ad
Deshabhimani

യു.പിയിൽ കോവിഡ്‌ മരണ കണക്കുകളിൽ വൻ കൃത്രിമം!...; ഞെട്ടിക്കുന്ന റിപ്പോർട്ടുമായി "ദ വയർ'

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 12, 2022, 10:59 AM | 0 min read

ന്യൂഡൽഹി > ഉത്തർപ്രദേശിലെ കോവിഡ്‌ മരണ കണക്കിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി "ദ വയർ' റിപ്പോർട്ട്‌. കിഴക്കൻ യു.പിയിലെ പൂർവാഞ്ചൽ മേഖലയിൽ നടത്തിയ പഠനത്തിലാണ്‌ സർക്കാർ കണക്കിനേക്കാളും 60 ശതമാനം അധികം ആളുകൾ കോവിഡ്‌ ബാധിച്ച്‌ മരിച്ചതായി കണ്ടെത്തിയത്‌. മനുഷ്യാവകാശ സംഘടനയായ സിറ്റിസൺസ്‌ ഫോർ ജസ്‌റ്റിസ്‌ ആൻഡ്‌ പീസ്‌ (സിജെപി) ആണ്‌ വിവരങ്ങൾ ശേഖരിച്ചത്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലാണ്‌ കണക്കുകളിൽ കൂടുതൽ കൃത്രിമം. ജനുവരി 2020 മുതൽ 2021 ഓഗസ്‌റ്റ്‌ വരെയുള്ള കണക്കിലാണ്‌ വലിയ കൃത്രിമം കണ്ടെത്തിയത്‌.

മേഖലയിൽനിന്ന്‌ ലഭിച്ച വിവരങ്ങൾ വച്ച്‌ കണക്കാക്കിയാൽ സംസ്ഥാനത്താകെ സർക്കാർ കണക്കിനേക്കാൾ 60 ശതമാനം അധികം ആളുകൾ കോവിഡ്‌ ബാധിച്ച്‌ മരിച്ചിട്ടുണ്ടാകാം എന്ന്‌ റിപ്പോർട്ടിൽ പറയുന്നു.ഇതോടെ രാജ്യത്തുതന്നെ കോവിഡ്‌ ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനമാകുകയാണ്‌ ഉത്തർപ്രദേശ്‌. മരണങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നതിൽ ഗുരുതരമായ വീഴ്‌ചയുണ്ടായ സംസ്ഥാനവും യു.പിയാണ്‌.

കോവിഡ്‌ രണ്ടാം തരംഗത്തിൽ യു.പിയിൽ മൃതദേഹങ്ങൾ ഗംഗയിൽ ഒഴുക്കിയതും, ഓക്‌സിജൻ കിട്ടാതെ രോഗികൾ മരിച്ചതുമെല്ലാം മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. എന്നാൽ അപ്പോഴും യുപിയിൽ കോവിഡ്‌ കണക്കുകളിലും, മരണങ്ങളിലും കാര്യമായ ഉയർച്ച സർക്കാർ റിപ്പോർട്ട്‌ ചെയ്‌തിരുന്നില്ല. വാരണാസി, ഗാസിപുർ ജില്ലകളിലെ 129 പ്രദേശങ്ങളിൽനിന്നുള്ള വിവരങ്ങളാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കാനായി സിജെപി ശേഖരിച്ചത്‌. 2017 മുതൽ 2021 ഓഗസ്‌റ്റ്‌ വരെയുള്ള മരണ വിവരങ്ങളാണ്‌ സംഘം വില്ലേജ്‌ ഓഫീസ്‌ അടക്കമുള്ള സ്ഥാപനങ്ങളിൽനിന്ന്‌ ശേഖരിച്ചത്‌. മുൻ വർഷങ്ങളേക്കാൾ ഉത്തർപ്രദേശിലെ മരണനിരക്കിൽ വലിയ വർധനയാണ്‌ ഈ കാലയളവിൽ ഉണ്ടായത്‌. കോവിഡ്‌ വന്നതിനുശേഷം മരണനിരക്കിൽ മുൻപെങ്ങും ഇല്ലാത്തവിധം വർധന ഉണ്ടായെന്ന്‌ കണക്കുകളിൽനിന്ന്‌ വ്യക്തമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home