ad
Deshabhimani

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി മഴ; വടക്കൻ ജില്ലകളിൽ കനത്തേക്കും

rain kerala mc road
വെബ് ഡെസ്ക്

Published on Aug 06, 2026, 10:42 AM | 2 min read

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി കനത്ത മഴ തുടരും. തെക്കൻ കര്‍ണാടകയ്ക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. വടക്കൻ പസിഫിക് സമുദ്രത്തിൽ രൂപംകൊണ്ട ഡോൾഫിൻ ചുഴലിക്കാറ്റ് ഇന്നും നാളെയും മധ്യ, വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കു കാരണമായേക്കുമെന്നാണ് സൂചന. ഇന്ത്യയിലെ കാലവർഷത്തിൽ ചുഴലിക്കാറ്റിന്റെ സ്വാധീനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.


ശക്തമായ മഴയ്ക്കുള്ള സാഹചര്യം കണക്കിലെടുത്ത് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസ‌ർകോട് ജില്ലകളിലിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതികളിൽ സംസ്ഥാനത്ത് ഇതുവരെ 29 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്ന 460 ക്യാമ്പുകളിലായി 30215 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.


തിരുവനന്തപുരം വിഴിഞ്ഞത്ത്‌ കടലിൽ കാണാതായ ജോൺ മത്തിയാസ്‌, കൊല്ലം നീണ്ടകരയിൽ മീൻപിടിത്തത്തിനിടെ തിരയിൽപ്പെട്ട ഗ‍ൗതം കൃഷ്‌ണൻ എന്നിവർക്കായി തിരച്ചിൽ തുടരുന്നു. ആലപ്പുഴ തോട്ടപ്പള്ളി പൊഴി പൂർണമായി മുറിക്കാത്തതും സ്‌പിൽവേയിൽ മാലിന്യമടിഞ്ഞ്‌ വെള്ളമൊഴുക്ക്‌ തടസ്സപ്പെട്ടതും കുട്ടനാട്ടിൽ സ്ഥിതി രൂക്ഷമാക്കി.


മഴയുടെ തീവ്രത കുറഞ്ഞതോടെ കോട്ടയത്ത് ചിലയിടങ്ങളിലെ വെള്ളക്കെട്ടിന് ശമനമുണ്ടായി. താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. മീനച്ചിലാറിൽ ജലനിരപ്പ് താഴ്ന്നു. പാലായിൽ പത്തടിയാണ് ജലനിരപ്പ് രേഖപ്പെടുത്തിയത്. കോട്ടയം ന​ഗരത്തോട് ചേർന്നുള്ള താഴ്ന്ന പ്രദേശത്ത് വെള്ളക്കെട്ട് ഇപ്പോഴും രൂക്ഷമാണ്.


അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ രാവിലെ 11.30 വരെ 1.1 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.


കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് 02.30 വരെ കന്യാകുമാരി തീരത്ത് 1.2 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home