ad
Deshabhimani

ഓപ്പറേഷന്‍ ഗുരുകുലം എല്ലാ ജില്ലകളിലും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 13, 2017, 07:27 PM | 0 min read

 

 
തിരുവനന്തപുരം >  വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ എല്ലാ ജില്ലകളിലും പൊലീസ് ഓപ്പറേഷന്‍ ഗുരുകുലം പദ്ധതി നടപ്പാക്കുന്നു. നിലവില്‍ കോട്ടയം ജില്ലയില്‍ നടപ്പാകുന്ന പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കാനാണ് തീരുമാനം.  ലഹരി ഉപയോഗം കുട്ടികള്‍ക്കിടയില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ്  പദ്ധതിയെന്ന് പൊലീസ് മേധാവി ടി പി സെന്‍കുമാര്‍ അറിയിച്ചു. 
  ലഹരിവസ്തുക്കളുടെ വില്‍പ്പന തടയുക, ലഹരിക്കടിമപ്പെടുന്ന കുട്ടികളെ കണ്ടെത്തി ലഹരിവിമുക്തി നേടുന്നതിന് സഹായിക്കുക, ലഹരിക്കടിമപ്പെടാത്ത കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്തുക എന്നിവയാണ്  പ്രധാന പ്രവര്‍ത്തനങ്ങള്‍.  
നന്നായി പഠിക്കുന്ന വിദ്യാര്‍ഥികള്‍ പെട്ടെന്ന് പഠനത്തില്‍ പിന്നോക്കം പോകുക, ഏതുകാര്യത്തിലും ഉദാസീനമനോഭാവം പ്രകടിപ്പിക്കുക, പാതിമയങ്ങിയ കണ്ണുകള്‍, ആരോടും സംസാരിക്കാതെ  ഒതുങ്ങുകയും പെട്ടെന്ന് പ്രകോപിതരാവുകയും അക്രമാസക്തരാവുകയും ചെയ്യുക എന്നിവയൊക്കെ സ്ഥിരമായ മയക്കുമരുന്ന് ഉപയോഗത്തിന്റെ ലക്ഷണമാണ്. ഇത്തരത്തിലുള്ള കുട്ടികളെ കണ്ടെത്തി ബോധവല്‍കരണം നടത്തുക, അവരുടെ കുടുംബാംഗങ്ങള്‍ക്കും ബോധവല്‍കരണം നല്‍കുക, വിദ്യാലയ പരിസരങ്ങളില്‍ ലഹരിവസ്തുക്കളും വ്യാജമദ്യവും  വില്‍പ്പന നടത്തുവരെ കണ്ടെത്തി  നിയമ നടപടികള്‍ സ്വീകരിക്കുക എന്നിവ കോട്ടയത്ത് ആവിഷ്കരിച്ചിരുന്നു. ചികിത്സ ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് അത് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍  വിദ്യാലയാധികൃതരും രക്ഷിതാക്കളുമായും ബന്ധപ്പെട്ട് നടത്തുന്നു.  ഓണ്‍ലൈനായി കൌണ്‍സിലിങ് നല്‍കാനും അവസരമുണ്ട്. സ്കൂളില്‍ എത്താത്ത കുട്ടികളെ സംബന്ധിച്ച വിവരം പ്രത്യേക സോഫ്റ്റ്വെയര്‍ സംവിധാനത്തിലൂടെ രക്ഷിതാക്കളെ അറിയിക്കാനും കോട്ടയം ജില്ലാ ഗുരുകുലം പദ്ധതിയില്‍ സംവിധാനമുണ്ട്.  ഇവ ഉള്‍പ്പെടുത്തി എല്ലാ ജില്ലയിലും പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കാനാണ് നിര്‍ദേശം. കോട്ടയം ജില്ലയില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ അതത് ജില്ലകളിലെ പ്രാദേശിക സാഹചര്യമനുസരിച്ച് ഭേദഗതികളോടെ നടപ്പാക്കണം. കുടുംബം, വിദ്യാലയം, പൊതുസ്ഥലം എന്നീ ഘടകങ്ങള്‍ക്ക് കുട്ടികളില്‍ ലഹരി ഉപയോഗത്തിന് വഴിവയ്ക്കുന്നതിനുള്ള പങ്ക് വിശകലനം ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കണം. -
കുട്ടികളിലെ കുറ്റകൃത്യങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഘടകങ്ങള്‍, മൊബൈല്‍ഫോണ്‍, ഇന്റര്‍നെറ്റ് ദുരുപയോഗം എന്നിവ തടയാനുള്ള നടപടികളും പദ്ധതിയുടെ ഭാഗമായി ആവിഷ്കരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചു.
 
 
 


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home