ad
Deshabhimani

ആര്‍എസ‌്‌പിയിൽ തുടക്കം; മുന്നേറിയത് കോണ്‍ഗ്രസില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 17, 2019, 08:17 PM | 0 min read

 

കൊല്ലം
ആർഎസ‌്പിയിലൂടെ  രാഷ്ട്രീയത്തിൽ  ചുവടുവച്ച്  കോൺഗ്രസിന്റെ മുൻനിര നേതാവായി വളർന്നയാളാണ് കടവൂർ ശിവദാസൻ. നിയമസഭയിലേക്ക് തെരഞ്ഞെടുത്ത നാലുപ്രാവശ്യവും മന്ത്രിയായി. ആർഎസ‌്പി എസ് എന്ന രാഷ്ട്രീയപാർടിക്ക്  രൂപം നൽകിയതിലും കടവൂരിന്റെ പങ്ക് നിർണായകം. 
1980ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആർഎസ‌്പി നേതാവ് എൻ ശ്രീകണ്ഠൻനായർ പരാജയപ്പെട്ടതിനെത്തുടർന്നുണ്ടായ അസ്വാരസ്യങ്ങളിൽനിന്നാണ് ആർഎസ‌്പി എസ് രൂപംകൊണ്ടത്. അന്നത്തെ പാർടി സംസ്ഥാന നേതാക്കളായ ബേബിജോൺ, ആർ എസ് ഉണ്ണി, കെ പങ്കജാക്ഷൻ എന്നിവരുമായി ശ്രീകണ്ഠൻനായർ അകലുന്നതിന് തെരഞ്ഞെടുപ്പു പരാജയം കാരണമായി. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആർഎസ‌്പി സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു. 
പാർടി പരിപാടികളിൽനിന്ന് ശ്രീകണ‌്ഠൻനായരെ ബോധപൂർവം ഒഴിവാക്കുന്നുവെന്ന പ്രചാരണം ശക്തിയായ ഘട്ടത്തിൽ എറണാകുളത്ത് ചേർന്ന യുവജനസംഘടനാ സംസ്ഥാനസമിതി ചേരിപ്പോരിന് മൂർച്ചകൂട്ടി. ട്രേഡ്‌യൂണിയൻ രംഗത്ത് ശ്രീകണ‌്ഠൻനായർക്കുണ്ടായിരുന്ന സ്വാധീനം ഈ മേഖലയിൽ സമാന്തര കമ്മിറ്റികളുടെ രൂപീകരണത്തിൽ എത്തിച്ചു. 1981 മെയ് 26ന് സംസ്ഥാനസമിതിക്ക് രൂപം നൽകിയതോടെ ആർഎസ‌്പി (ശ്രീകണ‌്ഠൻനായർ) നിലവിൽവന്നു. കടവൂർ ശിവദാസനായിരുന്നു മുഖ്യസൂത്രധാരൻ. കെ കെ കുമാരപിള്ള, കെ സി വാമദേവൻ, കെ പി ശങ്കരദാസ്, ജി കരുണാകരൻ, ടി കെ ശ്രീധരൻ, ശ്രീകണ‌്ഠൻനായരുടെ ഭാര്യ മഹേശ്വരിയമ്മ തുടങ്ങിയവർ നേതൃനിരയിലുണ്ടായിരുന്നു. ആർഎസ‌്പി എസ് രൂപീകരിച്ചപ്പോൾ എംഎൽഎയായിരുന്ന കടവൂർ ശിവദാസൻ 1982ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർഎസ‌്പി എസ് സ്ഥാനാർഥിയായി വിജയിക്കുകയും കെ കരുണാകരൻ മന്ത്രിസഭയിൽ തൊഴിൽമന്ത്രിയാകുകയും ചെയ്തു. 
ശ്രീകണ‌്ഠൻനായരുടെ മരണശേഷം ആർഎസ‌്പി എസിൽ കലാപക്കൊടി ഉയർന്നപ്പോൾ ഒരു വിഭാഗത്തിന്റെ തലപ്പത്ത് കടവൂർ നിന്നു. കടവൂരിനെതിരെ കെ സി വാമദേവനും ജി കരുണാകരനും കെ പി ശങ്കരദാസും ഉൾപ്പെടെ രംഗത്തെത്തി.  ഇവർ സമാന്തര കൺവൻഷൻ വിളിച്ചുചേർത്തെങ്കിലും നടപടികൾ മുന്നോട്ടുകൊണ്ടുപോയില്ല. ഇതിനിടെ കെ കെ കുമാരപിള്ളയും മഹേശ്വരിയമ്മയും ഉൾപ്പെടെ സിപിഐയിൽ ചേർന്നു. കടവൂർ വിഭാഗം  കോൺഗ്രസിൽ ലയിക്കാൻ തീരുമാനിച്ചതോടെ ആർഎസ‌്പി എസ് ഇല്ലാതായി. 
പിഎസ്‌യുവിലൂടെയാണ്  ആർഎസ‌്പി രാഷ്ട്രീയത്തിൽ കടവൂർ സജീവമാകുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെത്തിയശേഷം സംഘടനാപാടവം കൊണ്ട്  മുൻനിരക്കാരനായി. അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ വിശ്വസ്തനായിരുന്നു. 1980–-82 കാലയളവിൽ ആർഎസ‌്പിയുടെയും 1991ലും  96ലും 2001ലും  കോൺഗ്രസിന്റെയും പ്രതിനിധിയായിട്ടാണ് നിയമസഭയിലെത്തിയത്. മന്ത്രിയായിരിക്കെ  അസംഘടിത തൊഴിലാളികൾക്കായി  ക്ഷേമപദ്ധതികൾ നടപ്പാക്കി.
മന്ത്രി മേഴ്‌സിക്കുട്ടിഅമ്മ അനുശോചിച്ചു
കൊല്ലം
കടവൂർ ശിവദാസന്റെ നിര്യാണത്തിൽ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ അനുശോചിച്ചു. തൊഴിലാളി പ്രശ്‌നങ്ങളിൽ സജീവമായി ഇടപെട്ട‌് ആദരവ് നേടിയ വ്യക്തിയാണ‌് അദ്ദേഹമെന്ന‌് മന്ത്രി പറഞ്ഞു. നിര്യാണത്തിൽ അനുശോചിക്കുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു. 


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home