11 December Wednesday

വോയേജർ 1 ഭൂമിയുമായുള്ള ആശയവിനിമയം വീണ്ടെടുത്തു: ഉപയോ​ഗിച്ചത് 1981 ടെക്നോളജി

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024

Photo credit: X

വാഷിങ്‌ടൺ ​> നാസയുടെ 47 വർഷം പഴക്കമുള്ള വോയേജർ 1 ബഹിരാകാശ പേടകം ഭൂമിയുമായുള്ള ആശയവിനിമയം പുനഃസ്ഥാപിച്ചു. 1981 മുതൽ ഉപയോഗത്തിലില്ലാതിരുന്ന റേഡിയോ ട്രാൻസ്‌മിറ്ററിന്റെ സഹായത്തോടെയാണ് ആശയവിനിമയം വീണ്ടെടുത്തത്. ഒക്ടോബർ 24-ന് കാലിഫോർണിയയിലെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ (ജെപിഎൽ) നാസ എഞ്ചിനീയർമാരാണ് ബഹിരാകാശ പേടകവുമായുള്ള ബന്ധം പുനഃസ്ഥാപിച്ചത്.

15 ബില്യൺ മൈലുകൾ അകലെ ഇന്റർസ്റ്റെല്ലാർ സ്പേസിലുള്ള പേടകവുമായുള്ള ആശയവിനിമയം കഴിഞ്ഞ ഒക്ടേബർ 16ന് നിലച്ചിരുന്നു. പേടകത്തിലെ ട്രാൻസ്‌മിറ്ററുകളിൽ ഒന്ന് പ്രവർത്തനരഹിതമായതിനെ തുടർന്നാണ് ആശയവിനിമയത്തിന് തടസം നേരിട്ടത്. പവർ ഉപയോ​ഗ പരിധി കഴിഞ്ഞതിനെ തുടർന്ന് പേടകത്തിലെ ഫോൾട്ട് പ്രൊട്ടക്ഷൻ സിസ്റ്റം  പവർകുറച്ചതോടെയാണ് ട്രാൻസ്മിറ്റർ പ്രവർത്തന രഹിതമായത്.

ഭൂമിയിൽ നിന്ന് പേടകത്തിലേക്കും പേടകത്തിൽ നിന്ന് ഭൂമിയിലേക്കും സന്ദേശങ്ങളയക്കാൻ 23 മണിക്കൂർ സമയമെടുക്കും. നാസയിലെ എഞ്ചിനീയർമാർ ഒക്ടോബർ 16ന് അയച്ച കമാൻഡിന് ഒക്ടോബർ 18 ആയപ്പോഴും പ്രതികരണം ലഭിച്ചില്ല. തുടർന്ന് പരിശോധിച്ചപ്പോഴാണ് വോയേജർ 1ലെ ഫോൾട്ട് പ്രൊട്ടക്ഷൻ സിസ്റ്റം പവർ കുറച്ച് സെക്കൻഡ് ലോവർ പവർ ട്രാൻസ്മിറ്ററിലേക്ക് മാറ്റിയകാര്യം മനസിലാകുന്നത്.

വോയേജർ 1പേടകത്തിൽ രണ്ട് ട്രാൻസ്മിറ്ററുകളാണ് ഉള്ളത്. ഇതിലൊന്നായ എക്സ് ബാന്റ് മാത്രമാണ് ഉപയോ​ഗത്തിലുണ്ടായിരുന്നത്. മറ്റോരു ട്രാൻസ്മിറ്രറായ എസ് ബാന്റ് 1981 മുതൽ ഉപയോ​ഗിച്ചിരുന്നില്ല. എന്നാൽ ഈ ബാന്റാണ് ഇപ്പോൾ ആക്ടീവ് ആയത്. എന്തുകൊണ്ടാണ് ഫോൾട്ട് പ്രൊട്ടക്ഷൻ സിസ്റ്റം ആക്റ്റിവേറ്റ് ചെയ്തതെന്ന് നിർണ്ണയിക്കാനാകുന്നതുവരെ എക്സ് ബാന്റിലേക്ക് സ്വിച്ച് ചെയ്യില്ലെന്ന് നാസ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top