ad
Deshabhimani

വില വർധനയ്ക്കു പിന്നാലെ കടുത്ത നിബന്ധനകളും; പാചകവാതകത്തിൽ കേന്ദ്രത്തിന്റെ കടുംവെട്ട്; 16 മുതൽ ഗ്യാസ്‌ ലഭിക്കില്ല

lpg price hike ekyc

എഐ പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Aug 06, 2026, 11:31 AM | 1 min read

തിരുവനന്തപുരം : പാചകവാതകത്തിന്റെയും അവശ്യവസ്തുക്കളുടെയും വില വർധനയിൽ വലഞ്ഞ ജനങ്ങൾക്ക് വീണ്ടും കേന്ദ്രത്തിന്റെ കടുംവെട്ട്. ബയോമെട്രിക് ആധാർ ഇ–കെവൈസി ആ​ഗസ്ത് 16നകം പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് ​ഗാർഹിക നിരക്കിൽ സിലിണ്ടർ നൽകില്ലെന്നാണ് തീരുമാനം. മതിയായ സാവകാശം നൽകാതെയും പ്രായമായവർക്കും സാങ്കേതികപരിജ്ഞാനം ഇല്ലാത്തവർക്കും ബദൽ മാർഗങ്ങൾ കാര്യക്ഷമമാക്കാതെയുമാണ് ഗാർഹിക ഗ്യാസ്‌ സിലിണ്ടർ വിതരണം നിർത്താനുള്ള കേന്ദ്ര നീക്കം. ഇ–കെവൈസി പൂർത്തിയാക്കാത്തവർക്ക് നടപടിക്രമം പൂർത്തിയാക്കുന്നതുവരെ ഗാർഹിക നിരക്കിൽ 14.2 കിലോ സിലിണ്ടർ ലഭിക്കില്ലെന്നാണ് ഉപഭോക്താക്കൾക്ക് ലഭിച്ച സന്ദേശത്തിൽ പറയുന്നത്. ഇന്ത്യൻ, എച്ച്‌പി, ഭാരത്‌ തുടങ്ങി എല്ലാ കമ്പനികളും ഇതിലുൾപ്പെടും.


IndianOil ONE ആപ്പ് ഉപയോഗിച്ചോ എൽപിജി വിതരണ ഏജൻസിയിലോ, സിലിണ്ടർ എത്തിക്കുന്ന ജീവനക്കാരൻ വഴിയോ ഇ– കെവൈസി പൂർത്തിയാക്കാം. ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് സബ്സിഡി ലഭിക്കുന്ന ഉപഭോക്താക്കൾ ഇ–കെവൈസി പൂർത്തിയാക്കിയില്ലെങ്കിൽ ആ ആനുകൂല്യവും താൽക്കാലികമായി നഷ്ടപ്പെടും. ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കും സാധാരണ ഗാർഹിക ഉപഭോക്താക്കൾക്കും സന്ദേശം ലഭിച്ചിട്ടുണ്ട്.


2024ലാണ്‌ ഗ്യാസ്‌ സിലിണ്ടർ ലഭിക്കാൻ ഇ കെവൈസി പൂർത്തിയാക്കണമെന്ന്‌ കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്‌. എന്നാലിത്‌ നിർബന്ധമല്ലാതിരുന്നതിനാൽ ബഹുഭൂരിപക്ഷവും ഇകെവൈസി ചെയ്‌തിരുന്നില്ല. ഗ്യാസ് വില കുത്തനെ കൂട്ടിയും സബ്‌സിഡി വെട്ടിക്കുറച്ചുമുള്ള ജനദ്രോഹ നയങ്ങൾക്ക്‌ പിന്നാലെയാണ്‌ പുതിയ നിബന്ധന. എന്നാൽ അർഹരായ ഉപഭോക്താക്കളെ സ്ഥിരീകരിക്കുകയും സബ്സിഡി വിതരണം സുരക്ഷിതമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് കേന്ദ്രത്തിന്റെ ന്യായീകരണം. പിഎം ഉജ്വൽ യോജന അടക്കമുള്ള ഗ്യാസ്‌ സബ്‌സിഡി ലഭിക്കുന്ന പദ്ധതികളിലെ ഉപഭോക്‌താക്കളെ വെട്ടിക്കുറയ്‌ക്കാൻ കൂടി ലക്ഷ്യമിട്ടാണ്‌ ഉത്തരവ്‌. നിലവിൽ ഇകെവൈസി പൂർത്തിയാക്കിയവർക്ക്‌ മാത്രമാണ്‌ സബ്‌സിഡി ലഭിക്കുന്നത്‌. കണക്ഷൻ ഉടമ മരിച്ചെങ്കിൽ ഉടമസ്ഥാവകാശം മാറ്റി പ്രകിയ പൂറത്തീകരിക്കാൻ സമയം വേണ്ടി വരും. ഇത്തരം പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിക്കാതെയാണ്‌ സമയപരിധി നിശ്ചയിച്ചത്‌.


​ഇ-കെവൈസി പൂർത്തിയാക്കേണ്ട വഴികൾ


​1) വിതരണ കമ്പനികളുടെ ആപ്ലിക്കേഷനും ആധാർ ഫേസ് ആർഡി ആപ്ലിക്കേഷനും ഉപയോഗിച്ച് ഓൺലൈനായി

2) ​ബന്ധപ്പെട്ട ഗ്യാസ് വിതരണ ഏജൻസിയിൽ നേരിട്ടെത്തി

​3) ഗ്യാസ് വിതരണം ചെയ്യാനെത്തുന്ന ഡെലിവറി ഏജന്റുമാരുടെ പക്കലുള്ള ഉപകരണം ഉപയോഗിച്ച്




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home