13 July Monday

നിലയ്‌ക്കാത്ത പോരാട്ടത്തിന്റെ 50 വർഷം; സിഐടിയു സുവർണജൂബിലി നിറവിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020

തിരുവനന്തപുരം
സിഐടിയു സുവർണജൂബിലി നിറവിൽ. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന്‌  ഇഞ്ചോടിഞ്ച്‌ പൊരുതിയ അമ്പത്‌ വർഷം. 1970 മെയ്‌ 28 മുതൽ 30 വരെ കൊൽക്കത്ത രഞ്‌ജി സ്‌റ്റേഡിയത്തിൽ (ലെനിൻ നഗർ) ചേർന്ന സമ്മേളനത്തിലാണ്‌ സിഐടിയു രൂപീകൃതമായത്‌. പിന്നീടുള്ള അരനൂറ്റാണ്ട്‌ തൊഴിലാളി വർഗ ഇച്ഛാശക്തിയുടെ മുന്നേറ്റവും  അവകാശങ്ങൾക്കായുള്ള  സന്ധിയില്ലാ സമരങ്ങൾക്കുമാണ്‌  രാജ്യം സാക്ഷിയായത്‌.

1970 ഏപ്രിൽ ഒമ്പത്‌, പത്ത്‌ തീയതികളിൽ ഗോവയിൽ ചേർന്ന കൺവൻഷനാണ്‌ തൊഴിലാളിപക്ഷ നിലപാട്‌ കൂടുതൽ തീവ്രമായി ഉയർത്തിപ്പിടിക്കുന്നതിന്‌ തീരുമാനിച്ചത്‌. എഐടിയുസി ജനറൽ കൗൺസിൽ അംഗങ്ങളും സംസ്ഥാന കമ്മിറ്റി അംഗങ്ങളുമാണ്‌ ഗോവ കൺവൻഷനിൽ പങ്കെടുത്തത്‌.  അന്തരിച്ച ഒ ജെ ജോസഫ്‌, എൻ പത്മലോചനൻ എന്നിവർ കേരളത്തിൽനിന്നും പങ്കെടുത്തു. മേയിൽ കൊൽക്കത്തയിൽ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാനുള്ള ആഹ്വാനത്തോടെയാണ്‌ ഗോവ കൺവൻഷൻ സമാപിച്ചത്‌.

കൊൽക്കത്ത സമ്മേളനത്തിൽ ബി ടി രണദിവെ, പി രാമമൂർത്തി, ജ്യോതിബസു, എം കെ പാന്ഥെ, ഇ ബാലാനന്ദൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തിരുന്നു. പുതിയ ട്രേഡ്‌ യൂണിയന്റെ അനിവാര്യത‌ സംബന്ധിച്ച്‌ പി രാമമൂർത്തി അവതരിപ്പിച്ച റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു ചർച്ച. ബംഗാളിലെ മുതിർന്ന ട്രേഡ്‌ യൂണിയൻ നേതാവ്‌ കൃഷ്‌ണപാത ഘോഷ്‌  പതാക ഉയർത്തി‌. ഗോവ കൺവൻഷനിൽ പങ്കെടുത്തവരെ കൂടാതെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു. എം കെ പാന്ഥെ ഇരുവിഭാഗത്തെയും വെവ്വേറെ അഭിസംബോധന ചെയ്‌തു. തുടർന്ന്‌ സംയുക്ത സമ്മേളനത്തിലേക്ക്‌ കടന്നു.

സ്വാഗതസംഘം അധ്യക്ഷനായിരുന്ന ജ്യോതിബസുവാണ്‌ പ്രതിനിധികൾക്ക്‌ സ്വാഗതം പറഞ്ഞത്‌. ആനത്തലവട്ടം ആനന്ദൻ, എം എം ലോറൻസ്‌, കെ എൻ രവീന്ദ്രനാഥ്‌ തുടങ്ങിയവർ കൊൽക്കത്ത സമ്മേളനത്തിൽ പങ്കെടുത്തവരാണ്‌. മുഹമ്മദ്‌ ഇസ്‌മയിൽ, ഇ ബാലാനന്ദൻ, വിമലാനന്ദ മുഖർജി, സുഹൃത്‌മല്ലിക്‌ ചൗധരി എന്നിവരടങ്ങിയ സ്‌റ്റിയറിങ്‌ കമ്മിറ്റിയാണ്‌ സമ്മേളനം നിയന്ത്രിച്ചതെന്ന്‌ ആനത്തലവട്ടം ആനന്ദൻ ഓർമിച്ചു.

പിരിച്ചുവിടലും അടച്ചുപൂട്ടലും തടയുക, ആവശ്യാധിഷ്‌ഠിത വേതനം ഉറപ്പാക്കുക, വേതനം വെട്ടിക്കുറയ്‌ക്കുന്നത്‌ അവസാനിപ്പിക്കുക, പിഎഫ്‌, ഇഎസ്‌ഐ ആനുകൂല്യം തുടങ്ങിയ ആവശ്യങ്ങളടങ്ങിയ പ്രമേയം അംഗീകരിച്ചാണ്‌ സമ്മേളനം സമാപിച്ചതെന്ന്‌ എൻ പത്മലോചനൻ പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top