നാലുപേര്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം > സംസ്ഥാന വിവരാവകാശ കമീഷന്‍ അംഗങ്ങളായി നാലുപേര്‍ സത്യപ്രതിജ്ഞ ചെയ്തു. കെ വി സുധാകരന്‍, ഡോ. കെ എല്‍ വിവേകാനന്ദന്‍, പി ആര്‍ ശ്രീലത, എസ് സോമനാഥന്‍പിള്ള എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇവരുടെ നിയമനശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചതിനെത്തുടര്‍ന്ന് നിയമന വിജ്ഞാപനമിറങ്ങിയിരുന്നു.
കെ വി സുധാകരന്‍ കാല്‍ നൂറ്റാണ്ടിലേറെയായി ദേശാഭിമാനിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. വി എസ് അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറിയായിരുന്നു. കേരള മീഡിയാ അക്കാദമി അധ്യാപകന്‍, തിരുവനന്തപുരം പ്രസ് ക്ലബ് ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. മികച്ച മാധ്യമപ്രവര്‍ത്തനത്തിന് നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
ആലപ്പുഴ അരൂര്‍ കൊടുവേലിക്കകത്ത് ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ പരേതനായ കെ കെ വാവയുടെയും അംബുജാക്ഷിയുടെയും മകനാണ്.ചെമ്പഴന്തി എസ്എന്‍ കോളേജ് ജിയോളജിവകുപ്പ് തലവനാണ് ഡോ. കെ എല്‍ വിവേകാനന്ദന്‍. രണ്ടുതവണ കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗമായിരുന്നു. മൂന്നുവര്‍ഷം എകെപിസിടിഎ ജനറല്‍ സെക്രട്ടറി. ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് യൂണിവേഴ്സിറ്റി ആന്‍ഡ് കോളേജ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ ദേശീയ സെക്രട്ടറിയാണ്.
നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസില്‍ നിന്നായിരുന്നു ഗവേഷണ ബിരുദം. തിരുവനന്തപുരം സ്വദേശിയാണ്.സെക്രട്ടറിയറ്റ് സര്‍വീസില്‍ പൊതുഭരണവകുപ്പില്‍ അഡീഷണല്‍ സെക്രട്ടറിയാണ് പി ആര്‍ ശ്രീലത. തിരുവനന്തപുരം സ്വദേശിയായ ശ്രീലത 31 വര്‍ഷമായി സര്‍വീസിലുണ്ട്. 1987ല്‍ എംജി യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റായി തുടങ്ങി.
മലയിന്‍കീഴ്, പുവച്ചല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളുകളില്‍ അഞ്ചുവര്‍ഷം അധ്യാപികയായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് സെക്രട്ടറിയറ്റ് സര്‍വീസിലെത്തി.നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് പ്രവര്‍ത്തിച്ചയാളാണ് എസ് സോമനാഥന്‍പിള്ള. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ്, ട്രാവന്‍കൂര്‍ സിമന്റ്സ്, കയര്‍ കോര്‍പറേഷന്‍, ഫോം മാറ്റിംഗ്സ് ഇന്ത്യ ലിമിറ്റഡ്, കരകൗശല വികസന കോര്‍പറേഷന്‍, സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍, സംസ്ഥാന കയറ്റുമതി വികസന കൗണ്‍സില്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ എംഡിയായി ഇരുപത് വര്‍ഷത്തിലേറെ പ്രവര്‍ത്തിച്ചു.
കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസിലായിരുന്നു തുടക്കം. എംബിഎ, എല്‍എല്‍ബി ബിരുദധാരി. ഓച്ചിറ സ്വദേശിയായ സോമനാഥന്‍പിള്ള ഇപ്പോള്‍ തിരുവനന്തപുരത്ത് താമസിക്കുന്നു. യുഡിഎഫ് ഭരണകാലത്ത് അയോഗ്യരെ വിവരാവകാശ കമീഷന്‍ അംഗങ്ങളാക്കാനുള്ള തീരുമാനത്തെ കോടതിയില്‍ ചോദ്യംചെയ്ത് അനുകൂല വിധി നേടിയത് ഇദ്ദേഹമായിരുന്നു.










0 comments