ad
Deshabhimani

വാഹനാപകടങ്ങളിൽ 3 മരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 13, 2020, 02:19 AM | 0 min read

തിരുവനന്തപുരം
ജില്ലയിൽ വെള്ളിയാഴ്‌ച വിവിധ വാഹനാപകടങ്ങളിലായി മൂന്ന്‌ പേർ മരിച്ചു. മരുതിക്കുന്ന് പലവക്കോട് മുഹമ്മദ്‌ ഫൈസി (20), പ്ലാമൂട് മൈപറമ്പ് കുന്നുംപുറത്തു വീട്ടിൽ വാമദേവൻ നായർ (57) ,തമിഴ്‌നാട് കന്യാകുമാരി വിളവംകോട് സ്വദേശി സ്റ്റീഫന്‍രാജ് (42) എന്നിവരാണ്‌ വ്യത്യസ്‌ത വാഹനാപകടങ്ങളിലായി മരിച്ചത്‌. 
ആറ്റിങ്ങല്‍  
നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിക്കുപിന്നില്‍ തമിഴ്‌നാട്ടില്‍ നിന്ന് ചുടുകല്ല് കയറ്റിവന്ന ലോറിയിടിച്ചാണ്‌ ക്ലീനറായ സ്റ്റീഫൻരാജ്‌ മരിച്ചത്‌. ആറ്റിങ്ങല്‍ മൂന്നുമുക്കില്‍ വെള്ളിയാഴ്ച പുലർച്ചെ 2.30-നാണ് സംഭവം. ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ലോറിയുടെ പിന്നിലാണ് ചുടുകല്ല് കയറ്റിവന്ന ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍വശം തകര്‍ന്നുപോയി. ക്യാബിനില്‍ കുടുങ്ങിപ്പോയ ഡ്രൈവര്‍ അപ്പുക്കുട്ടനെയും സ്റ്റീഫന്‍രാജിനെയും ആറ്റിങ്ങല്‍ അഗ്നിരക്ഷാസേനയെത്തിയാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ സ്റ്റീഫന്‍രാജിനെ ഉടന്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപ്പുക്കുട്ടനെ വലിയകുന്ന് താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. 
കിളിമാനൂർ 
ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞാണ്‌ മുഹമ്മദ്‌ ഫൈസി മരിച്ചത്‌. മരുതിക്കുന്ന് പലവക്കോട് എഫ്എസ് മൻസിലിൽ ഫസിലുദീന്റെയും സുലൈഖയുടെയും മകനാണ്‌. ഒപ്പം സഞ്ചരിച്ച നാവായിക്കുളം വൈരമല ഈഞ്ചവിള വീട്ടിൽ ഉമറുൽ ഫാറൂക്ക് (15), തട്ടുപാലം ആസിഫ് മൻസിലിൽ ആസിഫ് (19) എന്നിവർക്ക്‌ പരിക്കേറ്റു. നാവായിക്കുളം–- തുമ്പോട് റോഡിൽ ഐറ്റിൻച്ചിറയ്ക്കു സമീപം വെള്ളിയാഴ്ച  രാവിലെ ഏഴോടെയാണ്‌ അപകടം. ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൂവരും ബൈക്കിൽ പോകവെ ഒരാളുടെ തലയിൽനിന്ന് തൊപ്പി തെറിച്ച്‌ റോഡിൽ വീണു. അത്‌ എടുക്കാനായി ബൈക്ക് നിർത്താൻ ശ്രമിക്കവെ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. 
കല്ലിൽ തലയിടിച്ച് ഗുരുതര പരിക്കേറ്റ ഫൈസിയെ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനുശേഷം വൈകിട്ട് ആറരയോടെ മരുതിക്കുന്ന് മുസ്ലിം ജമാ അത്തിൽ കബറടക്കി. നൗഫി, ഫിറോസ്‌ എന്നിവർ സഹോദരങ്ങളാണ്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴക്കൂട്ടം 
റോഡ് മുറിച്ച് കടക്കവേ‌ ബൈക്ക് ഇടിച്ചാണ്‌ വാമദേവൻ നായർ മരിച്ചത്‌. വ്യാഴാഴ്ച വൈകിട്ട് 7.30ന്‌ പ്ലാമൂട്‌ ജങ്‌ഷനിലാണ്‌ അപകടം. പോത്തൻകോട് നിന്ന്‌ വീട്ടിലേക്കു മടങ്ങുകയായിരുന്ന വാമദേവൻ നായരെ റോഡ്‌ മറികടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ ഇയാളെ  ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലിരിക്കെ രാത്രി 12ഓടെ മരിച്ചു. ഭാര്യ: ഗിരിജകുമാരി. മക്കൾ: വിജിത്ത്, ഗീതു. മരുമകൻ: അരുൺ.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home