രാജ്യത്തെ വിദ്യാർഥികളുടെ ശബ്ദമാകും; സിജെപിയുടെ നിർണായക പ്രഖ്യാപനം ഇന്ന്

ന്യൂഡൽഹി: 'കോക്രോച്ച് ജനതാ പാർട്ടി' തങ്ങളുടെ ഭാവി പ്രവർത്തന പദ്ധതികളും ദേശീയ വിപുലീകരണ രൂപരേഖയും പ്രഖ്യാപിക്കാനൊരുങ്ങുന്നു. പ്രസ്ഥാനത്തിന്റെ അടുത്ത ഘട്ട പ്രവർത്തനങ്ങൾക്കായുള്ള രൂപരേഖ തയ്യാറായെന്നും ഇതുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടാകുമെന്നും സിജെപി വക്താവ് അശുതോഷ് റങ്ക അറിയിച്ചു.
പാർട്ടിയുണ്ടാക്കുകയല്ല സിജെപിയുടെ ലക്ഷ്യമെന്ന് അറിയിച്ച വക്താക്കൾ, തങ്ങളുടെ പ്രവർത്തനങ്ങൾ ഇന്ത്യയിലൊട്ടാകെ വ്യാപിപ്പിക്കുമെന്നും അറിയിച്ചു. പരീക്ഷാ ചോദ്യപേപ്പർ ചോർച്ചകൾ തടയൽ, വിദ്യാഭ്യാസ രംഗത്തെ സുതാര്യത, വിദ്യാർത്ഥി ക്ഷേമം എന്നിവയിലായിരിക്കും സംഘടന ശ്രദ്ധ കേന്ദ്രീകരിക്കുക. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണ നൽകാനും തീരുമാനമായിട്ടുണ്ട്.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ പദ്ധതിയില്ലെന്നും, വിദ്യാഭ്യാസ പരിഷ്കരണങ്ങൾ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഒരു ഗ്രൂപ്പായി മാത്രമായിരിക്കും സംഘടന തുടരുകയെന്നും സിജെപി നേതൃത്വം വ്യക്തമാക്കി. നിലവിലെ രാഷ്ട്രീയ-നീതിന്യായ വ്യവസ്ഥകളിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും, അതിനാൽ വിദ്യാഭ്യാസ പരിഷ്കരണത്തിനായി മാത്രം പ്രവർത്തിക്കുന്ന ഒരു സാമൂഹിക പ്രസ്ഥാനമായി തുടരുമെന്നും സിജെപി അറിയിച്ചു.
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ സിജെപിയുടെ സ്ഥാപകൻ അഭീജിത് ദീപ്കെയുടെ വസതിയിൽ ചേർന്ന ഏഴ് മണിക്കൂർ നീണ്ട യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുത്തത്. അഭീജിത് ദീപ്കെയെ കൂടാതെ പ്രമുഖ നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. അടുത്തിടെ സൗരവ് ദാസിന്റെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചും സംഘടന നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
ഗാന്ധിജിയുടെയും ഡോ. ബി ആർ അംബേദ്കറുടെയും തത്വങ്ങളിൽ അധിഷ്ഠിതമായി, ജനാധിപത്യപരവുമായ മാർഗ്ഗങ്ങളിലൂടെ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കാനാണ് സംഘടനയുടെ തീരുമാനം. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭങ്ങളെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ച സംഭവത്തിന് തൊട്ടുപിന്നാലെയാണ് സിജെപിയുടെ ഈ നിർണായക നീക്കം.








0 comments