പാസില്ല, പരിശോധനയില്ല; തെലങ്കാന സ്വദേശിയുടെ മരണത്തിന് ഉത്തരവാദി റെയിൽവേ

സ്വന്തം ലേഖകൻ
രാജസ്ഥാനിൽനിന്നും ട്രെയിൻ മാറിക്കയറി തിരുവനന്തപുരത്തെത്തി തെലങ്കാന സ്വദേശി മരിച്ചതിന് പിന്നിൽ റെയിൽവേയുടെ കടുത്ത അനാസ്ഥ. ജയ്‌പുരിൽനിന്ന് പ്രത്യേക ട്രെയിനിൽ മെയ് 22നാണ് തലസ്ഥാനത്ത് മരിച്ച അഞ്ജയ്(68) കേരളത്തിലെത്തിയത്.ഭാര്യക്കും രണ്ട് മക്കൾക്കും ഒപ്പം തെലങ്കാനയിലേക്ക് പോകാനാണ് ഇദ്ദേഹം ജയ്‌പുർ സ്‌റ്റേഷനിലെത്തിയത്. സ്‌റ്റേഷനിൽ ഒരു പരിശോധനയും നടത്തിയില്ല. തെലങ്കാനയിലേക്ക് പോകാനുള്ള പാസും നൽകിയില്ല. ട്രെയിൻ മാറിക്കയറിയാണ് ഇവർ തിരുവനന്തപുരത്ത് എത്തിയത്. ട്രെയിൻ വഴി വരുന്നവരുടെ വിവരം നൽകണമെന്ന് റെയിൽവേയോട് സംസ്ഥാന സർക്കാർ നിരന്തരം ആവശ്യപ്പെട്ടതാണ്. എന്നാൽ, മതിയായ പരിശോധന നടത്താതെ ആളെ കയറ്റിയ റെയിൽവേയുടെ അനാസ്ഥയാണ് അഞ്ജയും കുടുംബവും തെലങ്കാനയ്‌ക്ക് പകരം തിരുവനന്തപുരത്തെത്താൻ ഇടയാക്കിയത്.
റെയിൽവേ സ്‌റ്റേഷനിൽ കേരളം നടത്തിയ പരിശോധനയിലാണ് ഇവർക്ക് ആവശ്യമായ രേഖകളില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് എല്ലാവരെയും പൂജപ്പുര ഐസിഎംഎല്ലിൽ നിരീക്ഷണത്തിലാക്കി. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്‌ച മരിച്ചു. വ്യാഴാഴ്‌ച ലഭിച്ച പരിശോധനാഫലം പോസിറ്റീവാണ്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. കോവിഡ് മാർഗനിർദേശമനുസരിച്ച് മൃതദേഹം തെലങ്കാനയിലേക്ക് കൊണ്ടു പോകാനാകില്ല. മതാചാരങ്ങൾ പാലിച്ച് ഇവിടെ സംസ്‌കരിക്കും. ഭാര്യയും മക്കളും കുടുംബാംഗങ്ങളും പൂജപ്പുരയിൽ സർക്കാർ നിരീക്ഷണത്തിലാണ്.











0 comments