1,100 ദിവസമായി തടവിൽ; കാഴ്ചശക്തി കുറയുന്നു, ഇമ്രാൻ ഖാന്റെ ആരോഗ്യനിലയിൽ ആശങ്കയെന്ന് മകൻ

ഇസ്ലാമബാദ്: മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിയും ,ദേശിയ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായിരുന്ന ഇമ്രാൻ ഖാന് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മകൻ രംഗത്ത്.
1,100 ദിവസങ്ങളായി തടവിൽ കഴിയുന്ന തന്റെ പിതാവിന് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അദ്ദേഹത്തിന്റെ കാഴ്ചശക്തി കുറഞ്ഞുവരികയാണെന്നും കാസിം ഖാൻ വ്യക്തമാക്കി.
റാവൽപിണ്ടിയിലെ അദിയാല ജയിലിൽ ഏകാന്ത തടവിൽ കഴിയുന്ന 73 കാരനായ ഇമ്രാൻ ഖാനെ, 2023 ഓഗസ്റ്റ് 5-നാണ് തുഷാ ഖാന കേസിൽ അഴിമതി ആരോപണം കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്തത്. പിന്നീട് മറ്റ് നിരവധി കേസുകളിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തിരുന്നു.
തന്റെ പിതാവ് ജയിലിലായിട്ട് 1,100 ദിവസത്തോളമായി എന്നും കഴിഞ്ഞ മാർച്ച് മാസം മുതൽ തങ്ങൾ അദ്ദേഹത്തിന്റെ ശബ്ദം പോലും കേട്ടിട്ടില്ലെന്നും കാസിം ഖാൻ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
മാസങ്ങളായി കുടുംബത്തിന് അദ്ദേഹവുമായി ആശയവിനിമയം നടത്താൻ അനുവാദമില്ലെന്നും യുകെയിൽ കഴിയുന്ന 26 കാരനായ കാസിം ഖാൻ കൂട്ടിച്ചേർത്തു.
പിതാവിന്റെ ആരോഗ്യനിലയെക്കുറിച്ചോ കാഴ്ചശക്തി വഷളാകുന്നതിനെക്കുറിച്ചോ യാതൊരു വിവരവുമില്ലെന്നും കുടുംബത്തിനോ അഭിഭാഷകർക്കോ പ്രവേശനം ഇല്ലാത്തതിനാൽ മറ്റ് വിവരങ്ങൾ ഒന്നും ലഭിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുടുംബാംഗങ്ങളുമായുള്ള ഇമ്രാൻ ഖാന്റെ കൂടിക്കാഴ്ചകൾക്ക് പാകിസ്ഥാൻ സർക്കാർ 2025 ഡിസംബർ മുതൽ പൂർണ്ണ വിലക്കേർപ്പെടുത്തിയിരുന്നു. പട്ടാള മേധാവി ജനറൽ അസിം മുനീറിനെതിരെ അദ്ദേഹം നടത്തിയ പരാമർശങ്ങളെ തുടർന്നായിരുന്നു ഈ നടപടി.
പാകിസ്ഥാനിലെ സൈനിക പിന്തുണയുള്ള ഭരണകൂടത്തെയും ജനാധിപത്യവിരുദ്ധ നടപടികളെയും വിമർശിച്ച കാസിം ഖാൻ, ജനങ്ങൾക്ക് തങ്ങളുടെ നേതാക്കളെ സ്വതന്ത്രമായി തിരഞ്ഞെടുക്കാനുള്ള അവകാശം നിഷേധിക്കപ്പെടുകയാണെന്നും കൂട്ടിച്ചേർത്തു.
ഈ അനീതിക്കെതിരെ മൗനം പാലിക്കരുതെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അദ്ദേഹം അഭ്യർത്ഥിച്ചു. തടവിലിരിക്കെ രക്തം കട്ടപിടിച്ചതിനെ തുടർന്നുള്ള ചികിത്സ വൈകിയതിനെ തുടർന്ന് ഫെബ്രുവരിയിൽ ഇമ്രാൻ ഖാന്റെ വലതുകണ്ണിന്റെ കാഴ്ചശക്തിയിൽ ഗുരുതരമായ കുറവുണ്ടായിരുന്നു.
എന്നാൽ അദ്ദേഹത്തിന് ആവശ്യമായ എല്ലാ ചികിത്സയും നൽകുന്നുണ്ടെന്നാണ് സർക്കാരിന്റെ വിശദീകരണം. ഫെബ്രുവരിയിൽ14 ന് മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് ക്യാപ്റ്റൻമാർ ഇമ്രാൻ ഖാനോട് നീതിപൂർവ്വം പെരുമാറണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ സർക്കാരിന് കത്തയച്ചിരുന്നു.









0 comments