ബ്രേക്കില്ലാതെ അപകടങ്ങൾ; 4 പേർ മരിച്ചു

ബൈക്കുകൾ ജീപ്പിലിടിച്ച്
2 വിദ്യാർഥികൾ
സ്വന്തം ലേഖകന്‍
കൊട്ടാരക്കര
രണ്ട് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പ്ലസ് വൺ വിദ്യാർഥികൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു.
പത്തനംതിട്ട കുലശേഖരപതി പരിശു പുരയിടത്തിൽ അഷ്റഫിന്റെയും- ജസീനയുടെയും മകൻ മുഹമ്മദ് റാഷിദ് (18), കൊല്ലം പെരിനാട് അമ്പഴവയൽ പിറവള്ളി പടിഞ്ഞാറ്റതിൽ അക്ബറിന്റെയും നിമിഷയുടെയും മകൻ അൽഫഹദ് (17)എന്നിവരാണ് മരിച്ചത്. മറ്റൊരു ബൈക്കിൽ പിന്നാലെ വന്ന അൽഫഹദിന്റെ സഹോദരൻ അൽഫാസ് (18), വലംഞ്ചുഴി ചരിവാരയിൽ അജിത്കുമാറിന്റെ മകൻ ബിജിത്(19) എന്നിവരെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംസി റോഡിൽ കലയപുരം പെട്രോൾ പമ്പിനു മുന്നിൽ ബുധനാഴ്ച രാത്രി 11നായിരുന്നു അപകടം.
പമ്പിൽനിന്ന് റോഡിലേക്കു കയറുകയായിരുന്ന ജീപ്പിൽ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കുകൾ ഇടിക്കുകയായിരുന്നു. അൽഫഹദ് ഓടിച്ച ബൈക്കിന്റെ പിന്നിലാണ് റാഷിദ് ഇരുന്നത്. ബിജിത്ത് ഓടിച്ച ബൈക്കിൽ അൽഫാസും. ജീപ്പുമായി കൂട്ടിയിടിച്ച് റോഡിലേക്കു തെറിച്ചുവീണ നാലുപേരെയും ഉടനെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും അൽഫഹദും മുഹമ്മദ് റാഷിദും മരിച്ചു. പത്തനംതിട്ട തൈക്കാവ് ഗവ. എച്ച്എസ്എസിലെ വിദ്യാർഥികളാണ് നാലുപേരും. അഞ്ചാലുംമൂട് പനയം അമ്പഴവയലിലെ നിമിഷയുടെ സഹോദരിയുടെയും കുരിപ്പുഴയിലുള്ള അച്ഛന്റെയും വീട് സന്ദർശിച്ച ശേഷം കുമ്പഴയിലേക്ക് മടങ്ങവേയായിരുന്നു അപകടം.
വ്യാഴാഴ്ച പ്ലസ് വൺ പരീക്ഷയെഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു അൽഫഹദും ബിജിത്തും റാഷിദും. റാഷിദിന് ഒരു മാസം മുമ്പ് അച്ഛൻ വാങ്ങിക്കൊടുത്ത ബൈക്കാണ് അപകടത്തിൽപ്പെട്ടത്. അൽഫഹദിന്റെ അച്ഛൻ അക്ബറിന് പത്തനംതിട്ട ടൗണിൽ വാഴക്കുല കച്ചവടമായതിനാൽ കൊല്ലം പെരിനാട് നിന്ന് അവിടേക്കു താമസം മാറ്റുകയായിരുന്നു. അൽഫഹദിന്റെ മൃതദേഹം കുരിപ്പുഴ ജമാഅത്ത് ഖബര്‍സ്ഥാനിൽ കബറടക്കി.
കാർ ബൈക്കിലിടിച്ച് ഐടിഐ വിദ്യാർഥി
കൊട്ടാരക്കര
എംസി റോഡിൽ ലോവർ കരിക്കത്ത് കാർ ബൈക്കിലിടിച്ച് ഐടിഐ വിദ്യാർഥി മരിച്ചു. ശൂരനാട് നോർത്ത് അനിൽ ഭവനിൽ അനിൽകുമാറിന്റെ മകൻ മിഥുൻകുമാർ (21)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പട്ടാഴി കന്നിമേൽ അമ്പിയറ വടക്കേക്കര പുത്തൻവീട്ടിൽ സുബിൻബാബു (20)വിനെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ചന്ദനത്തോപ്പ് ഐടിഐ വിദ്യാർഥികളാണ്.
വ്യാഴാഴ്ച വൈകിട്ട് 5.15നായിരുന്നു അപകടം. പഠനത്തിന്റെ ഭാഗമായി കൊട്ടാരക്കര കരിക്കത്തുള്ള വാഹന ഷോറൂമിൽ പ്രവൃത്തി പരിശീലനത്തിലായിരുന്നു വിദ്യാർഥികൾ. ഷോറൂമിൽനിന്ന് മടങ്ങവെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് അടൂർ ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മറ്റു വാഹനങ്ങളെ മറികടന്നാണ് കാർ ഏതിർവശത്തുകൂടി പോകുകയായിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് തെറിച്ച് എതിർഭാഗത്തുള്ള ഓടയിൽ പതിച്ചു. നിർത്താതെപോയ കാർ സമീപമുള്ള പെട്രോൾ പമ്പിനു സമീപം ഉപേക്ഷിച്ച് കാറിലുണ്ടായിരുന്നവർ കടന്നു.
സമീപമുള്ള വാഹന ഷോറൂമിലെ ജീവനക്കാരാണ് ഇരുവരേയും കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മിഥുൻകുമാർ മരിച്ചു. തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലാണ് മിഥുൻകുമാറിന്റെ അമ്മ മിനി. സഹോദരൻ അരുൺ. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ.
ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരൻ
കൊട്ടാരക്കര
ജോലിക്കിടെ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു. അടൂർ മണക്കാല തുവയൂർ ജോസ് വിലാസത്തിൽ സിബിൻ ജോസ് (28) ആണ് മരിച്ചത്. വ്യാഴാഴ്ച പകൽ 11നാണ് സംഭവം. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
കൊട്ടാരക്കര പുലമൺ ജൂബിലി മന്ദിരത്തിലെ 11 കെവി ഇലക്ട്രിക് ലൈനിനോട് ചേർന്ന മരങ്ങളുടെ ചില്ല വെട്ടിക്കൊണ്ടിരിക്കെയാണ് ഷോക്കേറ്റത്. ഉടൻതന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപകടസ്ഥലത്തുതന്നെ മരിച്ചിരുന്നു. അഞ്ചുവർഷമായി കരാർ ജീവനക്കാരനാണ്. ഫീഡർ ഓഫ്‌ചെയ്‌തില്ലെന്നും ചില്ല വെട്ടാൻ പൈപ്പ് തോട്ടിയാണ് ഉപയോഗിച്ചത് എന്നും പരാതിയുയർന്നിട്ടുണ്ട്. ഭാര്യ: ഷൈനി, മക്കൾ: പൊന്നു, മീനു.











0 comments