ad
Deshabhimani

ഇമ്രാൻ മരിച്ചുപോകുമോയെന്ന് ആശങ്ക; ഓസ്‌ട്രേലിയ ഇടപെടണമെന്ന് ഏഴ് മുൻ ഓസീസ് ക്യാപ്റ്റൻമാർ

imran khan
വെബ് ഡെസ്ക്

Published on Sep 15, 2026, 03:35 PM | 1 min read

കാൻബറ : ജയിലിൽ കഴിയുന്ന മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റനും പാക് മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാന്റെ ആരോ​ഗ്യസ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ച് ഓസ്‌ട്രേലിയ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻമാർ. വിഷയത്തിൽ ഓസ്ട്രേലിയൻ സർക്കാർ നയതന്ത്ര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് താരങ്ങൾ വിദേശകാര്യ മന്ത്രി പെന്നി വോങ്ങിന് കത്തയച്ചു.


ഗ്രെഗ് ചാപ്പൽ, അലൻ ബോർഡർ, ഇയാൻ ചാപ്പൽ, ബെലിൻഡ ക്ലാർക്ക്, കിം ഹ്യൂസ്, മാർക്ക് ടെയ്‌ലർ, സ്റ്റീവ് വോ എന്നിവരാണ് കത്തിൽ ഒപ്പുവച്ചത്. പാകിസ്ഥാൻ അധികൃതരുമായി നയതന്ത്രതലത്തിൽ ഇടപെട്ട് ഇമ്രാന് ചികിത്സയും പരിചരണവും ഉറപ്പാക്കണമെന്നാണ് ആവശ്യം. നിലവിലെ സ്ഥിതി തുടർന്നാൽ ഇമ്രാൻ ജയിലിൽകിടന്ന് മരിക്കുമെന്നാണ് കരുതുന്നതെന്ന് മുൻ ഓസീസ് ക്യാപ്റ്റൻ ഗ്രെഗ് ചാപ്പൽ പ്രതികരിച്ചു. പെന്നി വോങ്ങുമായി കൂടിക്കാഴ്ച നടത്താൻ ചാപ്പൽ ശ്രമിക്കുന്നതായും റിപ്പോർട്ടുണ്ട്.


നിലവിൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ് ഇമ്രാൻ ഖാൻ. ഇമ്രാനെതിരായ നിയമനടപടികളുടെയോ കേസുകളുടെയോ രാഷ്ട്രീയത്തിലും ശരിതെറ്റുകളിലും തങ്ങൾ നിലപാടെടുക്കുന്നില്ലെന്നും കസ്റ്റഡിയിൽ കഴിയുന്ന ഇമ്രാന്റെ ആരോ​ഗ്യനില മാത്രമാണ് തങ്ങളുടെ ആശങ്കയെന്നും കത്തിൽ വ്യക്തമാക്കുന്നു. ഇമ്രാന് പരിമിതമായ ചികിത്സ മാത്രമാണ് ലഭിക്കുന്നതെന്നും കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നതിനും അഭിഭാഷകരെ കാണുന്നതിനും നിയന്ത്രണങ്ങളുണ്ടെന്നും അദ്ദേഹത്തിന്റെ മക്കളും സഹോദരിമാരും മാസങ്ങളായി ആരോപിക്കുന്നതായി കത്തിൽ പറയുന്നു.


73കാരനായ ഇമ്രാൻ ഖാൻ 2023 മുതൽ അഡിയാല ജയിലിലാണ്. 2022ൽ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്തായതിന് ശേഷം അഴിമതി ഉൾപ്പെടെ നൂറിലധികം കേസുകൾ ഇമ്രാനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു അഴിമതിക്കേസിൽ 14 വർഷത്തെ തടവുശിക്ഷയും ലഭിച്ചിട്ടുണ്ട്. ആരോപണങ്ങൾ ഇമ്രാൻ നിഷേധിച്ചു. കേസുകൾ രാഷ്ട്രീയപ്രേരിതമാണെന്നാണ് അദ്ദേഹത്തിന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫിന്റെ നിലപാട്. 1992ൽ പാകിസ്ഥാൻ ഏകദിന ലോകകപ്പ് കിരീടം നേടുമ്പോൾ ഇമ്രാനായിരുന്നു ക്യാപ്റ്റൻ.


ഇതിന് മുമ്പും സുനിൽ ഗവാസ്‌കർ, കപിൽ ദേവ്, ദിലീപ് വെങ്‌സർക്കർ എന്നിവരടക്കം 21 മുൻ ക്രിക്കറ്റ് ക്യാപ്റ്റന്മാർ ഇമ്രാന് മാനുഷിക പരിഗണന ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് കത്തയച്ചിരുന്നു. പാറ്റ് കമ്മിൻസ്, ബ്രയൻ ലാറ, വസീം അക്രം, മൈക്കൽ ഹോൾഡിങ് തുടങ്ങിയവരും ഇമ്രാന്റെ ആരോ​ഗ്യത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home