ആദ്യ 2 ദിവസം വിപണിയിലെത്തിയത് 13.8 ടൺ; കുവൈത്തിൽ ചെമ്മീൻ സീസണിന് മികച്ച തുടക്കം

കുവൈത്ത് സിറ്റി : കുവൈത്തിലെ ഈ വർഷത്തെ ചെമ്മീൻ മത്സ്യബന്ധന സീസണിന് മികച്ച തുടക്കം. ആദ്യ രണ്ടുദിവസത്തിനിടെ രാജ്യത്തെ വിപണികളിലേക്ക് 13.8 ടൺ പ്രാദേശിക ചെമ്മീൻ എത്തിച്ചതായി കുവൈത്ത് മത്സ്യത്തൊഴിലാളി യൂണിയൻ അറിയിച്ചു. കൂടുതൽ ബോട്ടുകൾ മത്സ്യബന്ധനത്തിനിറങ്ങുന്നതോടെ അടുത്ത ദിവസങ്ങളിൽ പ്രതിദിന വിതരണം 20 ടണ്ണിനടുത്ത് എത്തുമെന്നാണ് പ്രതീക്ഷ.
ആഗസ്ത് ഒന്നിന് ആരംഭിച്ച സീസണോടെ പ്രാദേശിക ‘ഉം നഈറ’ ഇനത്തിലെ ചെമ്മീൻ വീണ്ടും വിപണിയിലെത്തിയതായി യൂണിയൻ പ്രസിഡന്റ് അബ്ദുള്ള അൽ സർഹീദ് അറിയിച്ചു. ആദ്യ ദിവസം 600 കുട്ട ചെമ്മീൻ വിപണിയിലെത്തിയതിൽ 500 എണ്ണം അൽകൂത്ത് മത്സ്യ മാർക്കറ്റിലേക്കും 100 എണ്ണം ശർഖ് മത്സ്യ മാർക്കറ്റിലേക്കുമാണ് എത്തിച്ചത്. രണ്ടാം ദിവസം 442 കൊട്ടകൂടി എത്തിയതോടെ ആദ്യ രണ്ട് ദിവസങ്ങളിലെ മൊത്തം വിതരണം 13.8 ടണ്ണായി. വർഷത്തിന്റെ രണ്ടാംപകുതിയിൽ മീഡ്, സുബൈദി, ചെമ്മീൻ എന്നീ മൂന്ന് പ്രധാന മത്സ്യബന്ധന സീസണുകളാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ പ്രാദേശിക ‘ഉം നഈറ’ ചെമ്മീനിന്റെ കുട്ടയ്ക്ക് 33 മുതൽ 40 കുവൈത്ത് ദിനാർവരെയാണ് വില. മീഡ് മത്സ്യത്തിന്റെ കുട്ടയ്ക്ക് 75 മുതൽ 160 ദിനാർ വരെയും സുബൈദിയുടെ കുട്ടയ്ക്ക് 70 മുതൽ 100 ദിനാർ വരെയും വിലയുണ്ട്. അതേസമയം, സുബൈദി മത്സ്യത്തിന്റെ കിലോവില 24 ദിനാറിൽനിന്ന് ഏകദേശം ഒമ്പത് ദിനാറായി കുറഞ്ഞതായും യൂണിയൻ അറിയിച്ചു. പ്രാദേശിക മത്സ്യോൽപാദനത്തിനൊപ്പം ഇറക്കുമതി ചെയ്യുന്ന മത്സ്യവും ആവശ്യത്തിന് ലഭ്യമാകുന്നതിനാൽ രാജ്യത്തെ മത്സ്യലഭ്യതയിൽ ആശങ്കയില്ല. ആഭ്യന്തരവിപണിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ വിതരണം ഉറപ്പാക്കിയിട്ടുണ്ടെന്നും യൂണിയൻ വ്യക്തമാക്കി.









0 comments