ad
Deshabhimani

വിദ്യാർഥികളുടെ സ്കൂൾ ബസ്‌ യാത്ര; കിൻഡർഗാർട്ടനിൽ 45 മിനിറ്റ്‌: മറ്റുള്ളവർക്ക്‌ 60 മിനിറ്റ്‌

school bus
വെബ് ഡെസ്ക്

Published on Feb 11, 2026, 07:00 PM | 1 min read

ദുബായ്: സ്കൂൾ ബസുകളിലെ വിദ്യാർഥികളുടെ യാത്രാസമയത്തിൽ കർശന നിയന്ത്രണവുമായി യുഎഇ. കിൻഡർഗാർട്ടൻ വിദ്യാർഥികൾക്ക് 45 മിനിറ്റും മറ്റു വിദ്യാർഥികൾക്ക് 60 മിനിറ്റുമായിരിക്കും പരമാവധി യാത്രാസമയമെന്ന് വിദ്യാഭ്യാസ മന്ത്രി സാറ അൽ അമീരി അറിയിച്ചു. സ്കൂൾ ബസുകളിൽ വിദ്യാർഥികൾ ദിവസം രണ്ട് മണിക്കൂറിലധികം സമയം ചെലവഴിക്കുന്നുവെന്ന മാതാപിതാക്കളുടെ പരാതി തുടർന്നാണ്‌ യാത്രാസമയം പുതുതായി പരിമിതപ്പെടുത്തിയത്‌.


ഫെഡറൽ നാഷണൽ കൗൺസിൽ യോഗത്തിൽ അംഗം നാമ അബ്ദുള്ള അൽ ഷർഹാൻ വിഷയമുയർത്തിയിരുന്നു. വിദ്യാർഥികൾ രണ്ട് മണിക്കൂറോ അതിലധികമോ സമയം ബസിൽ ചെലവഴിക്കുന്നുവെന്നത്‌ ആരോഗ്യത്തിനും ദിനചര്യയ്ക്കും ദോഷകരമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ഇതിന് മറുപടി നൽകുകയായിരുന്നു മന്ത്രി. മന്ത്രാലയത്തിന്റെ ഔദ്യോഗിക രേഖകളിൽ രണ്ട് മണിക്കൂറിന് മുകളിലുള്ള യാത്രാസമയം രേഖപ്പെടുത്തിയിട്ടില്ല. നിലവിലെ അധ്യയന വർഷത്തിന്റെ ആദ്യ ടേമിൽ അംഗീകരിച്ച സമയപരിധി പാലനം 98.5 ശതമാനംവരെ എത്തിച്ചേർന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായ പുരോഗതിയാണ് കൈവരിച്ചത്‌. ശരാശരി യാത്രാസമയം 50 ശതമാനംവരെ കുറച്ചതായും മന്ത്രി അറിയിച്ചു.


ഗതാഗത അപകടങ്ങൾ, പ്രതികൂല കാലാവസ്ഥ തുടങ്ങിയ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിനുപുറത്തുള്ള സാഹചര്യങ്ങളിൽ ചില ദിവസങ്ങളിൽ അപവാദങ്ങൾ ഉണ്ടാകാം. മാതാപിതാക്കൾ വൈകി വിദ്യാർഥികളെ രജിസ്റ്റർ ചെയ്യുന്നത് ബസ് റൂട്ടുകളുടെ ആസൂത്രണത്തെ ബാധിക്കുന്ന പ്രധാന വെല്ലുവിളിയാണ്‌. സ്കൂൾ ഗതാഗതത്തിന്റെ കാര്യക്ഷമത ഉറപ്പാക്കാൻ മന്ത്രാലയം പതിവായി റൂട്ടുകൾ പുനഃപരിശോധിക്കുന്നുണ്ട്‌. ഗതാഗത സേവനങ്ങളുടെ നിലവാരം നിരീക്ഷിക്കാൻ പ്രത്യേക ഗുണനിലവാര യൂണിറ്റ്‌ രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


വിദ്യാഭ്യാസ സംവിധാനത്തിൽ വിദ്യാർഥികളുടെ ക്ഷേമം ഉറപ്പാക്കാനും സേവന നിലവാരം മെച്ചപ്പെടുത്താനുമായി സ്കൂൾ ഗതാഗത ദൈർഘ്യം സംബന്ധിച്ച ചർച്ചകൾ എഫ്എൻസി യോഗങ്ങളിൽ തുടർച്ചയായി ഉയർന്നുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home