ad
Deshabhimani

വിപണിയിൽ തിരിച്ചെത്തി എമർജൻസി ലാമ്പുകൾ; ഇൻവർട്ടർ വിൽപനയും കുതിക്കുന്നു

inverter Emergency Light
വെബ് ഡെസ്ക്

Published on Sep 15, 2026, 03:45 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് മുന്നറിയിപ്പില്ലാതെയുള്ള പവർകട്ട് ആഴ്ചകളായി തുടരുന്നതോടെ ഇൻവർട്ടറുകളുടെയും എമർജൻസി ലൈറ്റുകളുടെയും ആവശ്യകതയേറുന്നു. പ്രധാന വിൽപനശാലകളിലെല്ലാം ഇൻവർട്ടർ വാങ്ങാനെത്തുന്നവരുടെ തിരക്കാണ്. വീടുകളിൽനിന്ന് വർഷങ്ങൾക്ക് മുന്നേ ഉപേക്ഷിച്ച എമർജൻസി ലാമ്പുകളും വിപണിയിൽ വീണ്ടും തിരിച്ചെത്തി. തുടർച്ചയായ വൈദ്യുതി മുടക്കവും കടുത്തചൂടുമാണ് വിൽപന വർധിക്കാൻ ഇടയായത്. ആവശ്യകതയ്ക്കനുസരിച്ച് സ്റ്റോക്ക് ഉറപ്പാക്കാനാകാത്ത സ്ഥിതിയുമുണ്ട്.


കഴിഞ്ഞ കാലങ്ങളിൽ സമ്പന്ന കുടുംബങ്ങളായിരുന്നു ഇൻവർട്ടറുകളുടെ ആവശ്യക്കാരെങ്കിൽ ഇപ്പോൾ ഇടത്തരക്കാരും വാങ്ങാനെത്തുകയാണ്. കുട്ടികളും പ്രായമേറിയവരുമുള്ള കുടുംബങ്ങളാണ് ഇൻവർട്ടറുകൾ വാങ്ങാൻ കൂടുതലായി എത്തുന്നതെന്ന് വ്യാപാരികൾ പറയുന്നു. വീടുകൾക്കുപുറമെ ചെറുകിട വ്യാപാരസ്ഥാപനങ്ങളും ക്ലിനിക്കുകളും ഇൻവർട്ടർ തേടിയെത്തുന്നുണ്ട്.


ലിഥിയം ഇൻവർട്ടറുകൾക്കാണ് കൂടുതൽ ഡിമാൻഡ്. വി-ഗാർഡ്, ലൂമിനസ് തുടങ്ങിയ മുൻനിര ബ്രാൻഡുകൾക്ക് തന്നെയാണ് ആവശ്യക്കാരേറെയും. 25,000 രൂപ മുതലാണ് വില.


ഇടയ്ക്കിടെയുള്ള പവർകട്ട് പതിവായതോടെ സെർവോ സ്റ്റെബിലൈസറുകളുടെയും വിൽപന വർധിച്ചു. സോളാർ ഉപഭോക്താക്കളാണ് കൂടുതലായും സെർവോ വോൾട്ടേജ് സ്റ്റെബിലൈസറുകൾ വാങ്ങാനെത്തുന്നത്. വോൾട്ടേജ് വ്യതിയാനങ്ങളിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളെ സംരക്ഷിക്കാൻ ഇവയ്ക്കാകും.


എമർജൻസി ലൈറ്റുകളുടെയും റീച്ചാർജബിൾ ഫാനുകളുടെയും ഓൺലൈൻ വിൽപനയും വർധിച്ചിട്ടുണ്ട്. 600 രൂപ മുതൽ ഫാനുകളും 700 മുതൽ 1200 രൂപവരെ നിരക്കിൽ എമർജൻസി ലൈറ്റുകളും ലഭിക്കും.


വൈദ്യുതി പ്രതിസന്ധി എന്ന് പരിഹരിക്കാനാകുമെന്ന് ഉറപ്പില്ലെന്ന് സർക്കാർ അറിയിച്ചതോടെ ഇനിയും വിൽപന കൂടിയേക്കുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. ഡിമാൻഡ് മുന്നിൽകണ്ട് സ്റ്റോക്ക് ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home