12 December Thursday

കൊമ്പൻസ്‌ കുതിച്ചു ; സൂപ്പർ ലീഗ് കേരളയിൽ തൃശൂർ മാജിക്കിനെ രണ്ട് ഗോളിന് തോൽപ്പിച്ചു

പി അഭിഷേക്‌Updated: Friday Oct 11, 2024

തൃശൂർ മാജിക് എഫ്സിക്കെതിരെ ഗോൾ നേടിയ തിരുവനന്തപുരം കൊമ്പൻസ് ടീം ആഹ്ലാദത്തിൽ


മലപ്പുറം
മഴയിൽ മുങ്ങിയ കളിയിൽ തൃശൂർ മാജിക്‌ എഫ്‌സിയെ രണ്ട്‌ ഗോളിന്‌ തകർത്ത്‌ തിരുവനന്തപുരം കൊമ്പൻസ് സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോളിൽ കുതിച്ചു. ഓട്ടമർ ബിസ്‌പോയും പകരക്കാരനായി എത്തിയ മലയാളിതാരം എൻ ഷിഹാദുമാണ്‌ ലക്ഷ്യംകണ്ടത്‌. മഴ കാരണം 15 മിനിറ്റ് വൈകിയാണ് കളി ആരംഭിച്ചത്.

നനഞ്ഞ മൈതാനത്ത് കളിക്കാർക്ക്‌ അനായാസം പന്ത്‌ തട്ടാനായില്ല. എങ്കിലും ഇരുടീമുകളും വീറോടെ കളിച്ചു. ആദ്യപകുതിയിൽ തൃശൂരിന്റെ മുന്നേറ്റമായിരുന്നു. പലതവണ തിരുവനന്തപുരം ബോക്സിൽ സമ്മർദം ചെലുത്തി. രണ്ട് ഗോൾശ്രമങ്ങൾ ചെറിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. ഒരുതവണ കോർണർ കിക്കിലൂടെ ലഭിച്ച പന്തിൽ  ജസ്റ്റിൻ ജോർജ് തലവച്ചെങ്കിലും പോസ്‌റ്റിലുരുമ്മി തെറിച്ചു. പിന്നാലെ ബോക്സിന് പുറത്തുവച്ച്‌ ബ്രസീൽതാരം അലക്സ് സാന്റോസ്‌ തൊടുത്ത ഫ്രീകിക്കും നേരിയ വ്യത്യാസത്തിൽ പുറത്തായി.

കളി പുരോഗമിക്കുംതോറും തിരുവനന്തപുരം കളിയിലേക്ക്‌ വന്നു. ഇടവേളയ്‌ക്ക്‌ പിരിയുന്നതിന്‌ തൊട്ടുമുമ്പ്‌ അവർ ലീഡും നേടി. കൊമ്പൻസിന്റെ  റെനാൻ റോച്ചയെ  തൃശൂർ ഗോൾകീപ്പർ പ്രതീഷ്‌ ബോക്‌സിൽ വീഴ്‌ത്തിയതിന്‌ പെനൽറ്റി.  അനായാസം ബിസ്‌പോ ലക്ഷ്യംകണ്ടു.

പിന്നാലെ തൃശൂരിന്‌ അനുകൂലമായും പെനൽറ്റി കിട്ടി. എന്നാൽ, അലക്സ് സാന്റോസെടുത്ത കിക്ക് കൊമ്പൻസ്‌ ഗോൾകീപ്പർ മിക്കേൽ സാന്റോസ്‌ കുത്തിയകറ്റി.
ഇടവേളയ്‌ക്കുശേഷം കളി പൂർണമായും കൊമ്പൻസിന്റെ കാലിലായി. ഇതോടെ തൃശൂർ പ്രതിരോധം സമ്മർദത്തിലായി. കളിയുടെ അവസാന ഘട്ടത്തിലായിരുന്നു രണ്ടാംഗോൾ.  പരിക്കുസമയത്ത്‌ ഷിഹാദ്‌ ബോക്സിന് പുറത്തുനിന്ന്‌ തൊടുത്ത ഷോട്ട്‌ ഗോൾകീപ്പറെ മറികടന്ന് തൃശൂരിന്റെ വലയിൽ പതിച്ചു.

തിരുവനന്തപുരം കൊമ്പൻസിന്റെ രണ്ടാം ജയമാണ്. പോയിന്റ്‌ പട്ടികയിൽ ഒമ്പത് പോയിന്റോടെ നാലാംസ്ഥാനത്താണ് ടീം. അഞ്ചാം തോൽവിയോടെ തൃശൂർ അവസാനസ്ഥാനത്ത്‌ തുടർന്നു.
 


ഇന്ന്‌ കലിക്കറ്റ്‌ മലപ്പുറം ; നാളെ ഫോഴ്സ കൊച്ചി x കണ്ണൂർ വാരിയേഴ്സ്

സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോളിൽ ഇന്ന്‌ കലിക്കറ്റ്‌ എഫ്‌സിയും മലപ്പുറം എഫ്‌സിയും ഏറ്റുമുട്ടും. കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ്‌ കളി. സ്വന്തം തട്ടകത്തിൽ കലിക്കറ്റ്‌ എഫ്‌സിയുടെ അവസാന മത്സരമാണിത്‌. നിലവിൽ ലീഗ്‌ പട്ടികയിൽ രണ്ടാംസ്ഥാനത്താണ്‌. പയ്യനാട്‌ സ്‌റ്റേഡിയത്തിൽ നടന്ന കളിയിൽ 3–-0 ന്‌ മലപ്പുറത്തെ തോൽപ്പിച്ചിരുന്നു.നാളെ ഫോഴ്സ കൊച്ചി കണ്ണൂർ വാരിയേഴ്സിനെ നേരിടും. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്--ക്കാണ് കളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top