ad
Deshabhimani

പെയ്തുതോരാതെ 
മധുമഴ... സജീവൻ ചോറോട്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 07, 2021, 12:01 AM | 0 min read

 

വടകര 
‘കഴിഞ്ഞുപോയ കാലം കാറ്റിനക്കരെ, കൊഴിഞ്ഞുപോയ രാഗം കടലിനക്കരെ'...  മലയാളക്കരയിലെ പാട്ടുപ്രേമികളുടെ ചുണ്ടിൽ കാലങ്ങളായി തത്തിക്കളിക്കുന്ന പാട്ട്. ആദരവിന്റെ നിറവിലാണ് പാട്ടിന്റെ മധുമഴ തീർത്ത ഇ വി വത്സൻ. സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം ലഭിച്ചതിന്റെ വാർത്തയറിഞ്ഞ് വടകര അറക്കിലാട്ടെ മധുമഴയിൽ വിശ്രമമില്ലാത്ത ഫോൺകോൾ. റിയാലിറ്റി ഷോകളിലും ആൽബങ്ങളിലും യുവജനോത്സവ വേദികളിലും ഇന്നും ചെയ്തിറങ്ങുന്ന മധുമഴയുടെ പാട്ടുകാരൻ അംഗീകാരത്തിന്റെ നിറവിലാണ്. 
പാട്ടെഴുത്തും സംഗീത സംവിധായകനുമായ ഇവിക്ക് നാടകമായിരുന്നു തട്ടകം. നാടകങ്ങൾക്കുവേണ്ടി രചിച്ച പാട്ടുകളെല്ലാം പിന്നീട് ഹിറ്റുകളായി. ഓട്ടോറിക്ഷകളിലും ജീപ്പിലും ബസ്സിലുമെല്ലാം ഒരുകാലത്ത് തരംഗമായ പാട്ടുകൾ. പ്രവാസി സമൂഹത്തിന്റെ ആത്മരാഗമെന്ന് വിളിക്കുന്ന നിരവധി പാട്ടുകളുണ്ട്.  മൊഴിചൊല്ലി പിരിയുമ്പോൾ, അമ്മക്കുയിലെ ഒന്നു പാടൂ, ദേവദാരു പൂത്തകാലം നീ മറന്നുവോ, നീ വിളിച്ചാലും കേൾക്കാത്ത ദൂരത്ത്, ആദ്യാനുരാഗവും ആദ്യത്തെ പുഞ്ചിരിയും... തുടങ്ങി നൂറുകണക്കിന് പാട്ടുകൾ. ലാളിത്യമാർന്ന പദങ്ങളിലൂടെ പ്രണയവും വിരഹവും നോവുകളാക്കിയ പാട്ടുകളായിരുന്നു അവ. നിരവധി ഗായകരെ തന്റെ പാട്ടുകളിലൂടെ പരിചയപ്പെടുത്തി. വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾക്കെല്ലാം ഈണം പകർന്നതും ഇ വി തന്നെ. സംഗീത പഠനം അഭ്യസിക്കാതെ, എല്ലാ വിഭാഗം ശ്രോതാക്കളെയും ആകർഷിക്കാൻ ഈ പ്രതിഭക്ക് കഴിഞ്ഞു.
കടത്തനാടൻ അമേച്വർ നാടകവേദിയുടെ സാന്നിധ്യമായിരുന്നു വത്സൻ. നൂറുകണക്കിന് വേദികളിൽ കളിച്ച അരക്കില്ലം വെന്തനാട് പോലുള്ള മികച്ച നാടകങ്ങളുടെ രചയിതാവാണ്. വടകര ബിഇഎം ഹൈസ്കൂളിലെ യുവജനോത്സവങ്ങളിൽ നാടകം കളിച്ചും, പാട്ടെഴുതിയും കലാലോകത്ത് ചുവടുറപ്പിച്ചു. ജനപ്രിയമേറിയ തന്റെ പാട്ടുകൾ പലതും മറ്റൊരാളുടെ പേരിൽ രേഖപ്പെടുത്തിയ സംഭവങ്ങൾ നിരവധി. എന്നാൽ വിവാദങ്ങളിൽ നിന്നൊഴിഞ്ഞുനിൽക്കാനായിരുന്നു ഇഷ്ടം. ആത്മമിത്രം പ്രേംകുമാർ വടകരയോടെപ്പം അക്കാദമി പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷവാനാണെന്ന് ഇ വി വത്സൻ പറഞ്ഞു. ഭാര്യ: വിമല. മക്കൾ: വിമൽ, സന്ധ്യ, ലിസ.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home