ad
Deshabhimani

ആലപ്പുഴയിൽ വൃദ്ധദമ്പതിമാർക്ക് നേരെ മുളകുപൊടിയെറിഞ്ഞ്‌ കവർച്ച; പ്രതി എറണാകുളത്ത്‌ തട്ടിയത്‌ 75 ലക്ഷം

theft accused

പ്രതിയുമായി പൊലീസ്‌ തെളിവെടുപ്പ് നടത്തുന്നു

വെബ് ഡെസ്ക്

Published on Aug 06, 2026, 10:00 AM | 1 min read

ആലപ്പുഴ : വൃദ്ധദമ്പതിമാർക്ക് നേരെ മുളകുപൊടി വിതറി സ്വർണവും പണവും കവർന്ന കേസിലെ പ്രതി എറണാകുളത്ത്‌ സാമ്പത്തിക തട്ടിപ്പ്‌ കേസിലും പ്രതി. എറണാകുളത്ത് അപ്പാർട്ട്മെന്റിന്റെ ഉടമയാണെന്ന് വിശ്വസിപ്പിച്ച് ഫ്ലാറ്റുകൾ പണയം നൽകി യുവതി ഉൾപ്പെടെ അഞ്ച്‌ പേരിൽനിന്നായി 75 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ്‌ രാജ്‌മോഹൻ ഭാര്യ പ്രിയംവദ ഉൾപ്പെടെ അഞ്ചുപേർ പ്രതികളായത്‌.


എറണാകുളം ടൗൺ നോർത്ത് പൊലീസിൽ രജിസ്‌റ്റർ ചെയ്‌ത കേസിൽ കഴിഞ്ഞ മാർച്ച്‌ 25 പടിയിലായ രാജ്‌മോഹൻ 115 ദിവസത്തോളം റിമാൻഡിൽ തുടർന്ന ശേഷം ജൂലൈ പകുതിയോടെയാണ്‌ ജാമ്യത്തിലിറങ്ങിയത്‌. എറണാകുളം കതൃക്കടവിലെ ഫ്ലാറ്റിന്റെ മാനേജരായിരുന്ന രാജ്‌മോഹൻ ഇതേ ഫ്ലാറ്റിൽ ആറ്‌ അപ്പാർട്ടുമെന്റുകൾ തന്റെതാണെന്നും 15 ലക്ഷം രൂപയ്‌ക്ക്‌ പണയം നൽകാമെന്നും കാണിച്ച്‌ ഒഎൽഎക്‌സിൽ പരസ്യം നൽകുകയായിരുന്നു. പരസ്യം കണ്ട്‌ എത്തിയ അഞ്ച്‌ ക‍ുടുംബത്തിനാണ്‌ പണം നഷ്‌ടമായത്‌. അഞ്ച്‌ കുടുംബവും ഇവിടെ താമസം തുടർന്നെങ്കിലും യഥാർഥ ഉടമകൾ എത്തിയതോടെയാണ്‌ കള്ളിവെളിച്ചത്തായത്‌. തുടർന്ന്‌ നൽകിയ പരാതിയിലാണ്‌ അറസ്‌റ്റ്‌.


ജയിലിൽനിന്നിറങ്ങിയ ശേഷം ആലപ്പുഴയിലെത്തി കവർച്ച നടത്തുകയായിരുന്നു. കൈതവന കണിയാംകുളം അപർണയിൽ കയർഫെഡ് മുൻ പർച്ചേസ് മാനേജർ കെ ആർ സുദർശൻ (70), ഭാര്യ രത്നകുമാരി (65) എന്നിവരെ ആക്രമിച്ചാണ്‌ രണ്ട്‌ മാലയും വളയും മൂന്ന്‌ മോതിരവുമടക്കം 63.5 ഗ്രാം സ്വർണവും 5000 രൂപയും കവർന്നത്. കേസിൽ മണിക്കൂറുകൾക്കുള്ളിൽ പിടിയിലായ പ്രതി നിലവിൽ റിമാൻഡിൽ കഴിയുകയാണ്‌. ഇയാൾക്കായി അടുത്ത ദിവസം പൊലീസ്‌ കസ്‌റ്റഡി അപേക്ഷ നൽകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home