കുന്നിൻചെരിവിലെ രാഗമഴ

മലപ്പുറം
കോട്ടക്കുന്നിൽ പാട്ടുകൾ പെയ്‌തു. മലപ്പുറത്തെ മനസ്സുകളിൽ രാഗമാലചാർത്തി റാസയും ഇംതിയാസ് ബീഗവും. സംഗീതമഴ നനഞ്ഞ് അക്ഷരമുറ്റം ക്വിസ് മത്സരത്തിന്റെ സമ്മാനദാനം.
പ്രണയവും വിരഹവും നിറഞ്ഞ വരികളിലൂടെ റാസയും ബീഗവും സഞ്ചരിച്ചു. സദസ്സ് താളമിട്ട് കൂട്ടുചേർന്നു. ജഗ്‌ജിത് സിങ്ങിന്റെ ഗസലിലായിരുന്നു തുടക്കം. ഗുലാം അലി, ഉമ്പായി, ബാബുരാജ്... അനശ്വര പ്രതിഭകളുടെ ഈണങ്ങൾ പിന്നെയും പടികടന്നെത്തി. ഗുലാം അലിയുടെ ‘ചുപ്‌കേ ചുപ്‌കേ രാത് ദിൻ...’ ഇംതിയാസിന്റെ ശബ്ദത്തിലൊഴുകിയപ്പോൾ പോയകാലത്തേക്ക് വാതിൽതുറന്ന് ആസ്വാദകർ.
റാസ–-ബീഗത്തിന്റെ ഹിറ്റ് ഗാനം ‘ഓമലാളേ... നിന്നെയോർത്ത്’ വൈകാരികമായി ഏറ്റെടുത്തു കോട്ടക്കുന്ന്. റാസയുടെ ബാല്യകാല സുഹൃത്ത് യൂനുസിന്റെ ഈ വരികൾ കേട്ടിട്ടും മതിവരാതെ സദസ്സ്. ആളുകൾ കൂടെപാടി സമ്മാനരാവിനെ സംഗീതകൂട്ടായ്‌മയാക്കി.
ആസ്വാദകരുടെ ആവശ്യപ്രകാരവും പാടി ഏറെ പാട്ടുകൾ. ‘അന്നുനിന്നെ കണ്ടതിൽപ്പിന്നെ..., ഒരു പുഷ്പം മാത്രമെൻ, ഹൃദയങ്ങളൊന്നാവും, ഉണരൂവേഗം നീ സുമറാണീ, ഒരിക്കൽ നീ പറഞ്ഞൂ പ്രണയം ദിവ്യമെന്ന്, കരയകലും കപ്പൽപോലെ, ഛിട്ടി ആയീ ഹെ, സുനയനേ സുമുഖീ... കേട്ട പാട്ടുകൾ വീണ്ടും കേൾക്കുന്നതും മധുരതരം. ഒ എൻ വി രചിച്ച് ഉമ്പായി ആലപിച്ച ‘നീല വെളിച്ചം നിലാമഴ പെയ്യുന്ന... എന്ന ഗാനം റാസ തെരുവുഗായകർക്ക് സമർപ്പിച്ചു.
സംഗീത സംവിധായകൻ പി ബേണി–- - മാൻഡലിൻ, സമീർ ഉമ്പായി–- ഗിത്താർ, ജിത്തു ഉമ്മൻ തോമസ്–- തബല, ജാവേദ് അസ്‌ലം–- സിത്താർ എന്നിവർ അകമ്പടിയേകി.











0 comments