09 November Saturday
ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്‌

ഗഗൻയാൻ വിക്ഷേപണം അടുത്തവർഷമില്ല

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ വിക്ഷേപണം അടുത്ത വർഷം ഉണ്ടാവില്ല. പ്രതീക്ഷിച്ചതുപോലെ 2025 ൽ പ്രാവർത്തികമാകില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്‌ പറഞ്ഞു. ഓൾ ഇന്ത്യ റേഡിയോയിൽ സർദാർ പട്ടേൽ സ്മാരക പ്രഭാഷണത്തിനിടെയാണ് ഗഗൻയാൻ ഉൾപ്പെടെ വിക്ഷേപണത്തിലെ മാറ്റങ്ങളെ കുറിച്ച് വ്യക്തമാക്കിയത്.

വിക്ഷേപണം 2026 ലേക്കു നീളും. ഇതിന് അനുസരിച്ച് മറ്റ് പദ്ധതികളിലും വ്യത്യാസമുണ്ടാവാം.

2026ൽ ലക്ഷ്യം വെച്ചിരുന്ന മനുഷ്യനെ വഹിച്ചുള്ള ഈ ദൗത്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗഗൻയാൻ വൺ (ജി1), ഗഗൻയാൻ 2 (ജി2) എന്നീ രണ്ട് ആളില്ലാ പരീക്ഷണദൗത്യങ്ങൾ നടക്കാനുണ്ട്. ജി1 ഈ വർഷം അവസാനത്തോടെ പരീക്ഷിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ജി2 2025ൽ ആയിരിക്കും പരീക്ഷിക്കുക എന്നുമായിരുന്നു സൂചനകൾ. പുതിയ സാഹചര്യത്തിൽ ഇവയുടെ വിക്ഷേപണവും വ്യത്യാസപ്പെടാം.

ആഗോള ബഹിരാകാശ സമ്പദ്‌വ്യവസ്ഥയിലെ ഇന്ത്യയുടെ സംഭാവന നിലവിലെ രണ്ടു ശതമാനത്തിൽനിന്ന് ഒരു ദശാബ്ദത്തിനുള്ളിൽ 10 ശതമാനമായി ഉയർത്താനാണ് ലക്ഷ്യമെന്നും സോമനാഥ് പ്രഭാഷണത്തിൽ വ്യക്തമാക്കി.

ഗഗൻയാൻ 2025നുള്ളിൽ പൂർത്തിയാക്കാനുള്ള ദൃഢനിശ്ചയത്തിലായിരുന്നു ഐഎസ്ആർഒ. എച്ച്എൽവിഎം3 റോക്കറ്റിലാണ് ഗഗൻയാൻ തൊടുക്കാൻ നിശ്ചയിച്ചിരുന്നത്.

ഗഗൻയാൻ ദൗത്യപേടകത്തിന്റെ അതേ വലുപ്പത്തിലും മാതൃകയിലുമാണ് ഗഗൻയാൻ വണ്ണും ടൂവും നടക്കേണ്ടിയിരന്നത്. ഇരു പരീക്ഷണദൗത്യങ്ങളിലും റോബോട്ടിക് സ്വഭാവത്തിലുള്ള ഹ്യൂമനോയ്ഡ് വ്യോംമിത്രയെ മനുഷ്യരൂപത്തിൽ ഉപയോഗപ്പെടുത്തും എന്നതാണ് പദ്ധതി.   

ഐഎസ്ആർഒയും അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും സംയുക്തമായി പ്രാവർത്തികമാക്കുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹമായ നിസാർ അടുത്ത വർഷം വിക്ഷേപിക്കുമെന്ന് സോമനാഥ് പ്രഭാഷണത്തിൽ വ്യക്തമാക്കി. നാസ-ഐഎസ്ആർഒ സിന്തറ്റിക് അപറേച്ചർ റഡാർ എന്നാണ് പൂർണപേര്. നാസ നിർമിച്ച ഉപഗ്രഹം ഐഎസ്ആർഒയാണ് വിക്ഷേപിക്കുന്നത്. ഡിസംബറിൽ ലക്ഷ്യമിട്ടിരുന്ന ഈ  വിക്ഷേപം സാങ്കേതികപ്രശ്നങ്ങളെത്തുടർന്ന് മാറ്റുകയായിരുന്നു. ഏറ്റവും ചെലവേറിയ ഈ ഭൗമ നിരീക്ഷണമാണ് നിസാർ. 150 കോടി യു എസ് ഡോളറാണ് ചെലവ്.

350 കിലോഗ്രാം വരുന്നതാണ് ചന്ദ്രയാൻ-5 ദൗത്യത്തിലെ റോവർ. ഭാരക്കൂടുതലുള്ളതിനാൽ ഇതൊരു സങ്കീർണ ദൗത്യമാണ്. ശ്രദ്ധയോടെ വേണം ഓരോ പ്രവർത്തനവും എന്നും സോമനാഥ് പറഞ്ഞു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപം സോഫ്റ്റ് ലാൻഡിങ് നടത്തിയ ചന്ദ്രയാൻ -3 ദൗത്യത്തിലെ പ്രഗ്യാൻ റോവറിന് 27 കിലോഗ്രാം മാത്രമായിരുന്നു ഭാരം. അതിന്റെ പത്തിരട്ടിയിലും കൂടുതലാണ് ലക്ഷ്യത്തിൽ എത്തിക്കേണ്ടത്.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top