 2 ലക്ഷം രൂപയും നൽകി പണിയുന്ന വീടിൻ്റെ മുന്നിൽ നരേന്ദ്രമോദിയുടെ ഫോട്ടോ വെക്കണമെന്ന കേന്ദ്ര സർക്കാറിൻ്റെ വ്യവസ്ഥ അംഗീകരിക്കുന്നതിൽ തെറ്റില്ലെന്ന ഷാജിയുടെ അഭിപ്രായം അങ്ങേയറ്റം പ്രതിഷേധാർഹണ്. പിണറായി സർക്കാർ ആ വ്യവസ്ഥ അംഗീകരിച്ചുള്ള പണം വേണ്ടെന്നുവെച്ച് 4 ലക്ഷം രൂപ വീതം വീടൊന്നിന് കടമെടുത്ത് അതിൻ്റെ പലിശ സർക്കാരും വർഷങ്ങൾ എടുത്ത് മുതൽ സംഖ്യ തദ്ദേശ സ്ഥാപനങ്ങളും നൽകി 5 ലക്ഷം വീടുകളാണ് 10 കൊല്ലം കൊണ്ട് പണി കഴിപ്പിച്ച് ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് സമ്മാനിച്ചത്. അടച്ചുറപ്പുള്ള ഭവനങ്ങളിൽ അവർ പാർത്തത് അണിനെയാണ്. ആ അഞ്ചു ലക്ഷം വീടുകളുടെ മുന്നിൽ ഒരു ബോർഡും ഫോട്ടോയും വെക്കാൻ പിണറായി ഉത്തരവിട്ടില്ലെന്ന് മാത്രമല്ല ഒരു ഭരണ കർത്താവിൻ്റെയും ചിത്രം പതിക്കരുതെന്ന് കട്ടായം പറയുകയും ചെയ്തു. ഓരോ വീടും അവരവർക്ക് സ്വന്തമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആ വീട്ടുകാർക്ക് വേണ്ടപ്പെട്ട അവരുടെ കാരണവൻമാരുടെ ഫോട്ടോകളാണ് ഓരോരുത്തരും തങ്ങൾക്കു കിട്ടിയ വീടുകളുടെ മുൻവശത്ത് തൂക്കിയത്.


പാത്തുമ്മയുടെയും കുട്ട്യാലിയുടെയും സൈനബാത്തയുടെയും ജാനകിയുടെയും കൃഷ്ണൻ്റെയും ചക്കിയുടെയും ത്രേസ്യാമ്മയുടെയും ചാക്കോച്ചൻ്റെയും തോമാച്ചൻ്റെയും വീടുകൾക്ക് മുമ്പിൽ മോദിയുടെ പടം വെക്കണമെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ മാത്രം ഗതികെട്ടവരല്ല മലയാളികളെന്ന് തദ്ദേശ മന്ത്രി മനസ്സിലാക്കണം. മന്ത്രിക്കെന്ന പോലെ എല്ലാവർക്കും അഭിമാനമുണ്ട്. ലീഗ് ജനങ്ങളിൽ നിന്ന് പണം പിരിച്ചു നൽകുന്ന വീടിന് പച്ച നിറം അടിക്കുന്ന പോലെയോ "ബയ്തുറഹ്മ" ബോർഡ് തൂക്കുന്നത് പോലെയോ അല്ല വീടിന് കാവി നിറം അടിക്കലും മോദിയുടെ ഫോട്ടോ സഹിതമുള്ള സ്റ്റിക്കർ ഒട്ടിക്കുന്നതും.


ഇ ഡി പേടിയാണ് ലീഗിനെ ഇത് പറയിപ്പിക്കുന്നതെങ്കിൽ 'ചന്ദ്രിക' പത്രത്തിൻ്റെ ബോർഡിനു മുകളിലും കള്ളപ്പണ ഇടപാടിൽ അന്വേഷണം നേരിടുന്ന ലീഗ് നേതാക്കളുടെ വീടിനു മുന്നിലും മോദിയുടെ ഫോട്ടോ പതിച്ച് സായൂജ്യമടഞ്ഞാൽ പോരെ? എന്തിന് പാവപ്പെട്ടവൻ്റെ മുഖത്ത് ചാണകം വാരി എറിയണം? ഇടതുപക്ഷ സർക്കാർ ആദ്യം ഒപ്പിടുകയും അപകടം തിരിച്ചറിഞ്ഞപ്പോൾ മരവിപ്പിക്കുകയും ചെയ്ത പിഎം ശ്രീ കേരളത്തിൽ നടപ്പിലാക്കാൻ കച്ചകെട്ടി ഇങ്ങിയിരിക്കുകയാണ് എൻ്റെ പഴയ സഹപ്രവർത്തകൻ ഷംസുദ്ദീൻ. യുഡിഎഫ് വന്നാൽ പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്നാണ് ലീഗ് ഭരണം കിട്ടാൻ വേണ്ടി പറഞ്ഞത്. എൽഡിഎഫ് മരവിപ്പിച്ച പിഎം ശ്രീ ലീഗിൻ്റെ മന്ത്രിയെ കൊണ്ട് ഒപ്പ് വെപ്പിച്ച് നടപ്പിലാക്കും എന്ന് വെല്ലുവിളിച്ചത് ബിജെപി പ്രസിഡണ്ട് സുരേന്ദ്രനാണ്. ലീഗുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കാതിരിക്കാൻ ബിജെപിയുമായി വല്ല 'ഡീലും' സുരേന്ദ്രൻ മുഖേന ലീഗ് ഉണ്ടാക്കിയിട്ടുണ്ടോ?


വീര്യംകുറഞ്ഞ മദ്യത്തിൻ്റെ നികുതി 251 ശതമാനത്തിൽ നിന്ന് 120 ശതമാനമാക്കി കുറച്ച് മദ്യപാനം സാർവത്രികമാക്കാൻ അഞ്ട് ലീഗ് മന്ത്രിമാരുള്ള സർക്കാർ തീരുമാനിച്ചതിനെതിരെ സാദിഖലി തങ്ങൾ ചന്ദ്രിക പത്രത്തിൽ ലേഖനമെഴുതുകയല്ല ചെയ്യേണ്ടത്. തൻ്റെ മൊബൈൽ ഫോണിൽ മുഖ്യമന്ത്രിയെ വിളിച്ച് യുഡിഎഫ് സർക്കാരിൽ ലീഗ് വേണമെങ്കിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് പിൻവലിക്കണമെന്നാണ് ദൃഢസ്വരത്തിൽ പറയേണ്ടത്. അതിന് വടശ്ശേരി ദാമോദര മേനോൻ സതീശൻ വിസമ്മതിച്ചാൽ കുഞ്ഞാലിക്കുട്ടിയോടും മറ്റു നാല് മന്ത്രിമാരോടും രാജിവെച്ച് ഉടൻ പാണക്കാട്ടെത്തണമെന്നാണ് കൊടപ്പനക്കൽ തറവാട്ടിലെ പ്രിയപ്പെട്ട തങ്ങൾ കൽപ്പിക്കേണ്ടത്.


വീര്യം കുറഞ്ഞ മദ്യത്തിനും, മോദിയുടെ ചിത്രം വീടിനു മുന്നിൽ തൂക്കുന്നതിനും, പിഎം ശ്രീക്കും, 'ഹലാൽ' സർട്ടിഫിക്കറ്റ് നൽകാനാണ് ലീഗിൻ്റെ പുറപ്പാടെങ്കിൽ ബഹുജനങ്ങളെ തെരുവിൽ അണിനിരത്തി പ്രതിപക്ഷം ആ 'സാക്ഷ്യപത്രങ്ങൾ' കീറിയെറിയും. ഇടതുപക്ഷെത്തെ ഇതിൻ്റെയൊക്കെ പേരിൽ മുസ്ലിം വിരുദ്ധത ആരോപിച്ചിരുന്ന സമുദായ നേതാക്കൾ ഏത് ഗുഹയിലാണ് ഒളിച്ചിരിക്കുന്നത്? അവരുടെ നാവുകൾക്ക് ഏതെങ്കിലും "ഖാളിമാർ" പൂട്ടിട്ടിട്ടുണ്ടോ? ഖാഇദെമില്ലത്തിൻ്റെ "ഈമാൻ" (വിശ്വാസം) വേണമെന്ന് ലീഗ് നേതാക്കളോട് പറയുന്നത് അതിരുകടന്ന കയ്യാണെന്ന് അറിയാം. എന്നാൽ വി എം സുധീരൻ്റെ "ഈമാനെങ്കിലും" സമുദായത്തിൻ്റെ അട്ടിപ്പേറവകാശം സ്വന്തം കീശയിലാണെന്ന് ഉറച്ചു കരുതുന്ന ലീഗു നേതാക്കളേ നിങ്ങൾക്കു വേണ്ടെ?



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home