ഓട്ടോയിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണു; ഏഴുവയസ്സുകാരൻ ലോറികയറി മരിച്ചു

മുക്കം: ഓട്ടോയിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴുവയസ്സുകാരൻ ലോറികയറി മരിച്ചു. കോഴിക്കോട് ചാത്തമംഗലം പാഴൂർ കാവുങ്ങൽ ഷമീഷ് മച്ചിങ്ങലിന്റെ മകൻ അമൽ (7) ആണ് മരിച്ചത്. മുക്കം മണാശേരി ഗവ.യുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. സ്കൂളിൽ നിന്ന് ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
വെള്ളിയാഴ്ച വൈകിട്ട് മണാശേരി ചേന്നമംഗല്ലൂർ റോഡിൽ പുൽപറമ്പിലാണ് അപകടം. കുട്ടി തൽക്ഷണം മരിച്ചു. ഇരുവശത്തും വാതിലുകളുള്ള ഓട്ടോറിക്ഷയുടെ വലതുവശത്തെ ഡോർ തുറന്നുപോയി കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. എതിർദിശയിൽ വന്ന ലോറി കുട്ടിയുടെ തലയിലൂടെ കയറിയിറങ്ങി.
മുക്കം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അച്ഛൻ: ഷമീഷ് മച്ചിങ്ങൽ, മാതൃഭൂമി കോഴിക്കോട് ഡിജിറ്റൽ വിഭാഗത്തിലെ ലീഡ് യുഐ ഡിസൈനറാണ്. അമ്മ: ബിനി (തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ഹെഡ് നഴ്‌സ് ). സഹോദരി: ഇമ.









0 comments