04 July Saturday

അണക്കെട്ടുകളിലെ ജലനിരപ്പ്: സർക്കാരിന്റെ സത്യവാങ്‌മൂലം തേടി

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020

കൊച്ചി
അണക്കെട്ടുകളിലെ ജലനിരപ്പ് പ്രളയ ആശങ്ക ഉണ്ടാക്കുന്നുവെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ സത്യവാങ്‌മൂലം തേടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് നൽകിയ കത്ത് സ്വമേധയാ പൊതുതാൽപ്പര്യ ഹർജിയായി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാർ ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നടപടി.

അണക്കെട്ടുകളിലെ ജലനിരപ്പ് നിയന്ത്രിക്കാത്തതുകൊണ്ടാണ് പ്രളയം ഉണ്ടായതെന്ന് പറയാനാകില്ലെങ്കിലും ജലനിരപ്പ് പ്രളയമുണ്ടാക്കാൻ ഒരു കാരണമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. അണക്കെട്ടുകളിലെ ഇപ്പോഴത്തെ ജലനിരപ്പ് ആശങ്ക ഉണ്ടാക്കുന്നതാണെന്നും അടിയന്തരനടപടി വേണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. ലോക്ക്‌ഡൗൺ പശ്ചാത്തലത്തിൽ വൈദ്യുതി ഉപയോഗം കുറഞ്ഞതിനെത്തുടർന്ന് ഉൽപ്പാദനം കുറഞ്ഞുവെന്നും ഇടുക്കിയിൽ ചില ജനറേറ്ററുകൾ പ്രവർത്തിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ദുരന്തനിവാരണ അതോറിറ്റിയെയും ജലവിഭവവകുപ്പിനെയും കേസിൽ കക്ഷി ചേർക്കാൻ കോടതി ഉത്തരവിട്ടു.

കാലവർഷം കണക്കിലെടുത്ത് എല്ലാ മുൻകരുതലും എടുത്തിട്ടുണ്ടെന്നും മെയ് 12ന് ചേർന്ന ഉന്നതതല അവലോകനയോഗം വിശദമായ പരിശോധന നടത്തിയതായും സർക്കാരും വൈദ്യുതി ബോർഡും അറിയിച്ചു. സാഹചര്യങ്ങൾക്ക് അനുസൃതമായി നടപടി  കൈക്കൊള്ളുന്നതിന് ആക്‌ഷൻ പ്ലാൻ രൂപീകരിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. ഇക്കാര്യങ്ങൾ വിശദീകരിച്ച് സത്യവാങ്‌മൂലം സമർപ്പിക്കാൻ സർക്കാർ സാവകാശം തേടി. അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നുണ്ടെന്നും അവലോകനയോഗങ്ങൾ ചേരുന്നുണ്ടെന്നും അത്‌ തുടരുമെന്നും വൈദ്യുതി ബോർഡ് അറിയിച്ചു.
 


പ്രധാന വാർത്തകൾ
 Top