വിവർത്തന ദിനം ആചരിച്ച് സുൽത്താൻ ഖാബൂസ് സർവകലാശാല

സുൽത്താൻ ഖാബൂസ് സർവകലാശാലയിൽ നടന്ന വിവർത്തന ദിനാചരണത്തിൽനിന്ന്
മസ്‌കത്ത്: ഒമാൻ സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഇംഗ്ലീഷ് ഭാഷാ-വിവർത്തന വിഭാഗം അന്താരാഷ്ട്ര വിവർത്തന ദിനം 2026 ആചരിച്ചു. ആർട്സ് ആൻഡ് സോഷ്യൽ സയൻസസ് ഫാക്കൽറ്റിയുമായി സഹകരിച്ചായിരുന്നു പരിപാടി. വിവർത്തന മേഖലയിൽ നിർമിതബുദ്ധി മാതൃക ചെലുത്തുന്ന സ്വാധീനം, വിവർത്തകരുടെ ഇടപെടൽ മേഖലകൾ, തൊഴിൽ രീതിയിലുണ്ടാകുന്ന മാറ്റം എന്നിവ യോഗം വിലയിരുത്തി.
നിർമിതബുദ്ധിക്കാലത്ത് വിവർത്തകരെ സജ്ജമാക്കുന്നതിലെ വെല്ലുവിളികളെക്കുറിച്ച് സർവകലാശാല ഭാഷാശാസ്ത്ര-വിവർത്തന വിഭാഗത്തിലെ പ്രൊഫസറും കനേഡിയൻ റിസെർച്ച് ചെയർ ഫോർ ട്രാൻസ്‌ലേഷൻ മേധാവിയുമായ പ്രൊഫ. ഡോ. ലിൻ ബുക്കർ ക്ലാസ് നയിച്ചു. "വിവർത്തന പരിപാടികളുടെ ഭാവി' എന്ന വിഷയത്തിലുള്ള സെഷനും പരിപാടിയുടെ ഭാഗമായി നടന്നു.
പരിശീലന കോഴ്സുകളും പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിൽ പ്രായോഗിക പ്രവർത്തകരുടെയും പരിചയസമ്പന്നരുടെയും അഭിപ്രായങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ചർച്ചയിൽ അഭിപ്രായം ഉയർന്നു. വിവർത്തന മേഖലയിലെ പുരോഗതിക്കൊപ്പം സഞ്ചരിക്കാനും അക്കാദമിക് വിദഗ്ധരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കാനുമുള്ള സർവകലാശാലയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അധികൃതർ പറഞ്ഞു.








0 comments