Deshabhimani

ശ്രീപത്മനാഭസ്വാമി ക്ഷേത്രവസ്‌തു ആർഎസ്‌എസ്‌ കയ്യേറിയതെന്ന്‌ തഹസിൽദാർ റിപ്പോർട്ട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 13, 2019, 01:51 AM | 0 min read

തിരുവനന്തപുരം > കോട്ടയ്‌ക്കകത്ത്‌ അനന്തശായി ബാലസദനമായി പ്രവര്‍ത്തിപ്പിക്കുന്ന കെട്ടിടം ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭൂമിയാണെന്നും ഇത്‌ ആർഎസ്എസ് കൈയേറിയതാണെന്നും തഹസിൽദാറുടെ റിപ്പോർട്ട്. 
 
ഈ സ്ഥലം മുഞ്ചിറ മഠത്തിന്റെ പേരിലാണെന്നാണ് തഹസില്‍ദാരുടെ റിപ്പോര്‍ട്ട്. കെട്ടിടത്തിന്റെ രേഖകള്‍, വൈദ്യുതി കണക്ഷൻ എന്നിവ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ പേരിലാണ്. അനന്തശായി ബാലസദനത്തിന് കെട്ടിടവുമായി ബന്ധപ്പെട്ട രേഖകളൊന്നും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.ക്ഷേത്രത്തിന്റെ ആവശ്യത്തിനായി രാജഭരണകാലത്ത് നല്‍കിയ ശ്രീപണ്ടാരംവക ഭൂമിയാണിതെന്നും തഹസില്‍ദാര്‍ ജി കെ സുരേഷ് കുമാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സ്ഥലവും കെട്ടിടവും തിരികെ നല്‍കണമെന്നാവശ്യപ്പട്ട് പുഷ്പാഞ്ജലി സ്വാമിയാര്‍ മുഖ്യമന്ത്രിക്കും കലക്ടര്‍ക്കും ഉൾപ്പെടെ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് തഹസില്‍ദാരോട് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടത്.
 
ഈ സ്ഥലവും കെട്ടിടവും തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാര്‍ പരമേശ്വര ബ്രഹ്മാനന്ദ തീര്‍ഥ നടത്തുന്ന നിരാഹാര സമരം അഞ്ച് ദിവസം പിന്നിട്ടു. 
 
ക്ഷേത്രത്തിലെ ചടങ്ങുകളില്‍ പ്രധാന പങ്കുവഹിക്കുന്ന മുഞ്ചിറ മഠത്തിലെ പുഷ്പാഞ്ജലി സ്വാമിയാര്‍ക്ക് താമസിക്കാനും പൂജകള്‍ നടത്താനുമാണ് കെട്ടിടം നല്‍കിയിരുന്നത്. ഇൗ കെട്ടിടത്തിൽ രണ്ട് മുൻ സ്വാമിമാരുടെ സമാധി പീഠങ്ങളുണ്ട്. ഇവിടെയാണ് ആചാരപ്രകാരം പൂജ നടത്തേണ്ടത്. ഇടയ്ക്ക് കുറേക്കാലത്ത് മുഞ്ചിറ മഠത്തിന് പുഷ്പാഞ്ജലി സ്വാമിയാര്‍ ഉണ്ടായിരുന്നില്ല. ഈ സമയത്താണ് ആർഎസ്‌എസിന്റെ മേൽനോട്ടത്തിലുള്ള ബാലസദനം അധികൃതർ കൈയേറിയത്. ആചാരപ്രകാരമുള്ള ചാതുര്‍മാസപൂജ നടത്താന്‍ സ്ഥാപന ഉടമകള്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് സ്വാമിയാര്‍ നിരാഹാര സമരം നടത്തുന്നത്. 
മിത്രാനന്ദപുരം കുളത്തിന് സമീപമുള്ള മുഞ്ചിറ മഠത്തില്‍നിന്ന്‌ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശ്രീരാമന്റെ പഞ്ചലോഹ വിഗ്രഹം കാണാതായെന്നും പുഷ്പാഞ്ജലി സ്വാമി ആരോപിക്കുന്നു. കെട്ടിടത്തിന് മുന്നിൽ നിരാഹാരം അനുഷ്ഠിക്കുന്ന സ്വാമിയെ ആർഎസ്എസുകാർ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. 
സ്വാമി നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ മേയര്‍ വി കെ പ്രശാന്ത് മുഞ്ചിറ മഠത്തിന് മുന്നില്‍ സമരം നടത്തുന്ന സ്വാമിയാരെ സന്ദര്‍ശിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home