ad
Deshabhimani

പൊഴിമുഖം തുറന്നില്ല; കുട്ടനാട്‌ മുങ്ങിത്തന്നെ

kuttanad mankomp flood

പുളിങ്കുന്നിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ട്രാക്ടറിന്റെ സഹായത്തോടെ ആളുകൾ മങ്കൊമ്പ് പാലത്തിലേക്ക് എത്തുന്നു

വെബ് ഡെസ്ക്

Published on Aug 06, 2026, 10:39 AM | 2 min read

ആലപ്പുഴ : മഴ കുറഞ്ഞിട്ടും ബുധനാഴ്‌ച കുട്ടനാട്ടില്‍ ജലനിരപ്പ്‌ കൂടി. ഏതാണ്ട്‌ നാലിൽ മൂന്നുഭാഗവും വെള്ളത്തിലായി. തോട്ടപ്പള്ളി പൊഴി പൂർണമായി മുറിക്കാത്തതും സ്‌പിൽവേയിൽ മാലിന്യം അടിഞ്ഞുകൂടി വെള്ളമൊഴുക്ക്‌ തടസ്സപ്പെട്ടതും സ്ഥിതിഗതി രൂക്ഷമാക്കി. മാലിന്യം നീക്കംചെയ്യുന്നതിന്‌ പകരം കടലിലേക്ക്‌ തള്ളിവിടാൻ ശ്രമിച്ചതും എതിർപ്പുയർത്തി.


ജില്ലയിൽ ചെങ്ങന്നൂർ ഭാഗത്ത്‌ നേരിയ തോതിൽ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്‌. എന്നാൽ മാവേലിക്കര, മാന്നാർ, കുട്ടനാട്‌ ഭാഗങ്ങളിൽ ജലനിരപ്പ്‌ ഉയർന്നുനിൽക്കുകയാണ്‌. കുട്ടനാട്‌ ഭാഗത്താണ്‌ സ്ഥിതി ഏറെ രൂക്ഷമായിട്ടുള്ളത്‌. രണ്ട്‌ അടിയോളം കൂടി വെള്ളം ഉയർന്നാൽ ഇവിടെ 2018 ലെ പ്രളയത്തിന്‌ സമാനമായ രീതിയിലാവും ജലനിരപ്പ്‌. 2018ൽ കുട്ടനാട്ടിലെ 12 പഞ്ചായത്തുകളിലെയും ജനങ്ങളെ ഒഴിപ്പിച്ച്‌ ക്യാമ്പുകളിൽ എത്തിച്ചിരുന്നു. എന്നാൽ ഇത്തവണ ഒഴിപ്പിക്കലിനുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 90 ആയി. ഇവിടെ 9440 പേരെയാണ്‌ മാറ്റി പാർപ്പിച്ചിരിക്കുന്നത്‌.


കിഴക്കൻ വെള്ളത്തിന്റെ വരവും മഴയും കാരണം ദുരിതംപേറി കുട്ടനാടൻ ജനതയെ സർക്കാരും തിരിഞ്ഞുനോക്കുന്നില്ല. 2018ലെ പ്രളയ സമാനമായ ദുരിതമാണ് കുട്ടനാട്ടിൽ ഇപ്പോൾ. ഒറ്റ രാത്രി കൊണ്ട്‌ ജലനിരപ്പ് ഉയർന്നത് നൂറുകണക്കിനു വീടുകൾ വെള്ളത്തിലാക്കി. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാത, വീയപുരം – എടത്വ, നീരേറ്റുപുറം - മുട്ടാർ, വീയപുരം–മാന്നാർ, എടത്വ - വേഴപ്ര റോഡ്, എടത്വ - മാമ്പുഴക്കരി റോഡുകൾ ഉൾപ്പെടെ വെള്ളത്തിലായി. കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ സർവീസുകൾ പൂർണമായും നിർത്തി. ഇതോടെ വീടുകളിൽ വെള്ളം കയറിയ വീടുകളിലുള്ളവർക്ക് ബന്ധുവീടുകളിലേക്കുപോലും പോകാനാവുന്നില്ല.

സർക്കാർ സംവിധാനങ്ങൾ കാര്യമായ ഇടപെടൽ കുട്ടനാട്ടിൽ നടത്തുന്നില്ല. പഞ്ചായത്തുകളുടെ ഇടപെടൽ മാത്രമാണ്‌ ആശ്വാസം. കിഴക്കൻ വെള്ളം വരുന്നതിനാൽ കുട്ടനാട്ടിൽ മഴ ഇല്ലെങ്കിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. തലവടി, മുട്ടാർ, എടത്വ, തകഴി, വെളിയനാട്, രാമങ്കരി, പുളിങ്കുന്ന്, കൈനകരി, കാവാലം, നീലംപേരുർ പഞ്ചായത്തുകളിലാണ്‌ ജലനിരപ്പ് ഉയര്‍ന്നു നിൽക്കുന്നത്. രണ്ടാം കൃഷി ചെയ്യുന്ന പാടശേഖരങ്ങളിൽ വെള്ളം ബണ്ടിൽ കവിഞ്ഞു കയറി. ചൊവ്വ വൈകിട്ട് ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ 214 ഏക്കർ വരുന്ന മൂല പൊങ്ങംപ്ര പാടശേഖരം മടവീണതോടെ എസി റോഡിൽ മങ്കൊമ്പ് പാലത്തിന്റെ കിഴക്കുവശം മുതൽ ഒന്നാംകര വരയുള്ള ഭാഗം വെള്ളത്തിൽ മുങ്ങി. മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രം, താലൂക്ക്‌ ഓഫീസ് ഉൾപ്പെടുന്ന പ്രദേശമാകെ വെള്ളത്തിലാണ്‌.


കുട്ടനാടിനെ മുക്കിയത്‌ തോട്ടപ്പള്ളിയിലെ പിടിപ്പുകേട്‌

തോട്ടപ്പള്ളി സ്‌പിൽവേയിലൂടെ വെള്ളം ഒഴുകിപ്പോകുന്നതിന്‌ സ്വീകരിച്ച നടപടികൾ കാര്യക്ഷമമായില്ല. ഇതിനാലാണ് കുട്ടനാടൻ ഭാഗങ്ങളിൽ ഭീതിജനകമായ അവസ്ഥ തുടരുന്നത്. മൂന്ന്‌ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച്‌ പൊഴിമുഖത്തെ മണൽ നീക്കുന്നുണ്ടെങ്കിലും ഇതിന്‌ തീരെ വേഗമില്ല. വെള്ളം നന്നായി ഒഴുകുന്നതിന്‌ വേണ്ടത്ര ആഴവും ലഭിക്കില്ല. 300 മീറ്റർ വീതിയിലും 20 മീറ്ററെങ്കിലും ആഴവും കിട്ടുന്നതരത്തിൽ ഡ്രഡ്‌ജ്‌ ചെയ്‌ത്‌ മണ്ണ്‌ നീക്കിയാൽ മാത്രമേ ഒഴുക്ക്‌ നല്ലരീതിയിൽ ഉണ്ടാവൂ. ഇത്തവണ 100 മീറ്റർ വീതിയിലാണ്‌ ഇതുവരെ തുറന്നത്‌. പൊഴിയിൽ കുടുങ്ങിക്കിടക്കുന്ന മാലിന്യങ്ങളും ഒഴുക്ക്‌ തടസപ്പെടുത്തുന്നുണ്ട്‌.


ബുധനാഴ്‌ച സ്‌പിൽവേയ്‌ക്ക്‌ സമീപമുള്ള മാലിന്യങ്ങൾ നീക്കാൻ നടപടിയാരംഭിച്ചു. ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി സ്‌പിൽവേയ്‌ക്ക്‌ സമാന്തരമായി പടിഞ്ഞാറുഭാഗത്ത്‌ നിർമിച്ച താൽക്കാലികപാലത്തിൽ തങ്ങിയ മാലിന്യങ്ങളാണ്‌ നീക്കുന്നത്‌. ജെസിബി ഉപയോഗിച്ച്‌ പാലം മുറിച്ചാണ്‌ മാലിന്യം തള്ളിയത്‌. പ്ലാസ്‌റ്റിക്കും തടിക്കഷണങ്ങളും ഉൾപ്പെടെ ടൺ കണക്കിന്‌ മാലിന്യങ്ങൾ കടലിലേക്ക്‌ ഒഴുക്കിയത്‌ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിനും വഴിയൊരുക്കി.


സ്‌പിൽവേയ്‌ക്ക്‌ കിഴക്കുഭാഗത്ത്‌ വൻതോതിൽ മാലിന്യം കെട്ടിക്കിടക്കുന്നുണ്ട്‌. ഇത്‌ ഷട്ടറിൽ തടഞ്ഞ്‌ ഒഴുക്ക്‌ തടസപ്പെടുന്നുണ്ട്‌. ഇവ രാത്രി സമയത്ത്‌ നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ്‌ അധികൃതർ പറയുന്നത്‌. കഴിഞ്ഞദിവസം ജലസേചന വകുപ്പ്‌ അധികൃതർ ഷട്ടറിലൂടെ മാലിന്യം തള്ളാൻ ശ്രമിച്ചത്‌ നാട്ടുകാരുടെ പ്രതിഷേധത്തിന്‌ ഇടയാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home