അഹമ്മദാബാദ് വിമാനത്താവളത്തിൽ ലഹരിവേട്ട; 10 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി

അഹമ്മദാബാദ് : അഹമ്മദാബാദ് വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. യാത്രക്കാരനിൽ നിന്ന് 10,911 ഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. അനധികൃത വിപണിയിൽ ഇതിന് 10 കോടിയിലധികം രൂപ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു. ബാങ്കോക്കിൽ നിന്ന് എത്തിയ 20 വയസുകാരനാണ് പിടിയിലായത്. ചെക്ക്-ഇൻ ബാഗേജിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നെന്ന് പൊലീസ് പറഞ്ഞു.
യാത്രക്കാരന്റെ ചെക്ക്- ഇൻ ബാഗേജ് പരിശോധിക്കുന്നതിനിടെ സ്നിഫർ നായയാണ് മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്തിയത്. ബാഗേജ് ടാഗിന്റെ അടിസ്ഥാനത്തിൽ അഹമ്മദാബാദ് കസ്റ്റംസിലെ എയർ ഇന്റലിജൻസ് യൂണിറ്റ് (എഐയു) ഉദ്യോഗസ്ഥർ ബാങ്കോക്കിൽ നിന്ന് എത്തിയ യാത്രക്കാരനെ തിരിച്ചറിഞ്ഞ് വിമാനത്താവളത്തിൽ തടഞ്ഞതായി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ഗുജറാത്തിലെ ജുനാഗഡ് ജില്ലയിൽ താമസിക്കുന്ന ഇബ്രാഹിം സെഫുള്ള (20) ആണ് അറസ്റ്റിലായ യാത്രക്കാരനെന്ന് അഹമ്മദാബാദ് കസ്റ്റംസ് അഡീഷണൽ കമീഷണർ എസ് ആർ വിഷ്‌ണോയ് പറഞ്ഞു. യാത്രക്കാരന്റെ ചെക്ക്-ഇൻ ട്രോളി ബാഗ് വിശദമായി പരിശോധിച്ചപ്പോൾ പച്ച നിറത്തിലുള്ള വസ്തുക്കൾ അടങ്ങിയ അഞ്ച് പോളിത്തീൻ പാക്കറ്റുകൾ കണ്ടെടുത്തു. ഒരു ഫീൽഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഹൈഡ്രോപോണിക് കഞ്ചാവ് ആണെന്ന് കണ്ടെത്തി.
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ടിലെ വ്യവസ്ഥകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.











0 comments