ad
Deshabhimani

രാജ്യദ്രോഹനിയമം 
മരവിപ്പിച്ചു ; 124 എ പ്രകാരം രാജ്യദ്രോഹക്കുറ്റം
 ചുമത്തുന്നത് മരവിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 12, 2022, 01:50 AM | 0 min read


  
ന്യൂഡൽഹി
രാജ്യദ്രോഹക്കുറ്റം ചുമത്തി എതിർശബ്‌ദങ്ങളുടെ നാവരിയാൻ നരേന്ദ്രമോദി സർക്കാർ വ്യാപകമായി ദുരുപയോഗിച്ച  ഇന്ത്യൻ ശിക്ഷാനിയമത്തിലെ  124എ വകുപ്പ്  മരവിപ്പിച്ച്‌ സുപ്രീംകോടതിയുടെ ചരിത്രപരമായ ഇടപെടൽ. വകുപ്പിന്റെ പുനഃപരിശോധനയിൽ തീരുമാനമാകുംവരെ 124എ വകുപ്പ്‌ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുന്നത് കോടതി തടഞ്ഞു.

കോളനിവാഴ്ചക്കാലത്തിന്റെ ബാക്കിപത്രമായ നൂറ്റാണ്ടിലേറെ പഴക്കമുള്ള നിയമമാണ് ചീഫ്‌ ജസ്റ്റിസ്‌ എൻ വി രമണ അധ്യക്ഷനും  ജസ്റ്റിസുമാരായ ഹിമാകോഹ്‌ലി, സൂര്യകാന്ത്‌ എന്നിവര്‍ അം​ഗങ്ങളുമായ ബെഞ്ച്‌ മരവിപ്പിച്ചത്‌. 124എ വകുപ്പിന്റെ നിയമസാധുത ചോദ്യം ചെയ്‌ത്‌ രാഷ്ട്രീയ, സാമൂഹ്യ, മാധ്യമ പ്രവർത്തകർ നൽകിയ ഹർജികളിലാണ്‌ സുപ്രീംകോടതി ഇടപെടൽ.

124എ നിലനിർത്തണോ വേണ്ടയോ എന്നതിൽ ബന്ധപ്പെട്ട സമിതികൾ തീരുമാനമെടുക്കുംവരെ കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരുകളോ ഈ വകുപ്പ്‌ ചുമത്തി കേസെടുക്കരുതെന്ന് ഇടക്കാല ഉത്തരവിലുണ്ട്. 124എ ചുമത്തിയ എല്ലാ കേസും അപ്പീലുകളും അന്വേഷണം തുടരുന്ന കേസുകളും  ഇനി ഉത്തരവ്‌ ഉണ്ടാകുന്നതുവരെ മരവിപ്പിച്ചു. 124എ ചുമത്തപ്പെട്ട്‌ ജയിലിലുള്ളവർക്ക്‌ ജാമ്യത്തിനായി കോടതികളെ സമീപിക്കാം. സുപ്രീംകോടതി ഉത്തരവ് അവഗണിച്ച്‌ ഈ വകുപ്പ്‌ ചുമത്തിയാൽ അവർക്കും കോടതിയിലെത്താം. 124എ വകുപ്പിനൊപ്പം മറ്റു വകുപ്പുകൾ ചുമത്തിയിട്ടുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട നടപടികൾ തുടരാമെന്നും സുപ്രീംകോടതി അറിയിച്ചു. 124എ വകുപ്പിന്റെ കഠോരസ്വഭാവം ഈ കാലഘട്ടവുമായി യോജിച്ചുപോകുന്നതല്ലെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ചു. രാജ്യം കൊളോണിയൽ ഭരണത്തിനു കീഴിലായിരുന്ന കാലത്താണ്‌ ഈ വകുപ്പ്‌ നിലവിൽ വന്നത്‌. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ അത്‌ പുനഃപരിശോധിക്കണം. പരിശോധന പൂർത്തിയാകുംവരെ 124എ വകുപ്പ്‌ പ്രയോഗിക്കാതിരിക്കുന്നതാണ്‌ ഉചിതം–- സുപ്രീംകോടതി ഇടക്കാല ഉത്തരവിൽ നിർദേശിച്ചു.

ഈ വകുപ്പ്‌ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി സുപ്രീംകോടതി നേരത്തേ ചൂണ്ടിക്കാ‌ട്ടിയിരുന്നു. വകുപ്പ്‌ നിലനിർത്തണമെന്ന നിലപാടാണ്‌ കേന്ദ്രം തുടക്കത്തിൽ സ്വീകരിച്ചത്‌. എന്നാൽ, പൗരാവകാശങ്ങൾ നിഷേധിക്കുന്ന വകുപ്പിനെതിരെയാണ്‌ കോടതിയുടെ വികാരമെന്നു മനസ്സിലാക്കിയതോടെ സർക്കാർ മലക്കംമറിഞ്ഞു. നിയമം ബന്ധപ്പെട്ട സമിതികൾ പരിശോധിക്കുകയാണെന്നും അതുവരെ കോടതി ഇടപെടരുതെന്നും നിലപാട്‌ തിരുത്തി. എന്നാല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട്‌ ഇപ്പോൾ ജയിലിൽ ഉള്ളവരുടെയും ഭാവിയിൽ ജയിലിലാകാൻ പോകുന്നവരുടെയും അവകാശങ്ങൾ നിഷേധിക്കപ്പെടരുതെന്ന നിലപാടിൽ സുപ്രീംകോടതി ഉറച്ചുനിന്നു. ജൂലൈ മൂന്നാംവാരം  കേസ്‌ വീണ്ടും പരിഗണിക്കും.

എന്താണ് 124എ
സുപ്രീംകോടതി മരവിപ്പിച്ച ഐപിസിയുടെ 124 എ വകുപ്പ് ഇങ്ങനെ പറയുന്നു: 
രാജ്യദ്രോഹം:- ‘ പറയുകയോ എഴുതുകയോ ചെയ്യുന്ന വാക്കുകളാലോ അല്ലെങ്കിൽ ആംഗ്യങ്ങളാലോ ദൃശ്യങ്ങളാലോ മറ്റു പ്രകാരത്തിലോ ഇന്ത്യയിൽ നിയമപ്രകാരം സ്ഥാപിക്കപ്പെട്ട സർക്കാരിനെതിരെ വെറുപ്പോ നിന്ദയോ ജനിപ്പിക്കുകയോ ജനിപ്പിക്കുവാൻ ശ്രമിക്കുകയോ അല്ലെങ്കിൽ അപ്രീതി ഉദ്ദീപിപ്പിക്കുകയോ ഉദ്ദീപിപ്പിക്കുവാൻ ശ്രമിക്കുകയോ ചെയ്യുന്ന ഏതൊരാളും പിഴകൂടി ചേർക്കാവുന്ന ജീവപര്യന്തം ശിക്ഷയോ അല്ലെങ്കിൽ പിഴകൂടി ചേർക്കാവുന്ന മൂന്നുവർഷം തടവോ അല്ലെങ്കിൽ പിഴയോ നൽകി ശിക്ഷിക്കപ്പെടുന്നതാകുന്നു’.
 



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home