ad
Deshabhimani

രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ചുകൂടേ ; കേന്ദ്രത്തോട് സുപ്രീംകോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 11, 2022, 01:13 AM | 0 min read


ന്യൂഡൽഹി
രാജ്യദ്രോഹം കുറ്റരമാക്കുന്ന 124എ വകുപ്പ്‌ നിലനിർത്തണോ എന്ന്‌ തീരുമാനിക്കുംവരെ ആ വകുപ്പ്‌ ചുമത്തി കേസെടുക്കുന്നത്‌ മരവിപ്പിച്ചുകൂടേയെന്ന് കേന്ദ്രത്തോട് ആരാഞ്ഞ് സുപ്രീംകോടതി. ബുധനാഴ്‌ച നിലപാട്‌ വ്യക്തമാക്കാൻ ചീഫ്‌ ജസ്റ്റിസ്‌ എൻ വി രമണ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ നിർദേശിച്ചു. നിലവിലുളള രാജ്യദ്രോഹകേസുകളിലെ നടപടി മരവിപ്പിക്കുന്നതിനെ കുറിച്ചും നിലപാട് അറിയിക്കണം.

രാജ്യദ്രോഹക്കുറ്റത്തിന്റെ നിയമസാധുത ശരിവച്ച കേദാർനാഥ്‌ സിങ് കേസിലെ (1962) ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മുൻ നിലപാട്‌. കോളനിക്കാലത്തെ വകുപ്പിനുവേണ്ടി വാദിക്കുന്നത് സുപ്രീംകോടതിയില്‍ തിരിച്ചടിയാകുമെന്ന ഘട്ടത്തിലാണ്‌ പുനഃപരിശോധനയാകാം എന്ന്‌ നിലപാട്‌ മാറ്റിയത്‌.

124എ വകുപ്പിന്റെ സാധുതയെപറ്റി അധികൃതർ  തീരുമാനമെടുക്കുന്നതുവരെ കോടതി വിഷയത്തിൽ ഇടപെടരുതെന്നും കഴിഞ്ഞദിവസം കേന്ദ്രം സുപ്രീംകോടതിയോട്‌ അഭ്യര്‍ഥിച്ചിരുന്നു. ഇത്‌ കോടതി അംഗീകരിച്ചു. പുനഃപരിശോധന എപ്പോൾ പൂർത്തിയാകുമെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ആരാഞ്ഞു. കൃത്യ സമയം പറയാനാകില്ലെന്നും പരിശോധന തുടങ്ങിയിട്ടുണ്ടെന്നും സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത മറുപടി നൽകി. പരിശോധന അനന്തമായി നീളുന്നത്‌ ആർക്കും ഗുണം ചെയ്യില്ലെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ മുന്നറിയിപ്പ് നല്‍കി. പല സംസ്ഥാനങ്ങളിലും 124എ വകുപ്പ്‌ ചുമത്തിയിട്ടുള്ള കേസുകളിലെ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.124 എ വകുപ്പ്‌ ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപവും ശക്തമാണ്‌.പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ അടിയന്തരമായി എന്തുചെയ്യാനാകുമെന്നും ചീഫ്‌ ജസ്റ്റിസ്‌ ആരാഞ്ഞു.

കേസുകൾ രജിസ്റ്റർ ചെയ്യുന്നത്‌ സംസ്ഥാനങ്ങളാണെന്നും പരാതി ഉള്ളവർക്ക്‌ കോടതികളെ സമീപിക്കാമെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു.

‘എല്ലാവരും കോടതിയെ സമീപിച്ചുകൊള്ളൂമെന്ന് സുപ്രീംകോടതിക്ക്‌ നിർദേശിക്കാനാകില്ല. പലരും ജയിലിലാണ്‌. വേറെ ചിലർ ജയിലിലാകാൻ പോകുന്നു. ഈ വകുപ്പ്‌ ചുമത്തി പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുന്നത്‌  നിർത്തിവയ്‌ക്കാൻ കേന്ദ്ര സർക്കാരിന്‌ നിർദേശം നൽകിക്കൂടേ? ’–- ജസ്റ്റിസുമാരായ ഹിമാകോഹ്‌ലി, സൂര്യകാന്ത്‌ എന്നിവർകൂടി അംഗങ്ങളായ ബെഞ്ച്‌ ചോദിച്ചു. ഗുരുതര കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ഈ വകുപ്പ്‌ ചുമത്തരുതെന്ന്‌ എങ്ങനെ നിർദേശം നൽകാൻ കഴിയുമെന്ന്‌ സോളിസിറ്റർ ജനറൽ സംശയം പ്രകടിപ്പിച്ചു. നിയമപാലകർക്ക്‌ 124എയ്‌ക്കു പകരം മറ്റു വകുപ്പുകൾ ചുമത്താവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home