ad
Deshabhimani

കുഞ്ഞാലിമൂപ്പന്റെ ഓര്‍മയില്‍ ഈ ഗ്രാമം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2017, 05:08 PM | 0 min read

തേഞ്ഞിപ്പലം > കുഞ്ഞാലിമൂപ്പന്റെ ഐതിഹ്യം ഇന്നും മുറുകെ പിടിച്ച് ഒരു ഗ്രാമം. മണ്ണാര്‍ക്കാട്ടെ എളംപുളാശേരി ഗ്രാമമാണ് ജനങ്ങളുടെ രക്ഷകനായി ഇന്നും ജീവിക്കുന്ന കുഞ്ഞാലിമൂപ്പന്റെ ഐതിഹ്യവുമായി കഴിയുന്നത്. നാട്ടിലെ ദുരിതങ്ങളും രോഗങ്ങളും അസ്വാഭാവിക മരണങ്ങളും അപകടങ്ങളും കുഞ്ഞാലിമൂപ്പന്റെ അതൃപ്തിയില്‍നിന്നും ഉണ്ടാവുന്നവയാണെന്ന് ഇന്നാട്ടുകാര്‍ ഉറച്ചുവിശ്വസിക്കുന്നു. കലിക്കറ്റ് സര്‍വകലാശാലയിലെ ചരിത്ര ഗവേഷകര്‍ കഴിഞ്ഞ ദിവസം എളംപുളാശേരിയിലെത്തിയിരുന്നു.
ബ്രിട്ടീഷ് ഭരണത്തിനെതിരെ കുഞ്ഞാലിമൂപ്പന്റെ നേതൃത്വത്തില്‍ നടന്ന ഗറില്ലായുദ്ധം ഇന്നും സജീവമായ ഓര്‍മയായി നിലനില്‍ക്കുന്നുണ്ട്. പ്രതിരോധത്തിനൊടുവില്‍ മൂപ്പനുണ്ടായ മരണം വിശ്വാസ വഞ്ചനയില്‍നിന്നുണ്ടായതാണെന്നും അതിന്റെ ദുരന്തം ഇന്നും നാട്ടുകാര്‍ അനുഭവിക്കുകയാണെന്നും ജനങ്ങള്‍ വിശ്വസിക്കുന്നു. ചരിത്രരേഖകളില്‍ എളംപുളാശേരി ഉണ്ണിമൂസ എന്നറിയപ്പെടുന്ന ഈ വീരപോരാളി നാട്ടുകാര്‍ക്ക് അവരുടെ കുഞ്ഞാലിമൂപ്പനാണ്. മൈസൂര്‍ വാഴ്ചക്കാലത്ത് എളംപുളാശേരി അധികാരിയായിരുന്നു ഇദ്ദേഹം. ജന്മിവാഴ്ചക്ക് അന്ത്യംകുറിച്ച ഭരണം സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനമുണ്ടാക്കി. ടിപ്പുസുല്‍ത്താനോട് ഇണങ്ങിയും പിണങ്ങിയും നാടുഭരിച്ച കുഞ്ഞാലിമൂപ്പന്‍ സാധാരക്കാരുടെ പ്രിയനും ജന്മിമാരുടെ പേടിസ്വപ്നവുമായിരുന്നു.
1792-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണം നിലവില്‍വന്നതോടെ കുഞ്ഞാലിമൂപ്പന്‍ ബ്രിട്ടീഷുകാരുടെ കണ്ണില്‍ 'കൊള്ള'ക്കാരനായി മാറി. പഴശ്ശിരാജാവുമായും പടിഞ്ഞാറെ കോവിലകത്തെ സാമൂതിരിമാരുമായും പാലക്കാട്ടെ കോമി അച്ഛനുമായും തമിഴ്നാട്ടിലെ പോളിഗാര്‍ പ്രമുഖന്മാരുമായും ടിപ്പുസുല്‍ത്താനുമായും സഖ്യത്തിലായ കുഞ്ഞാലിമൂപ്പന്‍ ബ്രിട്ടീഷ് മേല്‍ക്കോയ്മക്കെതിരെ ശക്തമായ വെല്ലുവിളിയുയര്‍ത്തി. ബ്രിട്ടീഷ് സഹകാരികളായ നാടുവാഴികള്‍ക്ക് പേടിയായിമാറി. കാടുകളില്‍ നിരവധി താവളങ്ങളും ഉണ്ടായിരുന്നു കുഞ്ഞാലിമൂപ്പന്. ബ്രിട്ടീഷ് സര്‍ക്കാരിനുവേണ്ടി പിരിച്ചെടുക്കുന്ന സമ്പത്ത് കൊള്ളയടിച്ച് മൂപ്പന്‍ സാധാരണക്കാര്‍ക്ക് വിതരണംചെയ്തു. അമാനുഷിക കഴിവുണ്ടെന്ന് വിശ്വസിച്ചിരുന്ന കുഞ്ഞാലിയെ പ്രബലനായ ശത്രുവായാണ് ബ്രിട്ടീഷ് ഭരണകൂടം വിലയിരുത്തിയിരുന്നത്. മലബാറിലെ പന്തല്ലൂര്‍ മലയില്‍നിന്നാണ് ബ്രിട്ടീഷ് സേന ഉണ്ണിമൂസയെ പിടികൂടിയതെന്ന് ചരിത്രരേഖകള്‍ പറയുന്നുണ്ടെങ്കിലും അദ്ദേഹത്തെ ചതിച്ചുവീഴ്ത്തിയതാണെന്ന ഉറച്ചവിശ്വാസത്തിലാണ് എളംപുളാശേരിക്കാര്‍. അദ്ദേഹവുമായി സൌഹൃദത്തിലായിരുന്ന നാവില്ലികുളം തറവാട്ടുകാര്‍ സ്വന്തം വീടിനോട് ചേര്‍ന്ന് സ്മൃതി മണ്ഡപം പണിത് കുഞ്ഞാലിമൂപ്പന്റെ ആത്മശാന്തിക്കും നാടിന്റെ സമാധാനത്തിനുമായി ആരാധനകള്‍ നടത്തി. തറവാട്ടിലെ ക്ഷേത്രത്തിന് സമീപമായിരുന്നു കുഞ്ഞാലിമൂപ്പന്റെ മണ്ഡപം. ഹിന്ദു-മുസ്ളിം ആചാരങ്ങള്‍  ചേര്‍ന്ന ആരാധനക്രമത്തില്‍ നേദ്യം വയ്ക്കലും മൌലൂദ് പ്രാര്‍ഥനകളും നടന്നുവന്നു.
നേര്‍ച്ച ദിവസം ബലികൊടുക്കുന്ന ആടിന്റെ രക്തത്തില്‍ കാല്‍ ചവിട്ടി രോഗദുരിതങ്ങളില്‍നിന്ന് രക്ഷനേടാനാകുമെന്ന് വിവിധ മതക്കാര്‍ വിശ്വസിച്ചുവന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗ്രാമക്കാര്‍ കുഞ്ഞാലിമൂപ്പന്റെ നേര്‍ച്ചക്കായി ധനവും വിഭവങ്ങളും എത്തിക്കാന്‍ തുടങ്ങി. കുഞ്ഞാലിമൂപ്പന്റെ അതൃപ്തിയകറ്റാന്‍ ഹോമങ്ങളും കലശങ്ങളും വിവിധ വീടുകളില്‍ നടക്കുന്നതും പതിവായി. കൊയ്ത്തുപാടത്ത് ആദ്യപങ്കും അടുക്കളയിലെ വിശിഷ്ട വിഭവത്തിന്റെ ആദ്യഭാഗവും കുഞ്ഞാലിമൂപ്പന് നീക്കിവയ്ക്കുന്നത് ആചാരമായി ഇന്നും ഇവിടത്തുകാര്‍ തുടരുന്നു. കുഞ്ഞാലിമൂപ്പന്റെ ചരിത്രമെഴുതാന്‍ പ്രാദേശിക ഉദ്യമങ്ങള്‍ പലതും നടന്നതിനൊപ്പം ഡോ. സി കെ കരീം, ഡോ. കെ കെ എന്‍ കുറുപ്പ്, ഡോ. കെ എന്‍ പണിക്കര്‍, ഡോ. കെ എന്‍ ഗണേശ്, ദിലീപ് മേനോന്‍, ഡോ. എം പി മുജീബ് റഹ്മാന്‍ എന്നിവരുടെ ശ്രമങ്ങളുണ്ടായിട്ടുണ്ട്.
'സഖാവ്' എന്ന പേരിലറിയപ്പെടുന്ന എണ്‍പതുവയസുകഴിഞ്ഞ എ പി ബീരാന്‍കുട്ടിയാണ് കലിക്കറ്റ് സര്‍വകലാശാല ചരിത്രവിഭാഗം മേധാവി ഡോ. പി ശിവദാസന്റെ നേതൃത്വത്തിലുള്ള ഗവേഷക് സംഘത്തിന് കുഞ്ഞാലിമൂപ്പന്റെ ഓര്‍മകള്‍ ഏറെയും കൈമാറിയത്. വര്‍ത്തമാനകാലത്ത് മതനിരപേക്ഷതയുടെ ശക്തമായ തുരുത്തുമായി കുഞ്ഞാലിമൂപ്പന്റെ ജീവിത ചരിത്രം ഈ ഗ്രാമത്തില്‍ ജീവിക്കുകയാണ്. പുതിയ പ്രതിസന്ധികളുടെ കാലത്ത് അശരണരായ ജനങ്ങള്‍ക്ക് പ്രചോദനമാണ് മൂപ്പന്റെ ജീവിതമെന്ന് എളംപുളാശേരിക്കാര്‍ പറയുന്നു. വര്‍ത്തമാനകാല ജീവിത പരിസരത്തിലെ വാമൊഴി ചരിത്ര ശേഖരണ പദ്ധതിക്ക് വിലപ്പെട്ട വിഭവങ്ങളാണ് ഗവേഷകര്‍ക്ക് ഈ ഗ്രാമത്തില്‍നിന്നും ലഭിച്ചതെന്ന് ഡോ. പി ശിവദാസന്‍ പറഞ്ഞു. കുഞ്ഞാലിമൂപ്പന്റെ ജന്മനാട് എവിടെയാണെന്ന് അറിയില്ലെങ്കിലും ഒരു ഗ്രാമക്കാരുടെ രക്ഷകനായി ഇന്നും സാധാരണക്കാരുടെ ഓര്‍മകളില്‍ കുഞ്ഞാലിമൂപ്പന്‍ ജീവിക്കുന്നു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home