കേരളത്തിലെ സ്കൂള്‍ പാഠപുസ്തകങ്ങള്‍ പകര്‍പ്പുപേക്ഷയില്‍ പ്രസിദ്ധീകരിക്കാന്‍ നടപടി സ്വീകരിക്കണം; വിക്കിസംഗമോത്സവം

കൊടുങ്ങല്ലൂർ> കേരളത്തിലെ സ്കൂള്‍ പാഠപുസ്തകങ്ങള്‍ പകര്‍പ്പുപേക്ഷയില്‍ പ്രസിദ്ധീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കൊടുങ്ങല്ലൂരില്‍ സമാപിച്ച വിക്കിസംഗമോത്സവം അഭ്യര്‍ത്ഥിച്ചു. ഇതുവരെ പ്രസിദ്ധീകരിച്ച പാഠപുസ്തകങ്ങളും ഇനി പ്രസിദ്ധീകരിക്കുന്ന പാഠപുസ്തങ്ങളും പകര്‍പ്പുപേക്ഷയില്‍ ക്രിയേറ്റീവ് കോമണ്‍സ് അനുമതിയില്‍ ലഭ്യമാക്കുന്ന പക്ഷം അവ വിക്കിഗ്രന്ഥശാല, സ്കൂള്‍വിക്കി തുടങ്ങിയ സംവിധാനങ്ങള്‍ വഴി ഡിജിറ്റൈസ് ചെയ്യുവാനും വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഉപയോഗപ്രദമായ രൂപത്തില്‍ സംരക്ഷിക്കാനും വൈജ്ഞാനിക വ്യാപനത്തിനായി ലഭ്യമാക്കുവാനും കഴിയുമെന്ന് സംഗമോത്സവം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി. മലയാളത്തിലുള്ള വിജ്ഞാനവ്യാപനത്തിന് അതൊരു മുതല്‍ക്കൂട്ടാകും.
മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായുള്ള മ്യൂസിയങ്ങളുടെയും പൈതൃക കേന്ദ്രങ്ങളുടെയും സമഗ്രവിവരം വിക്കിപീഡിയയില്‍ വിവിധ ഭാഷകളില്‍ ഉള്‍ച്ചേര്‍ക്കുവാനും മുസിരിസ് പൈതൃക പദ്ധതിയോട് സഹകരിച്ച് അവയുടെ ക്യുആര്‍ കോഡുകള്‍ നിര്‍മ്മിച്ച് ഈ സ്ഥാപനങ്ങളുടെ മുന്നില്‍ സഞ്ചാരികള്‍ക്കും മറ്റുമായി പ്രദര്‍ശിപ്പിക്കാനും സംഗമോത്സവം തീരുമാനിച്ചു. മലയാളം വിക്കിപീഡിയയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും വിക്കിപീഡിയ പ്രവര്‍ത്തങ്ങളില്‍ താല്പര്യമുള്ളവരുടെയും മൂന്നു ദിവസത്തെ വാര്‍ഷിക കൂടിച്ചേരലായ വിക്കിസംഗമോത്സവം മുസിരിസ് കേന്ദ്രങ്ങളിലൂടെയുള്ള ജലയാത്രയോടെയാണ് സമാപിച്ചത്.
വിക്കിജലയാത്രയ‌്ക്ക‌് വിശ്വപ്രഭ, ടി കെ സുജിത്, രഞ്ജിത്ത് സിജി, രാജേഷ് ഒടയഞ്ചാല്‍, ഡോ.നത ഹുസൈൻവി. മനോജ്, അഡ്വ. എം. ബിജുകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുസിരിസ് പൈതൃക കേന്ദ്രങ്ങളെ സംബന്ധിച്ച് മുസിരിസ് മ്യൂസിയം മാനേജര്‍ ഡോ. മിഥുന്‍ സി. ശേഖര്‍, ടി.ആർ. രാഖി തുടങ്ങിയവര്‍ സംഘാംഗങ്ങളെ പരിചയപ്പെടുത്തി.
മൂന്ന് ദിവസങ്ങളിലായി കൊടുങ്ങല്ലൂരില്‍ നടന്ന വിക്കിസംഗമോത്സവം അഡ്വ. വി ആർ സുനില്‍കുമാര്‍ എംഎല്‍എ ഉത‌്ഘാടനം ചെയ്തു. ഡോ. പി കെ രാജശേഖരന്‍ മുഖ്യ പ്രഭാഷണം നടത്തി. കൈറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ അന്‍വര്‍ സാദത്ത്, ഡോ പി എസ് മനോജ്കുമാര്‍ രേഖാരാജ് തുടങ്ങിവര്‍ വിവിധ സെഷനുകള്‍ ഉത‌്ഘാടനം ചെയ്തു. സംഗമോത്സവത്തിന്റെ ഭാഗമായി നടന്ന വിക്കിവിദ്യാര്‍ത്ഥി സംഗമം ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ. ഉത‌്ഘാടനം ചെയ്തു.










0 comments