ad
Deshabhimani

ജൂൺ ഒന്നിന്‌ സ്കൂൾ തുറക്കില്ല , ക്ലാസുകൾ ഓൺലൈനിൽ ; വിക്‌ടേഴ്‌സ്‌ ചാനൽ വഴി രാവിലെ 8.30 മുതൽ വൈകുന്നേരം 6 വരെ ക്ലാസുകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 30, 2020, 12:00 AM | 0 min read


സംസ്ഥാനത്ത്‌ ജൂൺ ഒന്നിന്‌ സ്കൂൾ തുറക്കില്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ തീരുമാനം അനുസരിച്ചായിരിക്കും സ്കൂൾ തുറക്കുന്ന തീയതി പ്രഖ്യാപിക്കുക. ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നിന്‌ തന്നെ ആരംഭിക്കും.

സർക്കാർ നിർദേശം ലഭിക്കുന്നതുവരെ അധ്യാപകരോ കുട്ടികളോ സ്കൂളിൽ ഹാജരാകേണ്ടതില്ല.  പൊതുവിദ്യാഭ്യാസ ഡയറക്‌ടർ കെ ജീവൻബാബുവിന്റെ അധ്യക്ഷതയിൽ  വെള്ളിയാഴ്‌ച ചേർന്ന സംസ്ഥാന വിദ്യാഭ്യാസ ഗുണനിലവാര പരിശോധനാ സമിതി ( ക്യുഐപി) യോഗത്തിലാണ്‌ തീരുമാനം. വിക്‌ടേഴ്‌സ്‌ ചാനൽ  വഴി രാവിലെ 8.30 മുതൽ വൈകുന്നേരം 6 മണി വരെ ക്ലാസുകൾ സംപ്രേഷണം ചെയ്യും. ഫസ്റ്റ്‌ബെൽ എന്നാണ്‌ പദ്ധതിയുടെ പേര്‌. ഓരോ വിഷയത്തിനും പ്രൈമറി തലത്തിൽ അര മണിക്കൂറും ഹൈസ്‌കൂൾ വിഭാഗത്തിന് ഒരു മണിക്കൂറും ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ഒന്നര മണിക്കൂറും ദൈർഘ്യമുള്ള പാഠങ്ങളാണ് സംപ്രേഷണം ചെയ്യുക. ഇന്റർനെറ്റ് സൗകര്യമില്ലാത്തവർക്കായി വായനശാല, കുടുംബശ്രീ തുടങ്ങിയവ മുഖേന സൗകര്യം ഒരുക്കും. ഓൺലൈൻ ക്ലാസുകൾ സംബന്ധിച്ച് വിശദമായ മാർഗരേഖ പുറത്തിറക്കും. ആറാം പ്രവൃത്തി ദിന കണക്കെടുപ്പ്, നിയമനങ്ങൾ തുടങ്ങിയ കാര്യങ്ങൾ സർക്കാർ തീരുമാനം വന്നതിനു ശേഷമേ ഉണ്ടാകൂ. അധ്യാപകർക്ക്‌ സ്കൂൾ തലത്തിൽ വിവിധ സംവിധാനങ്ങൾ മുഖേന പഠനപ്രവർത്തനങ്ങൾ ഒരുക്കുന്നതിൽ തടസ്സമില്ല. അധ്യാപക സംഘടനാ നേതാക്കളായ കെ സി ഹരികൃഷ്ണൻ,  അബ്ദുള്ള വാവൂർ, വി കെ അജിത്കുമാർ, എൻ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.

മൂല്യനിർണയം ഒന്നിന് തുടങ്ങും
എസ്എസ്‌എൽസി പരീക്ഷയുടെ രണ്ടാംഘട്ട മൂല്യനി‌ർണയം ജൂൺ ഒന്നിന് ആരംഭിക്കും.   എല്ലാ ജില്ലകളിലും മൂല്യനിർണയ കേന്ദ്രങ്ങൾ അനുവദിക്കും. ഭാഷാ വിഷയങ്ങൾക്ക് കൂടുതൽ മൂല്യനിർണയ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. അറബിവിഷയത്തിന്‌ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലും ഉർദുവിന്‌-  തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലുമാണ്‌ കേന്ദ്രങ്ങൾ. നോർത്ത് സോണിലെ അധ്യാപകർ അറബിക് വിഷയത്തിന് കോഴിക്കോടുള്ള മൂല്യനിർണയ കേന്ദ്രത്തിലാണ് പങ്കെടുക്കേണ്ടത്.

ക്ലാസിന്‌ സമയക്രമം
തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ഒന്നുമുതൽ പ്ലസ്‌ടു വരെയുള്ള ക്ലാസുകാർക്ക്‌ വിക്ടർ ചാനലിൽ ഓൺലൈൻ ക്ലാസ്‌ നടക്കും. ശനി, ഞായർ ദിവസങ്ങളിൽ പുനഃസംപ്രേക്ഷണം ഉണ്ടാകും. ജൂൺ ഒന്ന്‌ മുതൽ ഏഴ്‌ വരെ നടക്കുന്ന ക്ലാസുകൾ പരീക്ഷണാടിസ്ഥാനത്തിലാണ്‌. ഈ ക്ലാസുകൾ ജൂൺ എട്ട്‌ മുതൽ 14 വരെ പുനഃസംപ്രേക്ഷണം ചെയ്യും. വിശദവിവരങ്ങൾക്ക്‌ : www.kite.kerala.gov.in.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home