Deshabhimani

ഗ്യാനേഷ്‌ കുമാറിനെ പുറത്താക്കൂ

എൽഡിഎഫ്‌ പ്രതിഷേധസംഗമം

 ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ എൽഡിഎഫ് കണ്ണൂരിൽ നടത്തിയ പ്രതിഷേധ സംഗമത്തിന്‌ മുന്നോടിയായി നടന്ന പ്രകടനം
വെബ് ഡെസ്ക്

Published on Sep 30, 2026, 02:00 AM | 1 min read

കണ്ണൂർ

മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിനെ പുറത്താക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ രാജ്യവ്യാപകമായി തുടരുന്ന പ്രക്ഷോഭത്തിനൊപ്പം കണ്ണൂരും. എസ്‌ഐആർ ഉൾപ്പെടെയുള്ള കുതന്ത്രങ്ങളിലൂടെ ജനാധിപത്യത്തെ കുഴിച്ചുമൂടുന്ന മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണറെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ച്‌ എൽഡിഎഫ്‌ ജില്ലാ കമ്മറ്റിയാണ്‌ കണ്ണൂരിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചത്‌. ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയെ ലോകത്തിന്‌ മുന്നിൽ നാണം കെടുത്തുന്നതാണ്‌ ഗ്യാനേഷ്‌ കുമാറിന്റെ അധികാരദുർവിനിയോഗമെന്ന വികാരമാണ്‌ സംഗമത്തിൽ അലയടിച്ചത്‌. നഗരത്തിൽ നൂറുകണക്കിനാളുകൾ അണിനിരന്ന പ്രകടനവുമുണ്ടായി. സ്‌റ്റേഡിയം കോർണറിൽ പ്രതിഷേധസംഗമം സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. ബംഗാൾ മാതൃകയിൽ വോട്ടർപട്ടികയിൽനിന്ന്‌ കോടിക്കണക്കിന്‌ ആളുകളെ വെട്ടിമാറ്റി ബിജെപിയെ ഭരണത്തിൽ എക്കാലവും പ്രതിഷ്‌ഠിക്കാനുള്ള പണിയാണ്‌ ഗ്യാനേഷ്‌ കുമാർ ചെയ്യുന്നതെന്ന്‌ രാഗേഷ്‌ പറഞ്ഞു. ബംഗാളിൽ 90 ലക്ഷംപേരെ എസ്‌ഐആറിലൂടെ വെട്ടിമാറ്റിയാണ്‌ അധികാരം പിടിച്ചത്‌. ബിജെപി ജയിച്ച സംസ്ഥാനങ്ങളിലെല്ലാം ഇ‍ൗ മാതൃകയാണ്‌ പിന്തുടർന്നത്‌. തുല്യഅധികാരമുള്ള മൂന്ന്‌ പേരുകാരിൽ ഒന്നാമത്തെ പേരുകാരൻ എന്നല്ലാതെ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർക്ക്‌ അധിക അധികാരങ്ങളൊന്നുമില്ല. എന്നിട്ടും രണ്ടുപേർ വിയോജിപ്പ്‌ അറിയിച്ചിട്ടും നാണം കെട്ട നടപടികൾ തുടരുകയാണ്‌ ഗ്യാനേഷ്‌ കുമാർ. തെരഞ്ഞെടുപ്പ്‌ സംവിധാനങ്ങളെയെല്ലാം ഗ്യാനേഷ്‌ സ്വന്തം വരുതിയിൽ നിർത്തുകയാണെന്നും രാഗേഷ്‌ പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ്‌ കുമാർ അധ്യക്ഷനായി. എൽഡിഎഫ്‌ നേതാക്കളായ സി എൻ ചന്ദ്രൻ, ജോയ്‌ കൊന്നക്കൽ, പി പി ദിവാകരൻ, കെ കെ ജയപ്രകാശ്‌, എ ജെ ജോസഫ്‌, ഇഖ്ബാൽ പോപ്പുലർ, കെ വി പ്രശാന്ത്‌, സി വത്സൻ, അനിൽ, പി കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. എൽഡിഎഫ്‌ കൺവീനർ എൻ ചന്ദ്രൻ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home