ഇന്ത്യൻ സിനിമയുടെ 'ബിഗ് ബി' അമിതാഭ് ബച്ചന് ഇന്ന് 84-ാം പിറന്നാൾ

മുംബൈ : ഇന്ത്യൻ സിനിമയുടെ 'ബിഗ് ബി' അമിതാഭ് ബച്ചന് ഇന്ന് 84-ാം പിറന്നാൾ. ബോളിവുഡ് ആരാധകരെ പിടിച്ചുകുലുക്കിയ 1982 ൽ കൂലി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടം, പ്രാർഥനകളോടെ നിന്ന ജനങ്ങൾക്ക് മുന്നിൽ മരണത്തെ തോൽപ്പിച്ചെത്തിയ യുവാവ് സൂപ്പർ മെഗാ സ്റ്റാറായി മാറി. 39-ാം വയസിൽ നേടിയ സൂപ്പർ മെഗാ സ്റ്റാർ താരപദവി 84 -ാം വയസിലും തുടരുന്നു.
ശബ്ദത്തിന് ഗാംഭീര്യമില്ലെന്ന കാരണത്താൽ ആകാശവാണിയിൽ ജോലി ലഭിക്കാതെ പോയ യുവാവ്, പിന്നീട് ഇന്ത്യൻ സിനിമയുടെ തന്നെ ശബ്ദവും മുഖവുമായി മാറി. 1942 ഒക്ടോബർ 11 ന് കവിയായ ഹരിവംശ് റായ് ബച്ചന്റെയും സാമൂഹിക പ്രവർത്തക തേജി ബച്ചന്റെയും മൂത്ത മകനായി ജനനം. 1969 ൽ പുറത്തിറങ്ങിയ 'സാത്ത് ഹിന്ദുസ്താനി'യിലൂടെ അഭിനയരംഗത്തേക്കെത്തി. ഹൃഷികേശ് മുഖർജിയുടെ ആനന്ദിലൂടെയായിരുന്നു അമിതാഭ് ബച്ചൻ പ്രക്ഷക പ്രശംസയേറ്റുവാങ്ങിയത്.
അന്നത്തെ സൂപ്പർതാരം രാജേഷ് ഖന്നയുടെ നായക കഥാപാത്രത്തിന്റെ സ്നേഹിതനായെത്തിയ ഡോക്ടർ ഭാസ്‍കറായി അമിതാഭ് മിന്നി. പിന്നീട് അമിതാഭിനെ ക്ഷോഭിക്കുന്ന യുവത്വത്തിന്റെ സിനിമാ മുഖമാക്കി സഞ്ജീർ എന്ന സിനിമ. സലീം ജാവേദ് ജോഡിയും അമിതാഭും പിന്നീടും നൽകി നിരവധി ഹിറ്റ് സിനിമകൾ. യാഷ് ചോപ്രക്കൊപ്പം പ്രണയനായകനായി തിളങ്ങിയ സിനിമകൾ വേറെ.
ഷോലെ, നമക് ഹരം, അമർ അക്ബർ ആന്റണി, കഭീ കഭീ, അഭിമാൻ, മജ്ബൂർ, ചുപ്കെ ചുപ്കെ, ദീവാർ, മിസ്റ്റർ നടവ്ർ ലാൽ അങ്ങനെ അങ്ങനെ പല തരം സിനിമകളിൽ നായകനായും ഒന്നിലധികം നായകരിൽ ഒരാളായും എല്ലാം ബച്ചൻ ബോളിവുഡ് അടക്കി വാണു. വിവിധ കഥാപാത്രങ്ങളിലൂടെ ബച്ചൻ ഇപ്പോഴും തലമുറകളെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. സെക്ഷൻ 84, ബ്രഹ്മാസ്ത്ര പാർട്ട് 2 എന്നിവയാണ് അമിതാഭ് ബച്ചന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രങ്ങൾ.









0 comments