പ്രതിഭ ‘അരങ്ങേറ്റം’ നാടകമത്സരം: പോസ്റ്റർ പ്രകാശിപ്പിച്ചു

മനാമ: കുട്ടികലാകാരന്മാർക്കായി "ബഹ്‌റൈൻ പ്രതിഭ' സംഘടിപ്പിക്കുന്ന ‘അരങ്ങേറ്റം–-2026' കുട്ടിനാടക മത്സരത്തിന്റെ പോസ്റ്റർ പ്രകാശിപ്പിച്ചു. പ്രതിഭ സെന്ററിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി വി കെ സുലേഷ് പോസ്റ്റർ പ്രകാശിപ്പിച്ചു. ബഹ്‌റൈനിൽ പഠിക്കുന്ന ഏഴിനും 17നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായാണ് നാടകമത്സരം. ഡിസംബർ 18-നാണ് മത്സരം നടക്കുക. മത്സരത്തിന് മുന്നോടിയായി കുട്ടികളിലെ അഭിനയശേഷിയും നാടക അഭിരുചിയും വളർത്താനായി "കൊച്ചരങ്ങ്–2026' എന്ന പേരിൽ ഏകദിന നാടക ക്യാമ്പും സംഘടിപ്പിക്കും. ഒക്‌ടോബർ അവസാനത്തോടെ ക്യാമ്പ് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
പ്രതിഭ പ്രസിഡന്റ് കെ എം മഹേഷ് ചടങ്ങിൽ അധ്യക്ഷനായി. മുഖ്യരക്ഷാധികാരി ബിനു മണ്ണിൽ, നാടകവേദി കൺവീനർ രാജേഷ് തലായി, നാടക വേദി സംയോജകൻ എൻ കെ വീരമണി, കേന്ദ്ര കമ്മിറ്റിയംഗം മിജോഷ് മൊറാഴ, രക്ഷാധികാരി സമിതിയംഗം ലിവിൻ കുമാർ എന്നിവർ പങ്കെടുത്തു. മത്സരത്തെക്കുറിച്ചും നാടക ക്യാമ്പിനെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും പ്രതിഭ ഭാരവാഹികളുമായി ബന്ധപ്പെടാം.








0 comments