ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ; കുവൈത്തിനും ഗൾഫ് സമ്പദ്‌വ്യവസ്ഥയ്ക്കും വൻ നേട്ടം

കുവൈത്ത് സിറ്റി : ആറ് ജിസിസി രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ വിസ അനുവദിക്കുന്ന ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ നടപ്പാകുന്നതോടെ കുവൈത്തിന്റെയും ഗൾഫ് മേഖലയുടെയും വിനോദസഞ്ചാര-, നിക്ഷേപ മേഖലകൾക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് വിലയിരുത്തൽ. പദ്ധതി നടപ്പാക്കുന്നതിനുള്ള സാങ്കേതികവും നിയമപരവുമായ നടപടികൾ അന്തിമഘട്ടത്തിലാണെന്നും വിസ ഉടൻ പ്രാബല്യത്തിൽ വരുമെന്നും ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി അറിയിച്ചിരുന്നു.
ഗൾഫ് മേഖലയെ ഏകീകൃത വിനോദസഞ്ചാര കേന്ദ്രമായി ലോകത്തിനുമുന്നിൽ അവതരിപ്പിക്കാൻ പുതിയ വിസ സംവിധാനം സഹായിക്കുമെന്ന് സാമ്പത്തിക വിദഗ്ധൻ അഹമ്മദ് അൽ ഖഷ്‌നം പറഞ്ഞു. മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങളും വികസന പദ്ധതികളും കുവൈത്തിനെ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കളിലൊന്നാക്കുമെന്നാണ് പ്രതീക്ഷ. വിദേശ വിനോദസഞ്ചാരികളുടെ വരവ് വർധിക്കുന്നതോടെ ഹോട്ടലുകൾ, റിസോർട്ടുകൾ, വിമാനക്കമ്പനികൾ, റെസ്റ്റോറന്റുകൾ, കഫേകൾ, വ്യാപാരകേന്ദ്രങ്ങൾ, പരമ്പരാഗത വിപണികൾ എന്നിവയ-്‌ക്ക് നേട്ടമുണ്ടാകും. ടൂറിസം, ഹോസ-്‌പിറ്റാലിറ്റി മേഖലകളിൽ പ്രാദേശിക-വിദേശ നിക്ഷേപവും പുതിയ തൊഴിലവസരങ്ങളും വർധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ജിസിസി രാജ്യങ്ങൾക്കിടയിലെ യാത്ര എളുപ്പമാകുന്നതോടെ വിനോദസഞ്ചാരികൾക്ക് ഒരേ യാത്രയിൽ ഒന്നിലധികം രാജ്യങ്ങൾ സന്ദർശിക്കാനാകും. ഇത് സന്ദർശകരുടെ താമസദൈർഘ്യവും ചെലവും വർധിപ്പിക്കുന്നതിനൊപ്പം ഗൾഫ് രാജ്യങ്ങൾക്കിടയിലെ സാമ്പത്തിക സഹകരണത്തിനും കരുത്തേകും.
2025-ൽ ഗൾഫ് സമ്പദ്‌വ്യവസ്ഥയിലേക്കുള്ള യാത്രാ-വിനോദസഞ്ചാര മേഖലയുടെ ആകെ സംഭാവന 25470 കോടി ഡോളറായിരുന്നു. ആ വർഷം 7.57 കോടി വിനോദസഞ്ചാരികൾ ഗൾഫ് രാജ്യങ്ങളിലെത്തി. മേഖലയിൽ 7.3 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തിയപ്പോൾ ഗൾഫ് രാജ്യങ്ങളിൽ വിനോദസഞ്ചാരികൾ ചെലവഴിച്ചത് ഏകദേശം 7270 കോടി ഡോളറാണെന്നും ജിസിസി സ്റ്റാറ്റിസ്റ്റിക്കൽ സെന്ററിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം, ഏകീകൃത വിസയുടെ നിരക്ക്, കാലാവധി, അപേക്ഷാ നടപടികൾ, പ്രാബല്യത്തിൽ വരുന്ന തീയതി തുടങ്ങിയ വിശദാംശങ്ങൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.










0 comments