Deshabhimani

നോർക്ക കെയർ പ്രീമിയം വർധന: പ്രവാസികളെ സ്വകാര്യ കമ്പനികൾക്ക് വിട്ടുകൊടുക്കുന്നു: എം ബി രാജേഷ്

MB RAJESH KALA KUWAIT.JPG
വെബ് ഡെസ്ക്

Published on Nov 08, 2026, 05:23 PM | 1 min read

കുവൈത്ത് സിറ്റി: നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധനയും പെൻഷൻ കുടിശ്ശികയുമാണ് യുഡിഎഫ് സർക്കാർ പ്രവാസികൾക്ക് നൽകിയ ‘ആദ്യ സമ്മാന’മെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം ബി രാജേഷ്. നോർക്ക കെയർ പദ്ധതി തകർത്ത് ലക്ഷക്കണക്കിന് പ്രവാസികളെ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്ക് വിട്ടുകൊടുക്കുകയാണ്‌. 13,000 രൂപയായിരുന്ന നോർക്ക കെയർ പ്രീമിയം ഗണ്യമായി വർധിപ്പിച്ചു. പ്രവാസി ക്ഷേമ പെൻഷൻ മാസങ്ങളായി ലഭിക്കുന്നില്ലെന്നും രാജേഷ് കുവൈത്തിൽ പറഞ്ഞു. കല കുവൈത്ത് സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


യുഡിഎഫ്‌ സർക്കാർ പ്രവാസികളോട് സ്വീകരിക്കുന്നത്‌ ശത്രുതാപരമായ നിലപാടാണ്. ഭരണമാറ്റം ഉറപ്പാക്കാൻ വിമാനം ചാർട്ടർ ചെയ്‌ത്‌ പ്രവാസികളെ നാട്ടിലെത്തിച്ച സംഘടനകൾ, തങ്ങൾ പ്രവാസികളോട് ചെയ്‌തത് വലിയ അനീതിയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. ലോക കേരള സഭയിൽ ഉയർന്നുവന്ന ആശയമാണ് നോർക്ക കെയർ പദ്ധതിയായി നടപ്പാക്കിയത്‌. പദ്ധതിക്ക് വഴിയൊരുക്കിയ ലോക കേരള സഭയെതന്നെ യുഡിഎഫ് സർക്കാർ പിരിച്ചുവിട്ടു. സ്വകാര്യ ഔഷധ നിർമാണ കമ്പനികളും ഇൻഷുറൻസ് കമ്പനികളുമാണ് യുഡിഎഫിനെ അധികാരത്തിലെത്തിച്ചത്‌. പ്രീമിയം വർധന പ്രവാസികളെ എത്രത്തോളം ബാധിച്ചെന്ന്‌ കുവൈത്തിൽ സുഹൃത്തുക്കളുമായി സംസാരിച്ചപ്പോൾ മനസ്സിലായെന്നും രാജേഷ് പറഞ്ഞു. മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ സെക്രട്ടറി ജെ സജി, കല കുവൈത്ത് പ്രസിഡന്റ് അൻസാരി കടയ്‌ക്കൽ, ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home