Deshabhimani

നവകേരള മുന്നേറ്റത്തിനൊപ്പം
ജീവനക്കാരും

kerala ngo union
avatar
എം എ അജിത് കുമാർ

Published on May 24, 2025, 01:09 AM | 3 min read

കേരള എൻജിഒ യൂണിയൻ 62–-ാം സംസ്ഥാന സമ്മേളനം 25, 26, 27 തീയതികളിൽ ആലപ്പുഴ നടക്കുകയാണ്. കോഴിക്കോട്ട് ചേർന്ന 61–-ാം സമ്മേളനത്തിനുശേഷം ഏറ്റെടുത്ത സമര സംഘടന പ്രവർത്തനങ്ങളാകെ പരിശോധിച്ച് വർത്തമാനകാല ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പര്യാപ്തമായ തീരുമാനം കൈക്കൊള്ളുന്ന സമ്മേളനത്തെ ജീവനക്കാർ മാത്രമല്ല, പൊതുസമൂഹമൊന്നാകെ വർധിച്ച പ്രാധാന്യത്തോടെ നോക്കിക്കാണുന്നു. തുടർച്ചയായി മൂന്നാം വട്ടവും അധികാരത്തിലേറിയ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ജനവിരുദ്ധനയങ്ങൾ കൂടുതൽ തീവ്രമാക്കി. സാമ്പത്തികത്തകർച്ച, പണപ്പെരുപ്പം, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയാൽ ജനജീവിതം കൂടുതൽ ദുസ്സഹമായി. സബ്സിഡി വെട്ടിക്കുറച്ചും ക്ഷേമ പദ്ധതി ശോഷിപ്പിച്ചും കോർപറേറ്റുകൾക്കുമാത്രം യഥേഷ്ടം സൗജന്യങ്ങൾ അനുവദിച്ചും കേന്ദ്ര സർക്കാർ മുന്നോട്ടുപോകുന്നു. ഇതിന്റെ ഫലമായി രാജ്യത്ത് അസമത്വം പരകോടിയിലെത്തി. തൊഴിലാളിയുടെ അധ്വാനസമയം ഇനിയും വർധിപ്പിച്ച് ലാഭം കുന്നുകൂട്ടാനുള്ള കുത്തക മുതലാളിമാരുടെ അത്യാർത്തിക്ക് പ്രോത്സാഹനം നൽകുകയാണ് കേന്ദ്രം. തൊഴിലാളികളുടെ ചെറുത്തുനിൽപ്പിനെത്തുടർന്ന് നടപ്പാക്കാനാകാത്ത 2019–- 20 കാലത്തെ ലേബർ കോഡുകളുടെ, ചട്ടങ്ങൾ രൂപീകരിക്കാനും മൂന്നാമൂഴത്തിൽ മോദി സർക്കാർ ശ്രമിക്കുന്നു.

എട്ട്‌ മണിക്കൂർ ജോലി, മിനിമം കൂലി, സംഘടിക്കാനും കൂട്ടായി വിലപേശാനുമുള്ള അവകാശം എന്നിവയെല്ലാം നിഷേധിക്കുന്നതാണ് ലേബർ കോഡുകൾ. ഇതിനുപുറമെ ഭാരതീയ ന്യായസംഹിത, യുഎപിഎ, പിഎംഎൽഎ തുടങ്ങിയ നിയമങ്ങളിലെ വ്യവസ്ഥ ഉപയോഗിച്ച് സംഘടനാ പ്രവർത്തനം നടത്തുന്നതും സംഘം ചേരുന്നതും നിവേദനം നൽകുന്നതും ക്രിമിനൽ കുറ്റമാക്കി തൊഴിലാളികളെ നിശ്ശബ്‌ദരാക്കാനും ഇടപെടലുണ്ട്‌. ജനവിരുദ്ധ, തൊഴിലാളിദ്രോഹ നയങ്ങൾക്കും അമിതാധികാര നടപടികൾക്കുമെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ ദുർബലപ്പെടുത്താൻ സംഘപരിവാർ എക്കാലവും പിന്തുടരുന്ന വർഗീയവിഭജനതന്ത്രം കൂടുതൽ തീവ്രവുമാക്കുന്നു. വികസന ക്ഷേമ പരിപാടികളിൽനിന്ന് കേന്ദ്ര സർക്കാർ പിൻവാങ്ങുന്നതോടെ രാജ്യത്തിന്റെ സിവിൽ സർവീസ് മേഖലയും അരക്ഷിതാവസ്ഥയിലാകുകയാണ്. വകുപ്പുകൾ പലതും നിർത്തലാക്കി. സേവനം പരിമിതപ്പെടുത്തി. കേന്ദ്രസർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഇതര സംസ്ഥാനങ്ങളിലുമായി 60 ലക്ഷത്തിലേറെ തസ്‌തികകൾ ഒഴിച്ചിട്ടിരിക്കുകയാണ്. സൈന്യത്തിൽപ്പോലും കരാർ നിയമനം അടിച്ചേൽപ്പിച്ചു. കേന്ദ്ര സിവിൽ സർവീസിൽ പതിറ്റാണ്ടിലേറെ സേവനകാലം പൂർത്തിയാക്കിയവർമാത്രം എത്തിച്ചേർന്ന ജോയിന്റ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, ഡയറക്ടർ തുടങ്ങിയ തസ്‌തികയിൽപ്പോലും കോർപറേറ്റ് ഏജന്റുമാരെ ലാറ്ററൽ എൻട്രി വഴി കരാറടിസ്ഥാനത്തിൽ നിയമിക്കാൻ കേന്ദ്രം ശ്രമിച്ചു.

പഴയ പെൻഷൻ പദ്ധതി അട്ടിമറിച്ച് ബിജെപി സർക്കാർ 2004ൽ കൊണ്ടുവന്ന പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് നിയമപ്രാബല്യം നൽകാൻ പിഎഫ്‌ആർഡിഎ നിയമം പാസാക്കിയത് കോൺഗ്രസും ബിജെപിയും കൈകോർത്താണ്. ജീവനക്കാരുടെ വാർധക്യകാല പരിരക്ഷ അപകടപ്പെടുത്തുന്ന ദേശീയ പെൻഷൻ പദ്ധതിക്കെതിരെ അഖിലേന്ത്യാതലത്തിൽ ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെന്റ്‌ എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തിയ നിരന്തര പ്രക്ഷോഭങ്ങളെത്തുടർന്ന് പല സംസ്ഥാനങ്ങളിലും കോൺഗ്രസ് അടക്കമുള്ള പാർടികൾക്ക് പദ്ധതിക്കെതിരായ നിലപാട് സ്വീകരിക്കേണ്ടി വന്നു. അപ്പോഴും ദേശീയതലത്തിൽ കോൺഗ്രസിന്റെ സമീപനം പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് അനുകൂലമാണ്. ദേശീയ പെൻഷൻ പദ്ധതിക്കെതിരായ പ്രക്ഷോഭം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ്‌ 2025 ഏപ്രിൽ ഒന്നുമുതൽ കേന്ദ്ര സർക്കാർ ഏകീകൃത പെൻഷൻ പദ്ധതി നടപ്പാക്കിയത്. ദേശീയ പെൻഷൻ പദ്ധതിയെ അപേക്ഷിച്ച് മെച്ചമാണ് ഏകീകൃത പെൻഷൻ പദ്ധതിയെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും വാഗ്‌ദാനം ചെയ്തിരിക്കുന്ന ആനുകൂല്യം നൽകാനുള്ള ഉത്തരവാദിത്വം ആർക്കാണെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകുന്നില്ല. ജീവനക്കാരുടെ അധ്വാനവിഹിതം നിർബന്ധപൂർവം പിടിച്ചെടുക്കാത്തതും നിർവചിക്കപ്പെട്ട ആനുകൂല്യം നിയമപരമായി ഉറപ്പുള്ളതുമാണ്‌ പഴയ പെൻഷൻ പദ്ധതി. ഇത്‌ പുനഃസ്ഥാപിക്കാനായി പിഎഫ്‌ആർഡിഎ നിയമം പിൻവലിക്കാനുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെകൂടി ഭാഗമായാണ് ജൂലൈ ഒമ്പതിന് ഇതരവിഭാഗങ്ങളുമായി ചേർന്ന് ജീവനക്കാരും അധ്യാപകരും ദേശീയപണിമുടക്കിൽ പങ്കെടുക്കുന്നത്. രാജ്യത്ത് നിലനിൽക്കുന്ന ഈ പൊതുസാഹചര്യത്തിൽനിന്ന് വ്യത്യസ്തമായി എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിക്കുകയും ചേർത്തുപിടിക്കുകയുമാണ്‌ കേരള സർക്കാർ. ആരോഗ്യ–- വിദ്യാഭ്യാസ–- സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളുടെ ശാക്തീകരണം, കാർഷിക വ്യാവസായിക മേഖലകളിലെ ഉൽപ്പാദനക്ഷമത ഉയർത്തൽ, സേവനമേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തൽ, മാലിന്യസംസ്‌കരണം, അധികാര വികേന്ദ്രീകരണം, സ്ത്രീശാക്തീകരണം എന്നീ നടപടികളിലൂടെ സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ മറികടന്ന് നവകേരള നിർമാണം യാഥാർഥ്യമാക്കാനാണ് സംസ്ഥാന സർക്കാർ പരിശ്രമിക്കുന്നത്. ഈ ചരിത്രദൗത്യത്തിന്റെ നിർവഹണ ഉത്തരവാദിത്വം സിവിൽ സർവീസിനാണെന്ന ബോധ്യത്തോടെയുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നത്. കഴിഞ്ഞ ഒമ്പതു വർഷത്തിനുള്ളിൽ പുതിയ വകുപ്പുകളും സ്ഥാപനങ്ങളും സൃഷ്ടിച്ചു. ഒഴിവുള്ള തസ്തികകളിൽ യഥാസമയം പിഎസ്‌സി നിയമനം ഉറപ്പുവരുത്തി.

സാമ്പത്തിക പ്രയാസങ്ങൾ വകവയ്ക്കാതെ പുതിയ തസ്‌തിക സൃഷ്‌ടിച്ചു. സംസ്ഥാനത്തിന്റെ ഈ ബദൽമുന്നേറ്റങ്ങളെ തകർക്കുന്നതാണ്‌ കേന്ദ്ര സർക്കാർ ഇടപെടൽ. വികസന പദ്ധതികളും അർഹമായ സാമ്പത്തിക വിഹിതവും നിഷേധിച്ചു. ജീവനക്കാരുടെ ക്ഷാമബത്ത അടക്കമുള്ള ആനുകൂല്യങ്ങൾ യഥാസമയം അനുവദിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടു. തനതുവരുമാനം വർധിപ്പിച്ചും സാമ്പത്തിക അച്ചടക്കം പാലിച്ചും കേന്ദ്ര ഇടപെടലുകളെ അതിജീവിക്കാൻ നമുക്കായി. അതേസമയം, സാമ്പത്തികപ്രതിസന്ധി തീർത്ത്‌ കേന്ദ്രം കേരളത്തെ വേട്ടയാടുമ്പോൾ ഇവിടത്തെ പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും അതിനെ വെള്ളപൂശാൻ ശ്രമിച്ചു. ഇന്നത്തേതുപോലെ കേന്ദ്രത്തിന്റെ ശത്രുതയോ സാമ്പത്തിക പ്രയാസങ്ങളോ ഇല്ലാതിരുന്നിട്ടും ജീവനക്കാരുടെ അവകാശ–- ആനുകൂല്യങ്ങൾ കവർന്നെടുത്ത യുഡിഎഫ് സർക്കാരുകളുടെ ചരിത്രം ഇതോടൊപ്പം ചേർത്തുവായിക്കണം. സിവിൽ സർവീസിനെ ശിഥിലീകരിക്കുകയും സംസ്ഥാനങ്ങളുടെ അവകാശത്തിനുമേൽ നിയമവിരുദ്ധ ഉപരോധം അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ഇതര വിഭാഗങ്ങളുമായി ചേർന്ന് യോജിച്ച പ്രക്ഷോഭം സംഘടിപ്പിക്കേണ്ടതുണ്ട്. സിവിൽ സർവീസിന്റെ സംരക്ഷണവും ശാക്തീകരണവും ഉറപ്പുവരുത്തി നവകേരള നിർമാണം സാധ്യമാക്കുന്ന ബദൽനയങ്ങൾക്കായി അണിനിരക്കേണ്ട ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ടതുണ്ട്. അഴിമതിരഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവിൽ സർവീസ് യാഥാർഥ്യമാക്കാനും പ്രവർത്തനം സംഘടിപ്പിക്കണം. ആ ബഹുമുഖ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പര്യാപ്തമായ ചർച്ചകളും തീരുമാനങ്ങളും കൈക്കൊള്ളുന്നതാകും സമാനതകളില്ലാത്ത പുന്നപ്ര–- വയലാർ പോരാട്ടത്തിന്റെ വിപ്ലവഭൂമിക ആഥിത്യം വഹിക്കുന്ന സംസ്ഥാന ജീവനക്കാരുടെ സംഘടിത പ്രസ്ഥാനത്തിന്റെ 62–-ാം സമ്മേളനം. (എൻജിഒ യൂണിയൻ സംസ്ഥാന ജനറൽ
സെക്രട്ടറിയാണ് ലേഖകൻ)



deshabhimani section

Related News

View More
0 comments
Sort by

Home