ചവറയിലും നിലമേലിലും വാഹനാപകടം: 2 യുവാക്കൾ മരിച്ചു

ചവറയിൽ കൊട്ടിയം സ്വദേശി
ചവറ
ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൊട്ടിയം തഴുത്തല പുത്തൻവീട്ടില്‍ വട്ടക്കായൽ ഹരിഹരപുത്രപിള്ളയുടെ മകൻ മനോജ് (42) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 7.30ന് പന്മന കൊല്ലകയ്ക്ക് സമീപമാണ്
അപകടം.
കൊല്ലത്തെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായ മനോജ് ജോലി കഴിഞ്ഞ് ബൈക്കില്‍ മാവേലിക്കരയിലെ ഭാര്യവീട്ടിലേക്ക് പോകുന്നതിനിടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ മനോജിനെ സമീപത്തുള്ളവര്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.ഭാര്യ: അനിത. മക്കള്‍: സഞ്ജയ്, ശ്രീഹരി. ദേശാഭിമാനി കൊല്ലം യൂണിറ്റിലെ ഡസ്‌പാച്ച് ജീവനക്കാരൻ മഹേഷിന്റെ ഇരട്ട സഹോദരനാണ്.
നിലമേലിൽ ചിതറ സ്വദേശി
ചടയമംഗലം
നിലമേൽ ശബരിഗിരി സ്‌കൂളിനു സമീപം കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചിതറ തെറ്റിമുക്ക് ചൈത്രത്തിൽ സുനിൽകുമാർ (32) ആണ് മരിച്ചത്. ബുധനാഴ്‌ച വൈകിട്ട് 5.30നാണ്
അപകടം.
നിലമേൽ ഭാഗത്തേക്ക് വരികയായിരുന്ന സുനിൽകുമാർ സഞ്ചരിച്ച കാർ തൊട്ടുമുന്നിൽ സഞ്ചരിച്ച കാറിൽ ഇടിച്ചശേഷം എതിർദിശയിൽനിന്നു വന്ന ഇടമുളയ്‌ക്കൽ പഞ്ചായത്തിന്റെ സ്കോർപിയോ കാറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സുനിൽകുമാർ റോഡിലേക്ക് തെറിച്ചുവീണു. തുടർന്ന് പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം.ഗുരുതരമായി പരിക്കേറ്റ സുനിൽകുമാറിന്റെ കൂടെ കാറിലുണ്ടായിരുന്ന തെറ്റിമുക്ക് ഷീജാഭവനിൽ അജിൽ (29), വി ആർ ഭവനിൽ വിനേഷ് ബാബു(24, വിഷ്‌ണു), പഞ്ചായത്തിലെ വാഹനത്തിന്റെ ഡ്രൈവർ മോൻസി (34) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശ്വതിയാണ് സുനിൽകുമാറിന്റെ ഭാര്യ. ആറു മാസം പ്രായമുള്ള അനുഷ മകളാണ്. പ്ലംബിങ്–-ഇലക്‌ട്രീഷ്യൻ തൊഴിലാളിയാണ് സുനിൽകുമാർ. പൊലീസ്
കേസെടുത്തു











0 comments