09 December Friday

'ശബരിമല പ്രക്ഷോഭം പിണറായിയെ എതിര്‍ക്കാന്‍ മാത്രം, റെഡി ടു വെയിറ്റ് എന്നാല്‍ വേശ്യാലയം'; സോഷ്യല്‍മീഡിയയില്‍ പരസ്പരം പോര്‍വിളിയുമായി സംഘപരിവാര്‍

വെബ് ഡെസ്‌ക്‌Updated: Wednesday May 8, 2019

കൊച്ചി> ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ ബിജെപിയും ആര്‍എസ്എസും നടത്തിയ സമരങ്ങളുടെ പൊള്ളത്തരം പുറത്തുവരുന്നു. സ്ത്രീപ്രവേശനത്തെ ആദ്യമേ സ്വാഗതം ചെയ്ത ആര്‍എസ്എസും ബിജെപി നേതാക്കളും തന്നെ രാഷ്ട്രീയലാഭത്തിനായി നിലപാടില്‍ മലക്കംമറിഞ്ഞ് നാട്ടില്‍ കലാപം അഴിച്ചുവിട്ടത് നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ശബരിമല വിഷയത്തില്‍ നേതാക്കളുടെ കാപട്യം വിളിച്ചു പറഞ്ഞുകൊണ്ടാണ് സംഘപരിവാര്‍ നേതാക്കള്‍ സോഷ്യല്‍മീഡിയയില്‍ പരസ്പരം പോര്‍വിളി നടത്തുന്നത്.

ശബരിമല സമരത്തില്‍ സംഘപരിവാറിനെ വിമര്‍ശിച്ച് റെഡി ടു വെയിറ്റ് വക്താവ് പദ്മ പിള്ള രംഗത്തെത്തി. ഭാസ്‌കര്‍ ടി ദാസ് എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റിന് നല്‍കിയ കമന്റിലാണ് ശബരിമല ഒരു വോട്ട് ബാങ്ക്, രാഷ്ട്രീയ അടവുനയം മാത്രമായിരുന്നുവെന്ന് അവര്‍ കുറ്റപ്പെടുത്തുന്നത്. ശബരിമലയില്‍ പ്രവര്‍ത്തകരെ ബൂട്ടിന്റെ ചവിട്ട് കൊള്ളിച്ചത് പിണറായി വിജയനെ എതിര്‍ക്കാന്‍ വേണ്ടി മാത്രമായിരുന്നുവെന്നും അവര്‍ തുറന്നു പറയുന്നു. പദ്മ പിള്ളയുടെ കമന്റ് ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.അതിനിടെ റെഡി ടു വെയിറ്റ് വക്താക്കളെ അസഭ്യം വിളിച്ചുകൊണ്ട് ജനം ടിവി പ്രോഗ്രാം ഹെഡായ മനോജ് മനയില്‍ രംഗത്തെത്തി. റെഡി ടു വെയിറ്റ് എന്നത് ഒരു കൂട്ടം പെണ്ണുങ്ങളും അവരുടെ സില്‍ബന്തികളായ ചാവേറുകളും നടത്തുന്ന വേശ്യാലയമാണെന്ന് മനോജ് മനയില്‍ ആരോപിച്ചു. കൂടാതെ ആര്‍എസ്എസ് നേതാവ് ശങ്കു ടി ദാസ് "കണ്ട തേവിടിശ്ശികളുടെ ചട്ടുകമായി' പ്രവര്‍ത്തിക്കുന്നയാളെന്നുമാണ് മനോജിന്റെ കമന്റുകള്‍.ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച ആര്‍എസ്എസ് മുന്‍ അഖിലേന്ത്യാ ബൗദ്ധിക് പ്രമുഖ് ആയിരുന്ന ആര്‍ ഹരിക്കെതിരെ മറുവിഭാഗം രംഗത്തെത്തിയതോടെയാണ് പരസ്യമായ പൊട്ടിത്തെറിക്ക് തുടക്കം. ആര്‍ ഹരി ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണം എന്നത് തുടര്‍ലേഖനമായി 2017 മുതല്‍ മാറ്റുവിന്‍ ചട്ടങ്ങളെ എന്ന പേരില്‍ എഴുതിക്കൊണ്ടിരുന്നത് കുരുക്ഷേത്ര പുസ്തകമായി ഇറക്കിയിട്ടുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഹരിയെ വിമര്‍ശിച്ച് ആചാരസംരക്ഷണ സമിതി പ്രവര്‍ത്തകരില്‍ ഒരാളായ ശങ്കു ടി ദാസ് രംഗത്തെത്തി.

ആര്‍ ഹരിയുടെ സഹോദരന്‍ ആര്‍ ധനഞ്ജയ ഷേണായി കെ പി യോഹന്നാനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ആണെന്ന് ശങ്കു പറയുന്നു. പ്രശസ്ത സുവിശേഷകനും ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ സ്ഥാപകനുമാണ് കെ പി യോഹന്നാൻ. യോഹന്നാന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം കൊണ്ടുവരാനുള്ള ശ്രമവും ശബരിമല ക്ഷേത്രം 365 ദിവസവും തുറക്കണമെന്നും സ്ത്രീകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും പ്രവേശനം നല്‍കണമെന്നുമുള്ള വാദവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ശങ്കു ടി ദാസ് ആരോപിക്കുന്നത്. വിമാനത്താവളം സാമ്പത്തികമായി വിജയമാവണമെങ്കില്‍ ശബരിമല തീര്‍ഥാടകരുടെ എണ്ണം കൂട്ടേണ്ടതുണ്ടെന്നും സ്ത്രീപ്രവേശന വാദത്തിന്റെ അടിസ്ഥാനം ഇതെന്നുമാണ് ആക്ഷേപം.

ഇതോടെ ആര്‍എസ്എസിലെ ഹരിയെ അനുകൂലിക്കുന്ന വിഭാഗം റെഡി ടു വെയിറ്റ്, ആചാര സംരക്ഷണ സമിതി എന്നിവര്‍ക്കെതിരെ രംഗത്തെത്തി. സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നതു തന്നെയാണ് സംഘത്തിന്റെ നിലപാടെന്നും ആര്‍എസ്എസില്‍ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളായാ ആര്‍ ഹരിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് അംഗീകരിക്കാവില്ലെന്നും വ്യക്തമാക്കുന്ന ഇവര്‍ മറുവിഭാഗത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് നടത്തുന്നത്.

സംഘപരിവാറിന് ആദ്യം മുതല്‍ക്കേ ശബരിമലയില്‍ യുവതീപ്രവേശനത്തോട് അനുകൂല സമീപനം ആയിരുന്നു. വളരെക്കാലം മുമ്പ് തന്നെ സംഘപരിവാര്‍ തങ്ങളൂടെ പ്രസിദ്ധീകരണങ്ങളില്‍ അക്കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്. ഒ രാജഗോപാലിന്റെയടക്കം ലേഖനങ്ങള്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയതാണ്. ആചാര സംരക്ഷണമെന്ന പേരില്‍ കലാപം നടത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ മുന്‍പ് സ്ത്രീപ്രവേശനത്തെ അനുകൂലിച്ചും വ്രതമെടുക്കുന്ന ദിവസം പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടും ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്. വിധി വന്നതിനു ശേഷവും ആദ്യം സ്വാഗതം ചെയ്യുകയാണ് ആര്‍ എസ് എസ് ചെയ്തത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് വിധിക്കെതിരെയും സര്‍ക്കാരിനെതിരെയും രാഷ്ട്രീയലാഭത്തിനായി സമരവുമായി ഇറങ്ങിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top