ad
Deshabhimani

അപകടകരമാകുന്ന ലോകക്രമത്തിൽ ലെജിസ്ലേച്ചർ ആക്ടിവിസത്തിന്റെ കേരള നിയമസഭ

niyamsabha.2jpg.j
avatar
ജിഷ്ണു മധു

Published on Jan 13, 2026, 12:27 PM | 4 min read

സാമ്രാജ്യത്വവിരുദ്ധത മുറുകെപ്പിടിച്ച് ജനാധിപത്യപരവും പുരോഗമനപരവുമായ സാമൂഹ്യവ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന ആശയത്തിലൂന്നിയാണ് കേരള നിയമസഭയുടെ ഇടപെടലുകൾ. ലെജിസ്ലേച്ചർ ആക്ടിവിസമെന്ന അതിവിശാലമായ കാഴ്‌ചപ്പാടിലേക്ക്‌ നിയമസഭയെ ഉയർത്താൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കായിട്ടുണ്ട്. നിയമസഭയ്ക്ക് അകത്തും പുറത്തും സാർവദേശീയ രാഷ്ട്രീയം പറയുക എന്നതാണ് കേരളത്തിന്റെ ശീലം. ലോകത്തുണ്ടാകുന്ന മാറ്റങ്ങളുടെ നയസ്വഭാവമനുസരിച്ച് അനുകൂലവും പ്രതികൂലവുമായ നിലപാട് അറിയിച്ചാണ് സാമാജികർ തങ്ങളുടെ പങ്ക് സഭയിൽ വ്യക്തമാക്കിയിട്ടുള്ളത്.


niyamasabha bill

കേരള നിയമസഭ


കേരളത്തിന്റെ ഭൂമിശാസ്ത്ര അതിർത്തികൾക്കുള്ളിലെ 140 നിയമസഭാ മണ്ഡലങ്ങളിൽ നിന്നും സമ്മതിദാനത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ ഇവിടെ ഒരുമിച്ച് ചര്‍ച്ചകളില്‍ പങ്കാളികളാകുന്നു. ചർച്ചകൾ മുതൽ പ്രമേയാവതരണം വരെ നീളുന്ന ഇടപെടലുകൾ കേരളത്തെ ആഗോള രാഷ്ട്രീയ ഭൂപടത്തിൽ നിർണായകമാക്കിയിട്ടുണ്ട്.


പുസ്‌തകോത്സവത്തിലെ നിക്കോളാസ് മഡൂറോ


നിയമസഭാ പുസ്‌തകോത്സവത്തിന്റെ പ്രധാന കവാടത്തിലെ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോ കൈ ഉയർത്തി നിൽപ്പുണ്ട്. സാമ്രാജിത്വത്തിന്റെ ആക്രമണത്തിന് എതിരാണ് കേരളം എന്നതാണ് കൂറ്റൻ കട്ട്ഔട്ട് നൽകുന്ന സന്ദേശം. വെനസ്വേലയിൽ അതിക്രമിച്ചുകയറി പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും തട്ടിക്കൊണ്ടുപോയി തടവിലാക്കിയ അമേരിക്കൻ നടപടിക്കെതിരായ പ്രതിഷേധത്തിൽ കേരളത്തിന്റെ പങ്ക് വ്യക്തമാകുന്നു മഡൂറോയുടെ ചിത്രം.


niyamasabha.

നിയമസഭാ പുസ്‌തകോത്സവത്തിന്റെ പ്രധാന കവാടത്തിലെ വെനസ്വേലൻ

പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ കട്ട്ഔട്ടിനൊപ്പം ചിത്രമെടുക്കുന്ന കുട്ടി


ചിക്കാഗോ, അറ്റ്‌ലാന്റ, ന്യൂയോർക്ക് സിറ്റി, സിയാറ്റിൽ തുടങ്ങിയ പ്രമുഖ അമേരിക്കൻ നഗരങ്ങളിൽ ഡോണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ വെനസ്വേലൻ അധിനിവേശത്തിനെതിരെ വൻ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പതിനായിരക്കണക്കിന് ജനങ്ങളാണ് വെനസ്വേലയ്ക്ക് ഐക്യദാർഡ്യവുമായി തെരുവിലിറങ്ങിയത്.


വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് സമീപ ദിവസമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഭീകരപ്രവർത്തനമാണ്. ഇത്തരം ആക്രമണങ്ങളും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളും സഹിച്ച നാടാണ് ലാറ്റിൻ അമേരിക്ക. ഇത്തരം ഭീകര പ്രവർത്തനങ്ങൾ ലാറ്റിൻ അമേരിക്കയുടെ സമാധാനത്തിന് ഭീഷണിയാണ്. ആഗോള സമാധാനത്തെ തകർക്കുന്ന ഇത്തരം സാമ്രാജ്യത്വ നീക്കങ്ങൾക്കെതിരെ പ്രതിഷേധം ഉയരണമെന്നും വെനസ്വേലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ജനാധിപത്യ വിശ്വാസികൾ മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.


സമത്വത്തിന്റെ കൈകൾ, വിദ്യാഭ്യാസം


ലോകത്ത്‌ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്‌ വിലക്ക് പ്രഖ്യാപിച്ച ഏക രാജ്യമാണ്‌ അഫ്‌ഗാനിസ്ഥാൻ. 2021-ൽ അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ താലിബാൻ സർക്കാരാണ് പെൺകുട്ടികൾ ആറാംക്ലാസിനപ്പുറം പഠനം നടത്തേണ്ടെന്ന് തീരുമാനിച്ചത്.അഫ്ഗാനിസ്ഥാൻ ജനത അനുഭവിക്കുന്ന ജീവിതം ദുസ്സഹമാണ്. ഇതിനിടയിൽ യുദ്ധവും ഭൂകമ്പവും പ്രളയവുമെല്ലാം ലക്ഷങ്ങളുടെ ജീവൻ കവർന്നു.


വിദ്യാഭ്യാസം വിലക്കപ്പെട്ട പെൺകുട്ടികളുടെ ആകെ എണ്ണം 22 ലക്ഷം കവിഞ്ഞെന്ന്‌ യുനിസെഫിന്റെ കണക്കുകൾ വ്യക്തമാക്കുന്നതിനിടയിലായിരുന്നു അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കുട്ടികൾ കേരളത്തിന്റെ വിദ്യഭ്യാസ മന്ത്രിയെ കാണാനായി ഔദ്യോ​ഗിക വസതിയിലെത്തിയത്. മന്ത്രി വി ശിവൻകുട്ടിയുടെ ക്ഷണം സ്വീകരിച്ച് റോസ്ഹൗസിൽ എത്തിയ കുരുന്നുകൾ നിറചിരിയോടെ സംസാരിച്ചു.


afghan

അഫ്​ഗാൻ സ്വദേശികളായ കുട്ടികളുമായി സംസാരിക്കുന്ന മന്ത്രി വി ശിവൻകുട്ടി


ശ്രീകാര്യം ഗവൺമെന്റ് ഹൈസ്കൂളിലാണ് അഫ്​ഗാൻ സ്വദേശികളായ കുട്ടികൾ പഠിക്കുന്നത്. ആറാം ക്ലാസിൽ പഠിക്കുന്ന മാർവാ റഹീമി, അഹമ്മദ് മുസമീൽ റഹീമി, മൂന്നാം ക്ലാസിൽ പഠിക്കുന്ന അഹമ്മദ് മൻസൂർ റഹീമി എന്നിവരെയാണ് മന്ത്രി പരിചയപ്പെട്ടത്. തുടർന്ന് മന്ത്രി കുടുംബസമേതം പ്രഭാത ഭക്ഷണത്തിനായി റോസ്‌ഹൗസിൽ എത്താൻ ക്ഷണിക്കുകയായിരുന്നു.

കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും വിശേഷങ്ങൾ മന്ത്രി ചോദിച്ചറിഞ്ഞു. ലിഫ്റ്റും എസിയും ഉള്ള സ്കൂൾ അടിപൊളിയാണെന്ന് കുട്ടികൾ മന്ത്രിയോട് പറഞ്ഞു. തുടർന്ന് മന്ത്രിക്കൊപ്പം പ്രഭാത ഭക്ഷണവും കഴിച്ചാണ് പിരിഞ്ഞത്. നാളെ സ്കൂളോ അവിടെ നിന്നിരുന്ന കെട്ടിടാവശിഷ്ടമോ ബാക്കിയുണ്ടാകുമോയെന്നറിയാത്ത ജനതയുടെ പുതുതലമുറ പ്രതിനിധികളെ കേരളം സ്വീകരിച്ചെന്ന് ദേശീയമാധ്യമങ്ങൾ ഉൾപ്പടെ പ്രാധാന്യത്തിൽ നൽകി.


എല്ലാകാലവും പലസ്തീനൊപ്പം


സമകാല ചരിത്രത്തിൽ വംശീയതയുടെ ഏറ്റവും ക്രൂരമായ ഉന്മൂലന തന്ത്രങ്ങൾക്ക് ഇരയാകുന്ന പലസ്തീൻ ജനതയോടുള്ള നാടിന്റെ ഐക്യദാർഢ്യം പലകുറി നിയമസഭയിൽ ചർച്ചയായി. കേരളം സന്ദർശിച്ച ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിനോട് പലസ്തീൻ ജനതയോടുള്ള കേരളത്തിന്റെ ഐക്യദാർഢ്യം മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് അറിയിച്ചത്പോലും അതിനുള്ള തെളിവാണ്. നിയമസഭാ സമ്മേനത്തിന്റെ തിരക്കുകൾക്കിടയിലാണ് പ്രത്യേകം സമയം കണ്ടെത്തി മുഖമന്ത്രി വേട്ടയാടപ്പെടുന്ന രാജ്യത്തിന്റെ പ്രതിനിധി അബ്ദുള്ള അബു ഷാവേഷിസിനെ സ്വീകരിച്ചത്.


palastine ambassador

പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിനെ സ്വീകരിക്കുന്ന
മുഖ്യമന്ത്രി പിണറായി വിജയൻ


സാമ്രാജ്യത്വ പിന്തുണയോടെ എല്ലാ അന്താരാഷ്ട്ര ചട്ടങ്ങളെയും അട്ടിമറിച്ചാണ് പലസ്തീന്റെ മുഴുവൻ ജനാധിപത്യ അവകാശങ്ങളെയും ഇസ്രായേൽ നിഷേധിച്ചുപോരുന്നത്. പലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശത്തിനൊപ്പമാണ് കേരളം. ഐക്യരാഷ്ട്ര സഭയിലെ പ്രമേയത്തിനനുസൃതമായി കിഴക്കൻ ജറുസലേം തലസ്ഥാനമായിട്ടുള്ള പലസ്തീൻ രാഷ്ട്രം സാധ്യമാക്കുവാനും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്‌ഥാപിക്കുവാനും അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് അണിനിരക്കണം എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.


ലോകമെമ്പാടുമുള്ള ജനങ്ങൾ കേരളത്തിന്റെ മാതൃക പിന്തുടരുകയും തങ്ങളുടെ ജനങ്ങൾക്ക് പിന്നിൽ അണിനിരക്കുകയും ചെയ്യുമെന്ന് പലസ്തീൻ പ്രതീക്ഷിക്കുന്നതായി അബു ഷാവേസ് പ്രതികരിച്ചു. 2023 ഒക്ടോബറിൽ ഹമാസ് നടത്തിയ നീക്കത്തിന് ശേഷമല്ല അതിന് മുൻപ് തന്നെ ഇസ്രയേൽ വംശഹത്യാ നടപടികൾ പിന്തുടർന്ന് വരികയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ 65000 പേരെ അവർ കൊന്നൊടുക്കി. എന്നാൽ ലോകം വംശഹത്യയുടെ നീക്കങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. യൂറോപ്പിൽ നിന്നുള്ള രാജ്യങ്ങൾ വരെ അവർക്കെതിരെ തിരിഞ്ഞിരിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയിലെ 85 ശതമാനം അംഗങ്ങളും പലസ്തീനിൽ ഇസ്രയേൽ തുടരുന്ന കുരുതിക്കെതിരെ നിലപാട് എടുത്തു.

പലസ്തീൻ ജനതതോട് ഐക്യപ്പെടുന്ന മനസുകൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. ഇസ്രയേലിന്റെ അധിനിവേശ രാഷ്ട്ര സങ്കല്പത്തെ തുടക്കത്തിൽ അമേരിക്ക പോലും എതിർത്തിരുന്നതായും യുഎൻ കൌണസിലിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നതയും അബു ഷവേസ് ചൂണ്ടികാട്ടി.


cmpinarayi-1759136140300-d5e4d277-68cf-4194-90a4-76faec7855e5


മുഖ്യമന്ത്രിക്കും കേരള ജനതയ്ക്കും നന്ദി അറിയിച്ച് പലസ്തീനിലെ പരമ്പരാഗത മധുര പലഹാരവും സമ്മാനിച്ചാണ് അബ്ദുള്ള അബു ഷാവേഷ് പിരിഞ്ഞത്. വംശഹത്യയും ഗാസയിലെ ഭിന്നശേഷിക്കാരും എന്ന വിഷയത്തിൽ സംസാരിക്കാനായാണ് അദ്ദേഹം കേരളത്തിൽ എത്തിയത്.


ബജറ്റിൽ തുർക്കിയും ദുരന്ത ബാധിതരും


ലോക മനസാക്ഷിയെ ഞെട്ടിച്ച തുർക്കിയിലെ ഭൂകമ്പം പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവനെടുക്കുകയും ലക്ഷക്കണക്കിന് പേരെ നിരാലംബരാക്കുകയും ചെയ്തിരുന്ന സമയത്തും നിയമസഭ കരുത്തായി. ഭൂകമ്പ ബാധിതരെ സഹായിക്കാൻ ലോകമെമ്പാടുമുളളവർ മുന്നോട്ട് വരികയുണ്ടായി. പ്രളയവും പ്രകൃതി ദുരന്തങ്ങളുമുണ്ടായ ഘട്ടത്തിൽ കേരളത്തിനായി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുമെത്തിയ സഹായങ്ങളെ ഈ ഘട്ടത്തിൽ നന്ദിയോടെ ഓർത്തപോലെ കേരളം തുർക്കിക്കായി സഹായം പ്രഖ്യാപിച്ചു.


balagopal


രാജ്യത്താകെ നാശംവിതച്ച ഭൂകമ്പത്തിന്റെ ദുരിതം പേറുന്നവർക്ക് കേരളത്തിന്റെ സഹായമായി 10 കോടി രൂപയാണ് സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചത്. ഫെബ്രുവരി ആറിന് തുർക്കി-സിറിയ അതിർത്തി മേഖലയിലുണ്ടായ കനത്ത ഭൂകമ്പത്തിൽ 55,700 പേർ മരിച്ചതായാണ് കണക്ക്. ആയിരക്കണക്കിനാളുകൾക്ക് പരിക്കേൽക്കുകയും വീടുകളും കെട്ടിടങ്ങളും തകർന്നടിയുകയും ചെയ്തിരുന്നു.


നാൾക്കുനാൾ പിന്നോട്ടോടുന്ന രാജ്യത്തിനൊരു ബദൽ


ഗോമാതാവിനെ സംരക്ഷിക്കാനും തൊഴിൽ സമയം അട്ടിമറിക്കാനും കൂട്ടുനിന്ന ഉത്തർപ്രദേശ്‌, ഗുജറാത്ത്‌, മധ്യപ്രദേശ്‌, കർണാടകം, ഹിമാചൽപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലെ സഭകൾ നൽകുന്ന ഘട്ടത്തിൽ കേരളം ബദൽ മാതൃക തീർത്തു.


PinarayiVijayanLegislativeAssembly2-1737625140090-900x506


സംസ്ഥാനത്ത്‌ പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനത്തിൽനിന്ന് വായ്പയെടുത്ത് ജപ്തിഭീഷണി നേരിടുന്ന സാധാരണക്കാർക്ക്‌ സംരക്ഷണം നൽകുന്ന കേരള ഏക കിടപ്പാടം സംരക്ഷണ ബിൽ പാസാക്കിയത് സമീപകാലത്താണ്. നാട്ടിലിറങ്ങി മനുഷ്യരെ ആക്രമിക്കുന്ന വന്യജീവികളെ കൊല്ലാനുള്ള വനം ഭേദഗതി ബിൽ, പൊതുസേവനം അവകാശമാക്കുന്ന ബിൽ, സ്വകാര്യ ഉടമസ്ഥതയിലുള്ള അധികഭൂമി ക്രമീകരണ ബിൽ, സംഘങ്ങളുടെ രജിസ്‌ട്രേഷൻ ബിൽ, മലയാള ഭാഷാ ബിൽ എന്നിവ ഇ‍ൗ സമ്മേളനത്തിന്റെ സുപ്രധാന നിയമനിർമാണങ്ങളായി മാറി.


കർഷക ക്ഷേമനിധി ബിൽ, വ്യവസായ ഏകജാലക ബിൽ, നെൽവയൽ തണ്ണീർത്തട ഭേദഗതി ബിൽ, ക്രിസ്‌ത്യൻ സെമിത്തേരി ബിൽ, മലയാള ഭാഷാ ബിൽ എന്നിങ്ങനെ ആ പട്ടിക നീളുന്നു. പൗരത്വ നിയമം സംസ്ഥാനത്ത്‌ ഒരിക്കലും നടപ്പാക്കില്ലെന്നും ഒരാളെപ്പോലും അന്യനായി കണക്കാക്കില്ലെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചത്‌ രാജ്യം മറക്കില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home