നോവലിസ്റ്റ് മാത്യു മറ്റം അന്തരിച്ചു

കോട്ടയം > ജനപ്രിയ നോവലുകളിലൂടെ മലയാളികളുടെ മനംകവര്‍ന്ന മാത്യു മറ്റം (65) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച പകല്‍ മൂന്നിന് പാറമ്പുഴ ബെത്ലഹേം പള്ളി സെമിത്തേരിയില്‍.
എം സി റോഡിന് സമീപം സംക്രാന്തി മാമ്മൂട്ടില്‍ വസതിയിലായിരുന്നു താമസം. മംഗളം വാരികയിലൂടെ നോവല്‍ രംഗത്തേക്ക് കടന്നുവന്ന മാത്യു മറ്റം 270ലേറെ നോവലുകള്‍ രചിച്ചിട്ടുണ്ട്. ലക്ഷംവീട്, കരിമ്പ്, മെയ്ദിനം, അഞ്ച് സുന്ദരികള്‍, ആലിപ്പഴം, റൊട്ടി, ദൈവം ഉറങ്ങിയിട്ടില്ല, പ്രൊഫസറുടെ മകള്‍, ഹവ്വാ ബീച്ച്, പൊലീസുകാരന്റെ മകള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. മെയ്ദിനവും കരിമ്പും പിന്നീട് സിനിമയായി. ആലിപ്പഴം സീരിയലായി.
എരുമേലി പമ്പാവാലി സ്വദേശിയായ മാത്യു ഹൈസ്കൂള്‍ പഠന കാലയളവില്‍ കഥകളെഴുതി പുസ്തകമാക്കിയിരുന്നു. പിന്നീട് നോവല്‍ സാഹിത്യത്തിലേക്ക് തിരിഞ്ഞ മാത്യു ഒരേ സമയം 13 വാരികകളില്‍ വരെ നോവലുകളെഴുതിയിട്ടുണ്ട്. കുടിയേറ്റ കര്‍ഷകരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും പ്രശ്നങ്ങള്‍ ലളിതമായ ഭാഷയില്‍ നോവലുകളായി മാറിയപ്പോള്‍ മാത്യു മറ്റം ആരാധകരേറെയുള്ള നോവലിസ്റ്റായി മാറി.
ഏതാനും വര്‍ഷങ്ങളായി സജീവ രചനയില്‍ നിന്ന് മാത്യു വിട്ടുനിന്നിരുന്നു. 2010ല്‍ 'മഹാപാപി' എന്ന പേരില്‍ രചിച്ച ആത്മീയ ഗ്രന്ഥമാണ് അവസാനമായി പുറത്തിറക്കിയ പുസ്തകം. ഭാര്യ: വത്സമ്മ. മക്കള്‍ : കിഷോര്‍ (മനോരമ പബ്ളിക്കേഷന്‍സ്), എമിലി (ഇസ്രയേല്‍). മരുമക്കള്‍: റോയി കാട്ടര്‍കുന്നേല്‍, ജിജി (കിംസ് ആശുപത്രി).
'കാട്ടാറും കന്യകയും' ആദ്യ നോവല്‍
സ്വന്തം ഭാഷാശൈലി നിലനിര്‍ത്താന്‍m'പത്രവായന ഒഴിവാക്കിയ എഴുത്തുകാരന്‍'...
ബിജി കുര്യന്‍
കോട്ടയം > മറ്റുള്ളവരുടെ ഭാഷ സ്വാധീനിച്ചേക്കുമെന്ന് ഭയന്ന് പത്രം പോലും വായിക്കാത്ത എഴുത്തുകാരനാണ് താനെന്ന് അന്തരിച്ച നോവലിസ്റ്റ് മാത്യു മറ്റം മുമ്പ് പറഞ്ഞിട്ടുണ്ട്. കടുക് വറക്കുന്നതുപോലെയുള്ള സ്വന്തം ഭാഷാശൈലിയെ അദ്ദേഹം എത്രമാത്രം പ്രണയിച്ചിരുന്നെന്ന് ഈ വാക്കുകളില്‍ വ്യക്തം. മാത്യു മറ്റത്തിന് പൊതുവിജ്ഞാനം കമ്മിയാണെന്ന് ഒരിക്കല്‍ ഒരു പത്രാധിപര്‍ സ്വകാര്യസംഭാഷണത്തില്‍ കളിയാക്കിയതിന് മറുപടിയായാണ് അദ്ദേഹം അത് പറഞ്ഞത്.
1970–80കളില്‍ മലയാളികളെ ഇളക്കിമറിച്ച പൈങ്കിളി നോവല്‍ പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പനായി പലരും കരുതുന്നത് മഹാനായ മുട്ടത്ത് വര്‍ക്കിയെ ആണെങ്കിലും പൈങ്കിളി ഏറെ എഴുതിയതും ഏറ്റവുമധികം പ്രതിഫലം പറ്റിയതും മാത്യു മറ്റമാണെന്ന് സമ്മതിക്കണം. ഒരു കാലഘട്ടത്തില്‍ മലയോരത്തെ സിറ്റികളിലെ പലചരക്ക് കടകളില്‍നിന്ന് അരി, ഉപ്പ്, മുളക്, കാപ്പിപ്പൊടി എന്നിവക്കൊപ്പം തൊഴിലാളിസ്ത്രീകള്‍ ആവേശത്തോടെ വാങ്ങി വീട്ടില്‍ കൊണ്ടുപോയി വായിച്ചിരുന്നത് കോട്ടയം–6 ലെ എസ് എച്ച് മൌണ്ട് പോസ്റ്റ്ഓഫീസിന്റെ സീലുള്ള പൈങ്കിളി വാരികകളായിരുന്നു. ആ ആനുകാലികങ്ങളിലൂടെയാണ് കേരളത്തിലെ ലക്ഷോപലക്ഷം വായനക്കാര്‍ മാത്യു മറ്റത്തെ പരിചയപ്പെട്ടത്. അദ്ദേഹത്തിനൊപ്പം പ്രശസ്തരായിരുന്ന കാനം ഇ ജെയും ചെമ്പില്‍ ജോണും ജോണ്‍ ആലുങ്കലും കോട്ടയം പുഷ്പനാഥും സുധാകര്‍ മംഗളോദയവും ബാറ്റണ്‍ ബോസും ജോയ്സിയും തോമസ് ടി അമ്പാട്ടും കമലാ ഗോവിന്ദും ഏറ്റുമാനൂര്‍ ശിവകുമാറും ജോണ്‍സണ്‍ പുളിങ്കുന്നും വേളൂര്‍ പി കെ രാമചന്ദ്രനും പ്രസന്നന്‍ ചമ്പക്കരയും സതീഷ് കച്ചേരിക്കടവുമെല്ലാം മലയാളികള്‍ക്ക് കുടുംബാംഗങ്ങളെപ്പോലെ പരിചിതരായി.
'കാട്ടാറും കന്യകയും' എന്ന ആദ്യ നോവലിന്റെ പ്രതിയുമായി നോവലിസ്റ്റ് മാത്യു മറ്റം തന്നെ വില്‍പ്പനയ്ക്കെത്തുമ്പോള്‍ 1969ല്‍ താന്‍ സ്കൂളില്‍ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിയായിരുന്നെന്ന് പില്‍ക്കാലത്ത് ദീര്‍ഘകാലം ജനനി വാരിക പത്രാധിപരായിരുന്ന ടൈറ്റസ് കെ വിളയില്‍ ഓര്‍ക്കുന്നു. ഒരേസമയം പല വാരികളില്‍ എഴുതുന്നതിന്റെ തിരക്കും ഓര്‍മപ്പിശകും നിമിത്തം കഥ എവിടെയാണ് എഴുതിനിര്‍ത്തിയതെന്ന് പലപ്പോഴും മറ്റത്തിന് അറിയാതെവരുമായിരുന്നു. പ്രശ്നപരിഹാരത്തിന് വാരിക പത്രാധിപരെ സമീപിക്കുന്ന നോവലിസ്റ്റ്, ഉചിതമായ തിരുത്തലുകള്‍ വരുത്തി കഥ യോജിപ്പിക്കാനും അഭ്യര്‍ഥിക്കുമായിരുന്നു. ഇത്തരത്തില്‍ മറ്റത്തിന്റെ നോവലുകളില്‍ ഏറെ കത്തിവച്ച പത്രാധിപരാണ് ടൈറ്റസ്.
പൈങ്കിളി നോവലുകള്‍ക്ക് വരേണ്യര്‍ കല്‍പ്പിച്ചിരുന്ന അസ്പൃശ്യതയ്ക്ക് പിന്നീട് വലിയ മാറ്റംവന്നു. മുട്ടത്തുവര്‍ക്കിയെ മഹാനെന്ന് വിളിച്ച് സുകുമാര്‍ അഴീക്കോട് രംഗത്ത് വന്നതോടെയാണത്. മലയാളത്തിലെ പതിതവര്‍ഗത്തെയാണ് മുട്ടത്ത് വര്‍ക്കി കഥകളിലൂടെ പരിചയപ്പെടുത്തിയതെന്നും വില്യം ഷേക്സ്പിയറെപ്പോലെ കൈരളിയും മുട്ടത്ത് വര്‍ക്കിയെ മഹാനെന്ന് ഗണിക്കുന്ന കാലംവരുമെന്നും അഴീക്കോട് എഴുതി. താന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന പുസ്തകങ്ങളിലൊന്ന് സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ രചിച്ച ഷെര്‍ലോക് ഹോംസിന്റെ അപസര്‍പ്പക കഥകളാണെന്നും അഴീക്കോട് അന്ന് പറഞ്ഞു.
'പൈങ്കിളി' എന്ന ബ്രാന്‍ഡ് നെയിം ജനപ്രിയ കഥകള്‍ക്ക് കിട്ടാന്‍ കാരണം മുട്ടത്ത് വര്‍ക്കിയുടെ മാസ്റ്റര്‍പീസ് നോവല്‍ 'പാടാത്ത പൈങ്കിളി' ഏറെ പ്രശസ്തമായി പിന്നീട് അതേ പേരില്‍ ഹിറ്റ് സിനിമയുമായതാണ്. അതിന്റെ ചുവടുപിടിച്ച് അനശ്വര പ്രണയകഥകളെഴുതിയവരും ചൂടപ്പം പോലെ വിറ്റഴിച്ചവരും നിരവധിയാണ്. സാഹിത്യമൂല്യം കുറവാണെന്ന് ഈ കഥകളെ ആക്ഷേപിക്കുന്നവരുണ്ട്. എന്നാല്‍ പാവപ്പെട്ട മലയാളികളെ അക്ഷരം പഠിപ്പിച്ചതും വായനയുടെ ലോകത്തേക്ക് ആകര്‍ഷിച്ചതും ഈ കഥകളാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.










0 comments