തമിഴ്‌നാട്ടിൽ മൊബൈൽ ഫോൺ വാങ്ങിയാൽ ഒരു കിലോ ഉള്ളി സമ്മാനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 08, 2019, 12:37 PM | 0 min read

ചെന്നൈ > പിടിച്ചാല്‍ കിട്ടാതെ രാജ്യത്തെ ഉള്ളി വില കുതിച്ചുകയറുകയാണ്. ബെംഗളൂരുവില്‍ ഞായറാഴ്ച ഉള്ളി വില 'ഡബിള്‍ സെഞ്ച്വറി' അടിച്ചു. തമിഴ്‌നാട്ടില്‍ ഉള്ളിക്ക് ഒരു കിലോയ്ക്ക് 180 രൂപയാണ് വില.

എന്തായാലും വില കുതിച്ചുയര്‍ന്നതോടെ ഉള്ളി തന്നെയാണ് എവിടെയും താരം. തീന്‍മേശയിലെ വിഭവങ്ങളില്‍നിന്ന് പതുക്കെ അപ്രത്യക്ഷമായെങ്കിലും ഒരുകാലത്ത് മത്തിക്ക് ഉണ്ടായിരുന്ന 'പവറാണ്' സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോള്‍ ഉള്ളിക്ക് ലഭിച്ചിരിക്കുന്നത്. ഇതിനിടെ ഉള്ളി സമ്മാനമായി നല്‍കി പുതിയ ബിസിനസ് മാര്‍ക്കറ്റിങ് തന്ത്രങ്ങളും മെനഞ്ഞവരുണ്ട്.

തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലെ ഒരു മൊബൈല്‍ ഫോണ്‍ വ്യാപാര സ്ഥാപനമാണ് ഉള്ളിയെ ഒപ്പംകൂട്ടിയിരിക്കുന്നത്. എസ്ടിആര്‍ മൊബൈല്‍സ് എന്ന സ്ഥാപനത്തില്‍നിന്ന് സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയാല്‍ ഒരു കിലോ ഉള്ളി സൗജന്യമായി നല്‍കുമെന്നാണ് അവരുടെ വാഗ്ദാനം. ഇക്കാര്യം അറിയിച്ച് സ്ഥാപനത്തിന് മുന്നില്‍ പോസ്റ്റര്‍ പതിക്കുകയും ചെയ്തു.

നിമിഷങ്ങള്‍ക്കകം പുതിയ ഓഫറും പോസ്റ്ററുമെല്ലാം സാമൂഹികമാധ്യമങ്ങളില്‍ ഹിറ്റായി. ഇപ്പോള്‍ വില്‍പ്പന കൂടിയെന്നാണ് കടയുടമയായ ശരവണ കുമാര്‍ പറയുന്നത്. സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് അവരുടെ ഇഷ്ടാനുസരണം ഉള്ളി തിരഞ്ഞെടുക്കാനും ഇവിടെ അവസരമുണ്ട്.

'എട്ടുവര്‍ഷം മുമ്പ് തുടങ്ങിയ സ്ഥാപനമാണിത്. ഇതുവരെ ദിവസേന രണ്ട് മൊബൈല്‍ ഫോണ്‍ മാത്രമാണ് വിറ്റുപോയിരുന്നത്. എന്നാല്‍ ഉള്ളി സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചതോടെ വില്‍പ്പന കൂടി. കഴിഞ്ഞ രണ്ടുദിവസമായി എട്ട് മൊബൈല്‍ഫോണുകളാണ് ഓരോദിവസവും വിറ്റുപോയത്- ശരവണ കുമാര്‍ പറഞ്ഞു.

കഴിഞ്ഞദിവസം ബെംഗളൂരുവിലെ ഒരു കാര്‍ സര്‍വീസ് സെന്ററും ഉള്ളി സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കാര്‍ സര്‍വീസ് ചെയ്യാനെത്തുന്നവര്‍ക്ക് രണ്ട് കിലോ ഉള്ളി സമ്മാനമായി നല്‍കുമെന്നായിരുന്നു മലയാളികള്‍ നടത്തുന്ന സര്‍വീസ് സെന്ററിന്റെ വാഗ്ദാനം.



deshabhimani section

Related News

View More
0 comments
Sort by

Home